Saturday
19 Oct 2019

കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകുമ്പോള്‍

By: Web Desk | Saturday 7 October 2017 1:13 AM IST


കെ ജി ശിവാനന്ദന്‍

കേരള ബാങ്ക് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനുള്ള തിടുക്കമാര്‍ന്ന പ്രവര്‍ത്തനത്തിലാണ് സര്‍ക്കാര്‍. സഹകരണ മേഖലയിലെ ബാങ്ക് എന്ന നിലയില്‍ കേരള ബാങ്ക് കേരള സഹകരണ ബാങ്ക് എന്ന ഔദേ്യാഗിക നാമത്തിലായിരിക്കും രൂപീകരിക്കുക. നിര്‍ദ്ദിഷ്ട ബാങ്കിന് സമൂര്‍ത്തരൂപം ഉണ്ടാകുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ ഒരു വിദഗ്ദ്ധ സമിതിയെ നിയമിച്ചത്. വിദഗ്ദ്ധ സമിതിക്ക് സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ കഴിഞ്ഞു.
2017 ഏപ്രില്‍ 28-ന് സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നബാര്‍ഡിന്റെ മുന്‍ചീഫ് ജനറല്‍ മാനേജര്‍ വി ആര്‍ രവീന്ദ്രനാഥ് അദ്ധ്യക്ഷനായ ടാസ്‌ക് ഫോഴ്‌സിന്റെ ചില ഭേദഗതിയോടുകൂടി വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭയുടെ അംഗീകാരത്തോടുകൂടി പൊതു ചര്‍ച്ചകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി അന്തിമ റിപ്പോര്‍ട്ടായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
ഇന്നത്തെ സാഹചര്യത്തില്‍ കേരളം വ്യാപകാതിര്‍ത്തിയായിട്ടുള്ളതും സംസ്ഥാനത്തിന് പുറത്തും ബിസിനസ് നടത്താവുന്നതുമായ ഒരു ബാങ്കിന്റെ ആവശ്യകത തള്ളിക്കളയാവുന്നതല്ല. കേരളത്തിന്റെ സ്വന്തം വാണിജ്യബാങ്കായിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ചതിനെ തുടര്‍ന്നുണ്ടായ ശൂന്യത നിലനില്‍ക്കുന്നു. കൂടാതെ തൃശൂര്‍ ആസ്ഥാനമാക്കി ലൈസന്‍സ് ലഭിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ള ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ കടന്നു വരവ് കേരളീയ സഹകരണ മേഖലയെ പ്രതികൂലമായി ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഒരു പുതിയ ബാങ്കായി കേരള സഹകരണ ബാങ്ക് രൂപീകരിക്കപ്പെടുന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്.
സംസ്ഥാന സഹകരണ ബാങ്കുകളുടെ ദേശീയ ഫെഡറേഷനായ നഫ്‌സ്‌കബ് നല്‍കുന്ന സൂചനയനുസരിച്ച് രാജ്യത്ത് 19 സംസ്ഥാനങ്ങളില്‍ ത്രിതല സംവിധാനവും മറ്റ് 10 ഇടങ്ങളില്‍ ദ്വിതല സംവിധാനവുമാണുള്ളത്. പുതിയ ബാങ്കിന്റെ വരവോടുകൂടി ദ്വിതല സമ്പ്രദായമായി മാറും.
