കേരളം ഇന്ത്യൻ ഫുട്ബോളിന്റെ തലപ്പത്ത് നില്‍ക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാണ് എല്ലാവരും. കഴിഞ്ഞ സന്തോഷ് ട്രോഫിയില്‍ നമ്മുടെ താരങ്ങൾ കഠിനമായി പരിശ്രമിച്ച് വിജയകിരീടത്തിനടുത്തെത്തി. ഒരു ഗോളിന്റെ തോല്‍വി മാത്രമാണ് നമ്മുടെ ആകെ മത്സരത്തിലുണ്ടായത്. മത്സരം കഴിഞ്ഞപ്പോഴേക്കും ഒരുകാര്യം എല്ലാവര്‍ക്കും ബോധ്യമായി. നമ്മുടെ കളിക്കാരുടെ ഒത്തിണക്കവും സ്റ്റാമിനയും കളിമികവും ഇന്ത്യൻ ഫുട്ബോളിന് വലിയ പ്രതീക്ഷ തന്നെയാണെന്ന്. ഇന്ത്യൻ ഫുട്ബോളിലെ മെക്കയെന്നറിയപ്പെടുന്ന ബംഗാളിനെതിരെ ഇഞ്ചോടിഞ്ച് പൊരുതിത്തോറ്റ കളിക്കാരെ മാറ്റിനിര്‍ത്തി ഒരു ടീമിനെ തട്ടിക്കൂട്ടുവാനുള്ള കുറുക്ക് ബുദ്ധിയുടെ പിറകിൽ പ്രവർത്തിക്കുന്നത് ആരാണ്. സന്തോഷ് ട്രോഫിയിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നമുക്ക് കഴിയണമായിരുന്നു. എന്നാൽ നമ്മുടെ മുന്നിൽ വന്നിരിക്കുന്ന പുതിയ ചുമതല നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തത്തിന് പ്രതിവിധി കാണാതെ പതറുന്ന അസോസിയേഷനെയാണ് ഇന്ന് കാണുന്നത്. നമ്മുടെ മുമ്പിലുള്ള വലിയ ഉത്തരവാദിത്തമാണ് ദേശീയ അത്‌ലറ്റിക്ക് മീറ്ററിലേക്കുള്ള ടീമിനെ തയ്യാറാക്കുകയെന്നത്. അതിനുവേണ്ടി വയനാട്ടില്‍ നടത്തുന്ന കോച്ചിങ് ക്യാമ്പില്‍ ഉദ്ദേശിച്ച എണ്ണം കളിക്കാരില്ലാത്ത ദുരവസ്ഥയാണ് അനുഭവപ്പെട്ടത്. ഉത്തരാഖണ്ഡില്‍ ഈ മാസം 28നാണ് നാഷണല്‍ ഗെയിംസ് ആരംഭിക്കുന്നത്. 30ന് മണിപ്പൂരുമായാണ് കേരളം ആദ്യം കളിക്കേണ്ടത്. ഫെബ്രുവരി ഒന്നിന് ഡല്‍ഹിയോടും മൂന്നിന് സര്‍വീസസിനോടും കേരളം കളിക്കണം. ഗ്രൂപ്പില്‍ എല്ലാം ശക്തമായ ടീമുകളാണ്.
