Monday
18 Feb 2019

പുനര്‍നിര്‍മ്മാണത്തിന് തടസം നില്‍ക്കുന്ന കേന്ദ്രനിലപാടിനെതിരെ കേരളം ഒറ്റക്കെട്ടായി നില്‍ക്കണം: കാനം

By: Web Desk | Saturday 5 January 2019 10:57 PM IST

തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനും വികസനത്തിനും തടസം നില്‍ക്കുന്ന കേന്ദ്രനിലപാടിനെതിരെ കേരളം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോയിന്റ് കൗണ്‍സില്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രളയാനന്തര പുനര്‍നിര്‍മ്മാണവും സിവില്‍ സര്‍വ്വീസും എന്ന വിഷയത്തിലുള്ള സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയസമയത്ത് കേരളത്തിനുണ്ടായ നഷ്ടം നോക്കുമ്പോള്‍ കേന്ദ്രം നല്‍കിയ തുക വളരെ തുച്ഛമാണ്.ലോകത്തിന്റെ നാനാഭാഗത്ത് നിന്നും സഹായമേകാന്‍ നിരവധിപേര്‍ മുന്നോട്ടുവന്നെങ്കിലും കേന്ദ്രനിലപാട് മൂലം അത് സ്വീകരിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞില്ല. എന്ത് രാഷ്ട്രീയമാണ് ഇതില്‍ കേന്ദ്രം കാണുന്നത്.എന്തപമാനമാണ് ഈ പണം സ്വീകരിച്ചാലുണ്ടാകുന്നതെന്നും കാനം ചോദിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ദുരന്തമുണ്ടായപ്പോള്‍ വിദേശ സഹായം സ്വീകരിച്ചു. കേരളത്തിന് മാത്രം ആ മാനദണ്ഡം ബാധകമല്ലാത്തത് എന്തുകൊണ്ടാണ് എന്നതാണ് നാം ചിന്തിക്കേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ എന്ത് നല്‍കി എന്നത് പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതാണ്. ഇത്തരം കാര്യങ്ങളില്‍ നിന്ന് സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചു വിടാന്‍ മറ്റുള്ള വിഷയങ്ങള്‍ ഉണ്ടാക്കി കേരളത്തിന്റെ ഐക്യം തകര്‍ക്കുന്ന ശ്രമമാണ് ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രളയകാലത്തുണ്ടായിരുന്ന ഐക്യം പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇല്ലാത്തതെന്തുകൊണ്ടെന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. കേരളത്തെ വീണ്ടും ഐക്യത്തിന്റെ പാതയിലേക്ക് കൊണ്ട് വരാനും കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ളത് കണക്ക് പറഞ്ഞ് വാങ്ങിക്കാനും ഒരു യോജിച്ച കൂട്ടായ്മ ഉണ്ടാവണമെന്നും കാനം പറഞ്ഞു.

പ്രളയാനന്തര കാലഘട്ടത്തില്‍ മലയാളി കാണിച്ച ഐക്യം രാജ്യമാകെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഏജന്‍സികള്‍ മാത്രമല്ല മത്സ്യത്തൊഴിലാളികളും സേവനം നടത്തി. ഈ കാലത്തെല്ലാം പ്രവര്‍ത്തനങ്ങളെ കോര്‍ത്തിണക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരും പ്രധാന പങ്ക് വഹിച്ചു. സമയനിഷ്ഠയില്ലാതെ 24 മണിക്കൂറും സര്‍ക്കാര്‍ ജീവനക്കാര്‍ കര്‍ത്തവ്യനിരതരായി. സര്‍ക്കാരിന്റെ നിലപാടുകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരാണെന്നും കാനം പറഞ്ഞു. ഇത്തരത്തിലുളള സെമിനാറുകളിലൂടെ ഉയര്‍ന്നു വരുന്ന നിര്‍ദ്ദേശങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തി മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.

Related News