സംസ്ഥാനത്തെ സഹകരണ വായ്പ മേഖല ദൃഢവും, വിഭവകാര്യത്തില്‍ സ്വയം പര്യാപ്തവുമാണ്. എന്നാല്‍ സഹകരണ ബാങ്കുകളിലെ നിക്ഷേപ-വായ്പാനുപാതം ഓരോ വര്‍ഷംതോറും കുറഞ്ഞുവരികയാണ്. ആര്‍ബിഐ പ്രഖ്യാപിച്ചിട്ടുള്ള ഇപ്പോഴുള്ള നിരക്കനുസരിച്ച് സഹകരണ ബാങ്കുകള്‍ നിക്ഷേപത്തിന്റെ 4 ശതമാനം കരുതല്‍ധന അനുപാതമായും 20 ശതമാനം സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ ആയും സൂക്ഷിച്ചശേഷം മിച്ചമുള്ള 76 ശതമാനം നിക്ഷേപം വായ്പയ്ക്കായി നീക്കി വെയ്ക്കാവുന്നതാണ്. നീക്കി വെയ്ക്കപ്പെട്ട വായ്പാതുക ഈ ഇനത്തില്‍ ചെലവഴിക്കാന്‍ കഴിയാതെ വരുമ്പോള്‍ ഈ തുക മിച്ചനിക്ഷേപമായി കുറഞ്ഞ പലിശ നിരക്കില്‍ ഫെഡറല്‍ സംഘത്തിലോ മറ്റ് ബാങ്കുകളിലോ നിക്ഷേപിക്കുവാന്‍ നിര്‍ബന്ധിതമാകുന്നു. ഇത് വരുമാന നഷ്ടത്തിന് ഇടവരുത്തുന്നു. നിക്ഷേപ വര്‍ദ്ധനവിനനുസരണമായി വായ്പകള്‍ വര്‍ദ്ധിക്കാത്തതിന് രണ്ട് പ്രധാന കാരണങ്ങളാണുള്ളത്. കൊടുക്കുന്ന വായ്പകള്‍ക്ക് ഈടാക്കുന്ന പലിശ നിരക്ക് ഉയര്‍ന്നതാണ്. മറ്റൊരു കാര്യം അശാസ്ത്രീയമായ വായ്പാ നിര്‍ണ്ണയ രീതിയാണ്.
ബാങ്കിങ് മേഖലയിലെ മൊത്തം നിക്ഷേപത്തിന്റെ 32.20 ശതമാനം വിദേശ ഇന്ത്യക്കാരുടെ നിക്ഷേപമാണ്. സഹകരണ ബാങ്കുകളില്‍ ഈ ഇനത്തിലുള്ള നിക്ഷേപം ഇല്ലായെന്നത് നിരാശാ ജനകമായ കാര്യമാണ്. നിര്‍ദ്ദിഷ്ട ബാങ്ക് വരുന്നതോടുകൂടി റിസര്‍വ്വ് ബാങ്കിന്റെ അനുവാദത്തോടുകൂടി വിദേശ ഇന്ത്യക്കാരുടെ നിക്ഷേപം സ്വീകരിക്കാവുന്ന സ്ഥിതി ഉണ്ടാകും. ചുരുങ്ങിയത് 20 ശതമാനം തുകയെങ്കിലും ഈ ഇനത്തില്‍ ശാഖകളിലൂടെയുള്ള അക്കൗണ്ട് വഴി ശേഖരിക്കാന്‍ സാധിക്കും. ആര്‍ബിഐയുടെ അനുവാദവും സര്‍ക്കാരിന്റെ തീരുമാനവും ഉണ്ടായാല്‍, സരക്കാരിന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്ലാന്‍ ഫണ്ടുകളും പുതിയ ബാങ്കിലെ കറന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കാനാകും. ഇതു സാധിച്ചാല്‍ പലിശ ചെലവില്ലാതെ 15 – 20 ശതമാനം നിക്ഷേപ വര്‍ദ്ധനവ് ഉണ്ടാക്കാനാകും.
കേരള ബാങ്കിന് എന്‍ആര്‍ഐ. നിക്ഷേപങ്ങള്‍ക്കൊപ്പം മറ്റ് വിധത്തിലും കരുത്ത് വര്‍ദ്ധിപ്പിക്കാനാകും. അതില്‍ പ്രധാനപ്പെട്ടതാണ് സിഎ/എസ്എ. (കറന്റ് അക്കൗണ്ട് / സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപത്തിലുള്ള വരുമാനം. ഈ ഇനത്തിലുള്ള നിക്ഷേപം 20 – 25 ശതമാനമായി ഉയര്‍ന്നാല്‍ വാണിജ്യബാങ്കുകളോട് മത്സരിക്കുവാനും കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുന്നതിനും കഴിയും. നിക്ഷേപ-വായ്പാനുപാതം 65-70 ശതമാനത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യാം. ഇതോടൊപ്പം ട്രേഡിങ് മേഖലയിലും കടപ്പത്ര മ്യൂച്ചല്‍ഫണ്ട് ഇനത്തിലും പണം ഇറക്കിക്കൊണ്ട് ബിസിനസ് നടത്തുകയുമാകാം.