സന്തോഷ് ട്രോഫിയില്‍ ശക്തമായി പോരാടി ഇന്ത്യൻ ഫുട്ബോളില്‍ നന്നായി മുന്നേറിയ കളിക്കാരെ ഒരു ശക്തമായ ഗ്രൂപ്പാക്കിയിരുന്നെങ്കില് നമ്മുടെ കരുത്ത് കൂടുതല്‍ ഉപയോഗിക്കാമായിരുന്നു. ഈ കാര്യത്തിൽ അസോസിയേഷൻ കൃത്യവും കര്‍ക്കശവുമായ നിലപാട് സ്വീകരിക്കാതിരുന്നത് വീഴ്ചയാണ്. കളിയിൽ കളിക്കാരുടെ പൂർണ ശ്രദ്ധയും കളിക്കളത്തിന് പുറത്ത് അസോസിയേഷന്റെ സജീവ നിയന്ത്രണവും ഉണ്ടായിരുന്നാലെ വിജയവഴികളിലെത്തുകയുള്ളു. കെഎസ്എൽ എന്ന ആശയം അവതരിപ്പിക്കുവാനും ഫ്രാഞ്ചൈസികളെ സംഘടിപ്പിക്കുവാനും കാണിച്ച ജാഗ്രത നഷ്ടപ്പെടാതെ സൂക്ഷിക്കണം. പ്രതീക്ഷകൾ മാത്രമല്ല അവ സാക്ഷാത്കരിക്കാനുള്ള വഴികളും തേടിയിറങ്ങിയ അസോസിയേഷൻ ഭാരവാഹികൾ പുതിയ നീക്കത്തിലും കണിശത കാണിക്കണമായിരുന്നു. ഇന്ത്യൻ ഫുട്ബോളിൽ നേരിട്ട ദുരനുഭവം മാധ്യമങ്ങളോട് പങ്കവച്ച പഴയ കോച്ച് സ്റ്റീമാച്ച് പറഞ്ഞത് രാജ്യം ശ്രദ്ധിച്ചതാണ്. ടീം മുതലാളിമാർക്ക് സ്വന്തം ടീമിന്റെ ജയം മതി, രാജ്യത്തെ അവർ ശ്രദ്ധിക്കുന്നില്ല എന്നാണ് ആത്മാർത്ഥമായി പരിതപിച്ചത്. ഇന്ത്യൻ പൗരനല്ലെങ്കിലും സ്വന്തം രാജ്യം പോലെ കണക്കാക്കിയ കോച്ച് രാജ്യത്തിന്റെ നിലവിലുള്ള കരുത്ത് പ്രകടിപ്പിക്കുവാൻ ആത്മാർത്ഥമായി ശ്രമിച്ച ആളാണ്. അന്ന് കോച്ചിനെ പറഞ്ഞയച്ച എഐഎഫ്എഫ് നേതൃത്വം നേരിട്ട് പോകാൻ കൂട്ടാക്കിയില്ല. കേരളത്തിൽ കെഎഫ്എ നൂതനാശയങ്ങളുമായി ഫുട്‌ബോൾ വളർച്ചയ്ക്ക് വഴിതേടുന്നത് സന്തോഷം നൽകുന്ന കാര്യമാണ്. ചില വിഷയങ്ങളിൽ ആത്മാർത്ഥമായ തീരുമാനവും കണിശമായ ഇംപ്ലിമെന്റേഷനും അനിവാര്യമാണ്. ഇവിടുത്തെ ഏത് പ്രൊഫഷണൽ ടീമും നിയമത്തിന്റെ വരുതിയിലാണ് എന്ന് അവരെ ബോധ്യപ്പെടുത്തണം. കേരള കോച്ചിങ് ക്യാമ്പിൽ നേർപകുതിപേരെ വന്നുള്ളു.
