January 28, 2023 Saturday

കരുതലിന്റെ കരുത്തിൽ നാടും നഗരവും; കേരളം സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത പ്രതിരോധ പ്രവർത്തനങ്ങൾക്ക്

അനിൽകുമാർ ഒഞ്ചിയം
കോഴിക്കോട്:
March 29, 2020 8:55 pm

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യമാകെ സമ്പൂർണ്ണ ലോക്കൗട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനം ഒറ്റമനസ്സായി നാടിനുവേണ്ടി കൈകോർക്കുന്നു. സമാനതകളില്ലാത്ത അതിജീവന പ്രവർത്തനങ്ങൾക്കാണ് നാടും നഗരവും സാക്ഷ്യം വഹിക്കുന്നത്. ഒരുവശത്ത് സർക്കാരിന്റെ കർശന നിർദ്ദേശങ്ങൾ പാലിക്കുന്നതോടൊപ്പം പ്രതിരോധ പ്രവർത്തനങ്ങൾക്കും നാടാകെ ഒന്നിക്കുന്ന കാഴ്ചയാണ് എവിടേയും. വിവിധ യുവജന-സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും കലാ-സാംസ്കാരിക സംഘടനകളുമെല്ലാം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകുമ്പോൾ അത് അതിജീവനത്തിന്റെ പുതുചരിത്രം കൂടിയാവുകയാണ്.
ബോധവത്കരണ ലഘുലേഖകൾ തയ്യാറാക്കി എല്ലാവീടുകളിലുമെത്തിക്കാൻ ആരോഗ്യപ്രവർത്തകർക്കൊപ്പം സന്നദ്ധ പ്രവർത്തകരുമുണ്ട്. വിവിധ ഇടങ്ങളിൽനിന്നായി സാനിറ്റൈസറും മാസ്കും ഹാന്റ് വാഷുമെല്ലാം നിർമ്മിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നു. കുടുംബശ്രീയും സാംസ്കാരിക സംഘടനകളും മാത്രമല്ല സർവ്വീസ് പെൻഷൻകാരും വയോജന കേന്ദ്രങ്ങളുമുൾപ്പെടെ വിവിധങ്ങളായ പ്രതിരോധ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്. ആൾക്കൂട്ടം പരമാവധി ഒഴിവാക്കി ആരോഗ്യ പ്രവർത്തകർ വഴി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് എല്ലാവരും പരിശ്രമിക്കുന്നതെന്നത് ആശാവഹമാണ്.

സംസ്ഥാനത്തെ വിവിധ രാഷ്ട്രീയപാർട്ടികളുടെ യുവജനസംഘടനകൾ പ്രാദേശിക തലത്തിൽ വരെ മാസ്കും സാനിറ്റൈസറും നിർമ്മിച്ചു വിതരണം ചെയ്യുന്നുണ്ട്. വിവിധ പ്രദേശങ്ങളിലെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ മരുന്നും ഭക്ഷണവുമെല്ലാം യഥാസമയം എത്തിക്കുന്നതിനും യുവജന, കലാ-സാംസ്കാരിക സംഘടനകൾ സജീവമായി രംഗത്തുണ്ട്. മരുന്നും ഭക്ഷണവും ആവശ്യമുള്ളവർക്ക് ബന്ധപ്പെടാൻ ഫോൺ നമ്പർ ഉൾപ്പെടെ പൊതു ഇടങ്ങളിൽ പ്രദർശിപ്പിച്ചും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചും പല സംഘടനകളും ജനങ്ങളുടെ മനം കവരുകയാണ്. പ‍ഞ്ചായത്ത് കേന്ദ്രങ്ങളിലെ കമ്മ്യൂണിറ്റി കിച്ചൺ വഴി ഉണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് എത്തിക്കുന്നതിനും യുവാക്കൾ മുന്നിലുണ്ട്. യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ തന്നെയാണ് മാസ്കും സാനിറ്റൈസറുമെല്ലാം നിർമ്മിച്ച് ആരോഗ്യപ്രവർത്തകർക്കും പൊതുജനങ്ങൾക്കും കൈമാറുന്നത്. പല വനിതാ തയ്യൽ കേന്ദ്രങ്ങളും മാസ്കുകൾ നിർമ്മിച്ച് സൗജന്യമായി വിതരണം ചെയ്തു വരുന്നു.