ഒരു ലക്ഷം കോടി രൂപ ബിസിനസ് ഉളളതും 800-ല്‍ പരം ശാഖകള്‍ ഉള്ളതും നിക്ഷേപകര്‍ക്കും വായ്പക്കാര്‍ക്കും സംസ്ഥാനത്ത് എവിടെയും അവരുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതുമായ ഒരു വലിയ ആധുനിക സംവിധാനത്തിലുള്ള ബാങ്കായി മാറും നിര്‍ദ്ദിഷ്ട കേരള സഹകരണ ബാങ്ക്.
പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളുടെ വളര്‍ച്ചയ്ക്ക് സഹായകരമായ വിധത്തിലായിരിക്കും നിര്‍ദ്ദിഷ്ട ബാങ്കിന്റെ പ്രവര്‍ത്തനമെന്ന് ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രാഥമിക സര്‍വ്വീസ് സഹകരണ ബാങ്കുകളില്‍ അംഗങ്ങളല്ലാത്തവര്‍ക്കോ, പ്രാഥമിക ബാങ്കുകളുടെ സേവനം ലഭ്യമാക്കാന്‍ സാദ്ധ്യതയില്ലാത്തവര്‍ക്കോ മാത്രമായി പുതിയ ബാങ്കിന്റെ സേവനം പരിമിതപ്പെടുത്തുമെന്നാണ് പറയുന്നത്. പ്രാഥമിക ബാങ്കുകള്‍ക്ക് ആവശ്യമായ വിധത്തില്‍ സാമ്പത്തികവും സാങ്കേതികവുമായ സഹായം നല്‍കുമെന്നും വ്യക്തമാക്കുന്നു. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് പുറമെ ക്ഷീരം, റബര്‍, കയര്‍, കണ്‍സ്യൂമര്‍, ലേബര്‍ തുടങ്ങിയ സംഘങ്ങള്‍ക്കും സാമ്പത്തിക സഹായത്തിനായി പുതിയ ബാങ്കിനെ സമീപിക്കാവുന്നതാണ്. ഇതു വളരെ നല്ല കാര്യമാണെങ്കിലും മുന്‍ അനുഭവം പാഠമാക്കേണ്ടത് ആവശ്യമാണ്. റബര്‍ അധിഷ്ഠിത വ്യവസായം നടത്തുന്ന റബ്‌കോയ്ക്ക് സംസ്ഥാന സഹകരണ ബാങ്ക് നല്‍കിയ കോടിക്കണക്കിന് വരുന്ന വായ്പ സംഖ്യ പലിശയും മുതലുമായി കുമിഞ്ഞുകൂടി തിരിച്ചടവില്ലാതെ കിട്ടാക്കടമായി കിടക്കുകയാണ്. കണ്‍സ്യൂമര്‍ ഫെഡ്, മാര്‍ക്കറ്റ് ഫെഡ്, എന്നീ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ വായ്പകളുടെ സ്ഥിതിയും ഇതു തന്നെയാണ്. സംസ്ഥാന സഹകരണ ബാങ്കിന്റെ സഞ്ചിത നഷ്ടം ഇത്രയും ഉയര്‍ന്നതില്‍ ഇത് ഒരു പ്രധാന കാരണമാണ്.