ഫുട്‌ബോളിൽ നിയമങ്ങൾ കർശനമാണ്. അത് മെസിയായാലും നമ്മുടെ നാട്ടുകാരനായ സി കെ വിനീതായാലും നിയമം പാലിക്കണം. ഒരു കാര്യം ഉറപ്പിച്ചുപറയാൻ കഴിയും. കേരള ഫുട്ബോളിൽ കാര്യമായ ചലനങ്ങൾ കടന്നു വന്ന അവസരമാണിത്. പഴയകാലത്തെ ഓർമ്മകൾ പറഞ്ഞുകേട്ട പുതിയ തലമുറയ്ക്ക് നവ ചൈതന്യം നൽകുന്നതിനുള്ള പ്രോത്സാഹനം വിവിധ തലങ്ങളിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അന്ന് തീരെ ശ്രദ്ധിക്കാതിരുന്ന വയനാടും ഇടുക്കിയും എല്ലാം ഫുട്‌ബോൾ ഹരമാക്കിമാറ്റുകയാണ്. ആ കാര്യത്തിന് കൂടുതൽ പ്രചോദനം നൽകുന്നതാണ് സ്കൂൾ അത്‌ലറ്റ് മീറ്റുകൾ. വളർന്നു വരുന്ന തലമുറയുടെ മാർഗരേഖ തയ്യാറാക്കാൻ സ്കൂൾ ഗെയിംസിന് കഴിയും. നന്നായി പ്രകടനം നടത്തുന്ന സ്കൂളുകൾ നിരവധിയാണ്. സ്പോർട്സ് സ്കൂളുകളെക്കാൾ മുന്നിലെത്തുന്ന മറ്റു സ്കൂളുകൾ ഉണ്ട് എന്ന സത്യം നേരിട്ട് കണ്ടു കഴിഞ്ഞു. സ്പോർട്സിലും ആർട്സിലും കുട്ടികളെ വഴികാട്ടിയാക്കിയാൽ ഇന്ന് കാണുന്ന ഒരുപാട് ദുർഗുണങ്ങൾ ഇല്ലാതാക്കാം. മദ്യവും മയക്കുമരുന്നും നാട്ടിൽ യുവതലമുറയെ വഴിതെറ്റിക്കുമ്പോൾ നമുക്ക് ഉത്തമന്മാരായ യുവ സമൂഹത്തെ വളർത്തിയെടുക്കുവാൻ കലാ കായിക രംഗത്തിന് കഴിയും. സംസ്ഥാന സർക്കാറിന്റെയും സ്പോർട്സ് കൗൺസിലിന്റെയും സജീവ ശ്രദ്ധ തുടർന്നുണ്ടാകണം.
മെസി കേരളത്തിലേക്ക്
ലോകഫുട്ബോളിലെ ഇതിഹാസതാരമായ ലയണൽ മെസി കേരളത്തിൽ വരുമെന്ന പ്രഖ്യാപനം ഏറെ സന്തോഷത്തോടെയാണ് കേരളം സ്വീകരിച്ചത്. ഒരു സീസണിൽ മൂന്നു മഹോന്നത ബഹുമതികൾ നേടിയെടുത്ത ഏക ലോകതാരം മെസിതന്നെയാണ്. ഫിഫകപ്പ്, കോപ്പ അമേരിക്ക, ഫൈനലിസിമ എന്നിവ ഒരു സീസണിൽ നേടാന്‍ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. മൂന്നും സ്വന്തം രാജ്യത്തിനുവേണ്ടി നേടിയെടുത്ത മറ്റൊരുകളിക്കാരൻ ലോകത്തില്ല. അപ്പോൾ ചോദിക്കാവുന്ന സംശയം പത്തു കളിക്കാർ വേറെയുമുണ്ടല്ലോ, എന്നാണ്. പക്ഷെ, ഒരു ടീമിനെ ആകെ കർമ്മോന്മുഖമാക്കാൻ ഒരു നായകന് കഴിയും. ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയോട് തോറ്റപ്പോൾ ഒരു പ്രതിജ്ഞപോലെ മെസി പറഞ്ഞത്, ഞങ്ങൾ ഒരുമിച്ചു പരിശ്രമിച്ചു വിജയിക്കുമെന്നാണ്. ടീമിനെയാകെ എണ്ണയിട്ട യന്ത്രം കണക്കെ കർമ്മോത്സുഖമാക്കാൻ മെസിക്കുള്ള കഴിവ് മറ്റാർക്കും ഇല്ല. ഇടങ്കാൽകൊണ്ട് എതിർ ഗോൾമുഖം വിറപ്പിക്കുന്ന തന്ത്രശാലിയായ പ്രതിഭയാണ് അദ്ദേഹം. മെസിയെ കേരളത്തിൽ എത്തിക്കുവാനുള്ള തീവ്രശ്രമമാണ് കേരളം നടത്തിയത്. ഒടുവിൽ അർജന്റീന ടീം വരാമെന്ന് സമ്മതിച്ചു. എന്ന് വരുമെന്ന് ഉറപ്പിച്ചുപറയാൻ പ്രയാസമാണ്. മെസിക്കും അർജന്റീനക്കും കേരളത്തോട് വലിയ സ്നേഹമാണ്. ലോകത്ത് മെസിക്കുവേണ്ടി മനം നിറഞ്ഞ് പ്രാർത്ഥിക്കുന്ന ആരാധക സമൂഹം കേരളത്തിലാണ്. പുഴയുടെ മധ്യത്തിൽ നൂറടി ഉയരമുള്ള കട്ടൗട്ട്സ്ഥാപിച്ച ആരാധകസമൂഹം കേരളത്തിലാണ്. ലോകമാകെ അത് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. അത് ഏറ്റെടുത്ത് ലോകം മുഴുവൻ അറിയിച്ചത് അർജന്റീനയാണ്. മെസി അഭിനന്ദിച്ചതുമാണ്. പക്ഷെ, മെസിയുടെ കേരളയാത്ര ഒരുപാട് പ്രതിസന്ധി നിറഞ്ഞതാണ്. അടുത്ത് വരുമെന്ന് മന്ത്രി പറഞ്ഞതായി വാർത്തയുണ്ട്. പക്ഷെ, അവിടുത്തെ കളികളിൽ ഒഴിവു ദിവസങ്ങൾ വിരളമാണ്. ലോകകപ്പിൽ ക്വാളിഫയിങ് ഷെഡ്യൂൾ ചെയ്ത കളികൾ എല്ലാം വൈതരണിയാകും. മെസി വന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കാം. മുമ്പ് മറഡോണ വന്നിരുന്നത് കളിയിൽ നിന്ന് വിരമിച്ച ശേഷമാണ്. എന്തായാലും അർജന്റീന ഫുട്ബോൾ അസോസിയേഷൻ വരാമെന്ന് സമ്മതിച്ച സ്ഥിതിക്ക് നമുക്ക് കാത്തിരിക്കാം. ഈ അവസരത്തിൽ നമുക്ക് കേരളത്തിലെ ഫുട്‌ബോൾ രംഗത്തെ കുടുതൽ ശക്തമാക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചാൽ നന്നായിരുന്നു. ഭാവിയിൽ അത് വലിയഗുണം ചെയ്യും.
100 കോടി രൂപ ചെലവഴിച്ച് മെസിയെ കൊണ്ടുവന്നാൽ കേരളത്തിൽ ഒരു ഫുട്‌ബോൾ ചൈതന്യം തന്നെയാകും സംശയമില്ല. പറ്റുമെങ്കിൽ മെസിയോട് കളിക്കുന്ന ടീമിൽ നമ്മുടെ നാട്ടിലെ കളിക്കാരെ കളിപ്പിക്കുവാൻ മുൻകൂട്ടി പ്ലാൻ ചെയ്തു എഐഎഫ്എഫിന്റെ അനുവാദത്തോടെ ഒരു സംയുക്ത ടീമിനെ സംഘടിപ്പിക്കുവാൻ പശിശ്രമിക്കുമെങ്കിൽ നന്നായിരുന്നു. എന്തായാലും 100 കോടി അവർക്ക് കോടുക്കണം. കൂട്ടത്തിൽ ഒരു പത്തു കോടി ചെലവഴിച്ചു മൂന്നു മാസത്തെ കോച്ചിങ് ക്യാമ്പ് നടത്തിയാൽ നമ്മുടെ ഭാവിക്ക് അത് വലിയ സംഭാവനയാകും. മാത്രമല്ല, നമ്മുടെ കളിക്കാർക്ക് ലോക ഫുട്‌ബോളിന്റെ വഴികാട്ടിയുമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.