23 April 2024, Tuesday

Related news

January 26, 2024
January 20, 2024
January 19, 2024
November 21, 2023
August 24, 2023
August 20, 2023
August 11, 2023
August 10, 2023
August 2, 2023
July 8, 2023

കേരളം കാർബൺ ന്യൂട്രൽ സംസ്ഥാനമാകും: മന്ത്രി പി പ്രസാദ്

Janayugom Webdesk
തിരുവനന്തപുരം
December 28, 2022 2:47 pm

വരും വർഷങ്ങളിൽ സമ്പൂർണ കാർബൺ ന്യൂട്രൽ സംസ്ഥാനമാകുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. കാർഷിക മേഖലയിലെ ഊർജ പരിവർത്തനം എന്ന വിഷയത്തിൽ ബാംഗ്ലൂർ ആസ്ഥാനമായുള്ള എനർജി മാനേജ്മെന്‍റ് സെന്‍ററും അസാർ സോഷ്യൽ ഇംപാക്‌റ്റും സംയുക്തമായി  സംഘടിപ്പിച്ച ദ്വിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കാർഷിക മേഖലയെ കാർബൺ വിമുക്തമാക്കിയും പരിസ്ഥിതി സൗഹൃദ ഊർജ ഉപഭോഗത്തിലൂടെയും ഈ നേട്ടത്തിലേക്ക് കേരളമെത്തും. ഇതിന്റെ ആദ്യ ഘട്ടമായി സംസ്ഥാന സർക്കാരിന്റെ കൃഷി ഫാമുകൾ കാർബൺ വിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കാലാവസ്ഥ വ്യതിയാനവും പാരിസ്ഥിതിക പ്രതിഭാസങ്ങളും മിത്തുകളാണെന്ന ധാരണ നമുക്കുണ്ടായിരുന്നു. എന്നാൽ പ്രളയവും ഓഖിയും നമുക്ക് പാഠമായി. സമയ പരിധി നിശ്ചയിച്ച് കാർബൺ ബഹിർഗമനവും മലിനീകരണവും ഇല്ലാതാക്കാൻ അന്താരാഷ്ട്ര ഉച്ചകോടികളിൽ രാഷ്ട്രങ്ങൾ തമ്മിൽ ധാരണയാകുന്നു. പുനരുപയോഗിക്കാവുന്ന സൗരോർജമടക്കമുള്ള ഊർജ സ്രോതസ്സുകളെ കാർഷിക മേഖലയിലടക്കം ഉപയോഗിക്കാൻ സാധിക്കണം. കാർഷികാവശ്യത്തിനുള്ള പമ്പുകളടക്കമുള്ള ഉപകരണങ്ങൾ ഊർജ ക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമാകണം. കുട്ടനാടടക്കമുള്ള കാർഷിക മേഖലകളിൽ ഉപയോഗിക്കുന്ന പരമ്പരാഗത ഉപകരണങ്ങൾക്ക് പകരം മെച്ചപ്പെട്ടത് നൽകുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കർഷകർക്കും കാലാനുസൃതമായ പരിശീലനം നൽകണമെന്നാണ് കൃഷി വകുപ്പ് ആഗ്രഹിക്കുന്നത്. പരിശീലന പരിപാടികൾക്ക് വിവിധ സ്ഥാപനങ്ങളുമായി സഹകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ശ്രീകാര്യത്ത് എനർജി മാനേജ്‌മെന്റ് കേന്ദ്ര കാര്യാലയത്തിൽ നടന്ന ചടങ്ങിൽ എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ.ആർ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. വിനുത വേണുഗോപാൽ സ്വാഗതമാശംസിച്ചു. ഗവേഷകനും ഭക്ഷ്യ നയ വിദഗ്ധനുമായ ദേവീന്ദർ ശർമ മുഖ്യ പ്രഭാഷണം നടത്തി. ഊർജ കാര്യക്ഷമത വിഭാഗം തലവൻ ജോൺസൺ ഡാനിയൽ നന്ദി പറഞ്ഞു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ , ശാസ്ത്രഞ്ജർ , എഴുത്തുകാർ , കർഷക സംഘടന പ്രതിധികൾ എന്നിവർ പങ്കെടുത്തു. ശിൽപ്പശാല നാളെ സമാപിക്കും.

Eng­lish Sum­ma­ry: Ker­ala will become a car­bon neu­tral state: Min­is­ter P Prasad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.