സഹകരണ മേഖല ഇപ്പോഴുള്ളതില്‍ നിന്ന് ദ്വിതല സംവിധാനത്തിലേക്ക് മാറുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. ജില്ലാ സഹകരണബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും, സഹകരണ നിയമപ്രകാരം, ഇന്‍ഷേഡ് ബാങ്കുകളും റിസര്‍വ്വ് ബാങ്ക് ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളുമായതിനാല്‍ ദ്വിതല സംവിധാനത്തിലേക്ക് മാറുന്നതിന് ആര്‍ബിഐയുടെ അനുവാദം ആവശ്യമാണ്. സംസ്ഥാനത്തെ സഹകരണ മേഖലയിലെ ഏക ഷെഡ്യൂള്‍ഡ് ബാങ്കായ കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സഞ്ചിത നഷ്ടം 341 കോടി രൂപയാണ്. നഷ്ടത്തില്‍ പോകുന്ന ബാങ്കിന് നിലനില്‍പ്പിനു വേണ്ടി സഹകരണ ബാങ്കുകളുമായി ലയിക്കുകയും അവയുടെ ആസ്തി-ബാധ്യതകള്‍ സംസ്ഥാന സഹകരണ ബാങ്കിന് കൈമാറുന്നതുമായ ഒരു നിര്‍ദ്ദേശം ആര്‍.ബി.ഐ.യുടെ മുമ്പാകെ വയ്ക്കാവുന്നതാണ്. അങ്ങനെ ചെയ്യുകയാണെങ്കില്‍ ആര്‍ബിഐ ഈ നിര്‍ദ്ദേശം നിരസിക്കാന്‍ സാധ്യതയില്ല. സംസ്ഥാന – ജില്ലാ സഹകരണ ബാങ്കുകള്‍ സംയോജിപ്പിച്ച് ഒരു പുതിയ സഹകരണ ബാങ്ക് രൂപീകരിക്കുകയെന്നത് സങ്കീര്‍ണവും ദുഷ്‌കരവുമാണ്. ഒരു പുതിയ സംസ്ഥാന സഹകരണ ബാങ്കിന് ലൈസന്‍സ് ലഭിക്കുവാന്‍ നിരവധി യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുമുണ്ട്. അതിനുപരിയായി പുതിയതായി ലൈസന്‍സ് ലഭിക്കുന്ന സഹകരണ ബാങ്കിന് ഷെഡ്യൂള്‍ഡ് പദവി ലഭിക്കണമെന്നില്ല. അതിനാല്‍ ഷെഡ്യൂള്‍ഡ് ബാങ്കായ സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ സഹകരണ ബാങ്കുകള്‍ ലയിപ്പിക്കുകയും അവയുടെ ആസ്തി-ബാധ്യതകള്‍ സംസ്ഥാന സഹകരണ ബാങ്കിന് കൈമാറുകയും ചെയ്യുക എന്നതാണ് അഭികാമ്യം. അങ്ങനെയൊരു സാഹചര്യത്തില്‍ കേരള സംസ്ഥാന സഹകരണ ബാങ്ക് ഷെഡ്യൂള്‍ഡ് ബാങ്കായി ആര്‍ബിഐ ലൈസന്‍സോടുകൂടി നിലനില്‍ക്കുന്നതിനാല്‍ പുതിയ ലൈസന്‍സിന്റെ ആവശ്യം ഉണ്ടാകുന്നില്ല.
കേരള സഹകരണ ബാങ്കിന്റെ നിക്ഷേപത്തിലും ഓഹരി മൂലധനത്തിലും സിംഹഭാഗവും വഹിക്കുന്ന പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ക്ക് മാത്രം വോട്ടവകാശമുള്ള അംഗത്വം നല്‍കുന്നതിലൂടെ അവയുടെ നിക്ഷേപവും ഓഹരി പണവും സുരക്ഷിതമാകുന്ന തീരുമാനങ്ങള്‍ എടുക്കുവാന്‍ സഹായകരമായ സാഹചര്യങ്ങള്‍ സംജാതമാകും.