തെരുവുകളിലും മറ്റും ഒറ്റപ്പെട്ട് കഴിയുന്നവരെ കണ്ടെത്തി ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും അവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കുന്നതിനുമെല്ലാം പൊലീസിനും ആരോഗ്യപ്രവർത്തകർക്കുമൊപ്പം യുവജനങ്ങളും രംഗത്തുണ്ട്. പ്രളയവും നിപ്പയുമെല്ലാം അതിജീവിക്കാൻ രംഗത്തിറങ്ങിയതിനേക്കാൾ വീറോടെയാണ് എല്ലായിടത്തും പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ആളുകൾ അത്യാവശ്യകാര്യത്തിനല്ലാതെ പുറത്തിറങ്ങുന്നത് തടയാൻ രാപ്പകൽ ഭേദമില്ലാതെ പൊലീസ് സേനയും ആരോഗ്യപ്രവർത്തകരും രംഗത്തുണ്ട്. വിവിധ ഗ്രാമപഞ്ചായത്തുകൾക്കു കീഴിൽ യുവജനസംഘടനാ പ്രവർത്തകരെ ഉൾപ്പെടുത്തി കോവിഡ് 19 വളണ്ടിയർസേന രൂപീകരിച്ച് അവർക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തുവരുന്നുണ്ട്. ഭക്ഷണവും മരുന്നും മറ്റ് അവശ്യവസ്തുക്കളും വീടുകളിൽ എത്തിക്കുന്നതിനായാണ് ഇത്തരത്തിൽ വളണ്ടിയർമാരെ നിയോഗിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷനും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ ഇത്തരം വളണ്ടിയാർമാരിലൂടെ വീടുകളിൽ എത്തിക്കാൻ കഴിയുമോയെന്നും ഗ്രാമ പഞ്ചായത്തുകൾ പരിശോധിക്കുന്നുണ്ട്. വിവിധ ഗ്രാമ പഞ്ചായത്തുകളിൽ വാർഡ്തലത്തിൽ പ്രവർത്തിക്കുന്ന ഇത്തരം റാപിഡ് റെസ്പോൺസ് ടീം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ നിരന്തരം സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. പല സ്ഥലങ്ങളിലും സ്കൂളുകളും മറ്റും കൊറോണ സെന്ററായും പ്രവർത്തിച്ചുവരുന്നു.

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കച്ചവടം നടക്കാതെ സാമ്പത്തികനില താറുമാറായി ബുദ്ധിമുട്ടുന്ന കച്ചവടക്കാർക്ക് ആശ്വാസമായി കടയുടമകളും പലയിടത്തും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ഉടമസ്ഥതയിലുളള കെട്ടിടമുറികൾ വാടകക്കെടുത്ത് കച്ചവടം നടത്തുന്നവർക്ക് രണ്ടും മൂന്നും മാസത്തെ വാടക പൂർണ്ണമായും ഒഴിവാക്കിക്കൊടുത്താണ് ഉടമകൾ മാതൃകയാവുന്നത്. വിവിധ നഗരസഭകളുടേയും ഗ്രാമ പഞ്ചായത്തുകളുടേയും അധീനതയിലുളള കെട്ടിടങ്ങളിൽ കച്ചവടം ചെയ്യുന്നവർക്ക് മൂന്ന് മാസത്തെ വാടകയിൽ ഇളവു നൽകാൻ പല തദ്ദേശ ഭരണ സ്ഥാപനങ്ങളും തയ്യാറായിട്ടുണ്ട്.

ഗ്രാമ‑നഗര പ്രദേശങ്ങളിലെ ഏതാണ്ടെല്ലാ കവലകളിലും പ്രധാന സ്ഥലങ്ങളിലും കൈകഴുകൽ കേന്ദ്രങ്ങൾ ഒരുക്കിയും ജനങ്ങൾ ഇടപഴകുന്ന സ്ഥലങ്ങൾ ശുചീകരിച്ചും യുവജന സംഘടനകൾ തങ്ങളുടെ പ്രതിബദ്ധത തെളിയിക്കുന്നു. പല സഹകരണ സംഘങ്ങളുടേയും കീഴിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റുകൾ ജനങ്ങളുടെ സൗകര്യാർത്ഥം ഹോം ഡെലിവറിയും ആരംഭിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ചരക്കുനീക്കം വൈകുന്നതുമൂലം കച്ചവടക്കാർ അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കുന്നത് തടയാൻ പൊതുവിതരണ വകുപ്പ് നേതൃത്വത്തിൽ കർശനമായ പരിശോധനയാണ് നടക്കുന്നത്. അമിതവില ഈടാക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നത് ജനങ്ങൾക്ക് ആശ്വാസം പകരുകയാണ്. നഗരപ്രദേശത്തെ താമസക്കാരുടെ അഭ്യർത്ഥനയെത്തുടർന്ന് കോർപ്പറേഷനുകളിലും നഗരസഭകളിലും ചില ഹോട്ടലുകൾ തുറന്ന് ആവശ്യക്കാര്‍ക്ക് പാർസലായി ഭക്ഷണം നൽകുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങൾ മുൻകയ്യെടുത്തു പ്രവർത്തിക്കുന്നു.

ENGLISH SUMMARY:Ker­ala wit­ness­es ‘cure for pre­ven­tive measures’

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.