ആധുനിക ഇലക്‌ട്രോണിക് ബാങ്കിങ് രംഗത്ത് കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല ഇനിയും ബഹുദൂരം മുന്നോട്ട് പോകേണ്ടതുണ്ട്. 2014 മുതലാണ് സംസ്ഥാന സഹകരണ ബാങ്കും ജില്ലാ ബാങ്കുകളും കോര്‍-ബാങ്കിങ് സംവിധാനത്തില്‍ വന്നിട്ടുള്ളത്. ഉപയോഗിച്ചിട്ടുള്ള കോര്‍ ബാങ്കിങ് സോഫ്റ്റ്‌വെയറുകള്‍ വ്യത്യസ്തവുമാണ്. പുതിയ ബാങ്ക് നിലവില്‍ വന്നാല്‍ 800-ല്‍ പരം ശാഖകളും ഒരു സോഫ്റ്റ് വെയറിലൂടെ ബന്ധിപ്പിക്കാനാകും. ഇടപാടുകാരെ ഡിജിറ്റല്‍ ബാങ്കിങിലേക്ക് ആകര്‍ഷിക്കാനാകും. ഡിബിടി സേവനങ്ങള്‍, എടിഎം സേവനങ്ങള്‍, ആര്‍ടിജിഎസ്, എന്‍ഇഎസ്ടി തുടങ്ങിയ ഫണ്ട് ട്രാന്‍സ്ഫര്‍ സിസ്റ്റം, എഇപിഎസ് (ആധാര്‍ അധിഷ്ഠിതമായ സേവനങ്ങള്‍) എന്നീ ആധുനിക സേവന മേഖലയിലൂടെ വ്യക്തികളില്‍നിന്നുള്ള സേവിങ്‌സ് ബാങ്ക് നിക്ഷേപം കൊണ്ടുവരാനാകും. ഉദ്ദേശം മൊത്തം നിക്ഷേപത്തിന്റെ 10 – 15 ശതമാനമെങ്കിലും ഈ വിധത്തില്‍ ഉയര്‍ത്താനാകും. സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ കേരള സഹകരണ ബാങ്കിന്റെ വോട്ടവകാശമുള്ള അംഗങ്ങളായി മാറുന്നതോടുകൂടി അവയുടെ ശാഖകളിലൂടെയും സഹകരണ നെറ്റ്‌വര്‍ക്ക് സംവിധാനം വിപുലപ്പെടുത്താവുന്നതാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇലക്‌ട്രോണിക് സംവിധാനം ഫലപ്രദമായി നടപ്പിലാക്കുന്നതിലൂടെ സിബിഎസ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം, മൊബൈല്‍ ബാങ്കിങ്, ചെക്ക് ട്രങ്കണ്‍ സിസ്റ്റം തുടങ്ങിയ മുപ്പതില്‍പരം സേവനങ്ങള്‍ ഇടപാടുകാര്‍ക്ക് ലഭ്യമാക്കാനാകും.
മനുഷ്യവിഭവശേഷിവിനിയോഗിക്കുന്ന കാര്യത്തില്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്. ഇത് ഏറെ ഭയവിഹ്വലരാക്കുന്നത് ജില്ലാ ബാങ്ക് ജീവനക്കാരെയാണ്. ജില്ലാ ബാങ്കുകളില്‍ നിലവില്‍ ജോലിചെയ്യുന്ന 6098 പേരും കെഎസ്‌സി ബാങ്കില്‍ ജോലിചെയ്യുന്ന 293 പേരും ഉള്‍പ്പെടെ മൊത്തം 6391 ജോലിക്കാരുടെ തൊഴില്‍ സൂരക്ഷ ഉറപ്പാക്കുന്നതിനുള്ള ബാദ്ധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. പുനഃക്രമീകരിക്കുമ്പോള്‍ ജില്ലകളില്‍ 15 മുതല്‍ 20 വരെ ശാഖകള്‍ മതിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ നിലവിലുള്ള ജില്ലാ ബാങ്കുകളുടെ 783 ശാഖകളില്‍ 500 ലധികം ബ്രാഞ്ചുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാകും. ജീവനക്കാരില്‍ 5000 ത്തിലധികം പേര്‍ തൊഴില്‍ രഹിതരാകും. ഇതു കൂടാതെ പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ പ്രതീക്ഷ അസ്തമിക്കും. ഇതൊരിക്കലും അനുവദിക്കാനാവില്ല. എസ്ബിടി ഇല്ലാതായതിന്റെ അനുഭവം നമുക്കുമുന്നിലുണ്ട്. നിരവധി ശാഖകള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നു. 6600 ലധികം ജീവക്കാരെ വിആര്‍എസിലൂടെയും മറ്റും ഒഴിവാക്കുകയുണ്ടായി. പുതിയ ബാങ്കിന്റെ വരവിലൂടെ ഒരു ജീവനക്കാരന്റെയും തൊഴില്‍ നഷ്ടപ്പെട്ടുകൂടാ. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. ശ്രീറാം കമ്മിറ്റിയുടെ പ്രഥമറിപ്പോര്‍ട്ടില്‍ മൂന്ന് മേഖലാ കമ്മിറ്റികളാണ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും അന്തിമ റിപ്പോര്‍ട്ടില്‍ റീജിയേണല്‍ കമ്മിറ്റികളുടെ എണ്ണം ഏഴ് ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഭൂമി ശാസ്ത്രപരമായ പ്രതേ്യകതകളും പ്രവര്‍ത്തനാനുഭവവും കണക്കിലെടുത്ത് ജില്ലാടിസ്ഥാനത്തില്‍ 14 റീജിയേണല്‍ കമ്മിറ്റികള്‍ ഉണ്ടാകണം. ഈ റീജിയണല്‍ കമ്മിറ്റികള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചുകളുടെ എണ്ണം നിലവിലുള്ളത് തുടരുകയും വേണം. ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാത്ത വിധത്തില്‍ പരിഷ്‌ക്കരിക്കാവുന്നതുമാണ്. ആധുനിക ബാങ്കിങ് സംവിധാനത്തിനിണങ്ങും വിധത്തില്‍ ജീവനക്കാരെ നിരന്തരമായട്രെയിനിങുകളിലൂടെ പ്രാപ്തരും വിദഗ്ധരുമാക്കി മാറ്റിയെടുക്കാവുന്നതുമാണ്.
റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത് 22 അംഗങ്ങളുടെ ഭരണസമിതിയാണ്. പരിണതപ്രജ്ഞനായ ചീഫ് എക്‌സീക്യൂട്ടീവ് ഓഫീസറും പ്രാഥമികസഹകരണ സംഘങ്ങളുടെ പ്രതിനിധികളായിവരുന്ന 14 ഡയറക്ടര്‍മാരും അപ്പക്‌സ് സഹകരണ സംഘങ്ങളുടെ പ്രതിനിധികളായിവരുന്ന രണ്ട് പേരും മൂന്ന് വിദഗ്ദന്‍മാരും സര്‍ക്കാരിന്റെയും നബാര്‍ഡിന്റെയും സഹകരണവിഭാഗത്തില്‍ നിന്നുള്ള രണ്ട് പേരെയുമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. സ്ത്രീ സംവരണവും പട്ടികജാതി പട്ടികവര്‍ഗ സംവരണത്തെയും കുറിച്ച് റിപ്പോര്‍ട്ട് മൗനം പാലിക്കുകയാണ്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം ഉണ്ടാകണം.
കെസിഎസ് ആക്ടില്‍ വകുപ്പ് രണ്ടില്‍ ഡിസിബികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍വചനം നീക്കം ചെയ്യുകയും കെഎസ്‌സി ബാങ്കിന്റെ നിര്‍വചനത്തില്‍ ഭേദഗതിവരുത്തുന്നതോടെ കേരള സഹകരണബാങ്ക് ജന്മംകൊള്ളും. കോര്‍പ്പറേറ്റ്‌വത്ക്കരണത്തിന്റെ നിറവും രുചിയും കലര്‍ന്ന നിരവധി നാമനിര്‍ദേശങ്ങള്‍ ശ്രീറാം കമ്മിറ്റി മുന്നോട്ട് വയ്ക്കുന്നുണ്ട്. അതെല്ലാം ചികഞ്ഞുമാറ്റി പ്രൊഫഷണലിസം കൈവിടാതെ സാമൂഹ്യ പ്രതിബദ്ധതയും സാധാരണക്കാരായ ജനങ്ങളുടെ താല്‍പര്യങ്ങളും പരിഹരിക്കുന്നവിധം നിലപാട് സ്വീകരിക്കുവാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനാകണം.

Related News