സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോഴിക്കോട് കിരീടം ചൂടുന്നത് 19-ാം തവണ

Web Desk
Posted on January 10, 2018, 9:15 pm

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തില്‍ കോഴിക്കോട് ജില്ല കിരീടം ചൂടുന്നത് 19-ാം തവണ. 2007 മുതല്‍ തുടര്‍ച്ചയായി ഇത് പന്ത്രണ്ടാം തവണയാണ് ജില്ല കിരീടം ചൂടി കലോത്സവ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡിട്ടത്. സമീപകാലത്തൊന്നും തകര്‍ക്കാന്‍ പറ്റാത്ത നേട്ടമാണിത്. പത്തരമാറ്റ് പതക്കം ധരിച്ച് പൂരത്തിന്റെ നാട്ടില്‍ നിന്നും ഉപചാരം ചൊല്ലി പിരിയുമ്പോള്‍ കോഴിക്കോടിന് അഭിമാനിക്കാന്‍ ഏറെ. വീണ്ടും വീണ്ടും സ്വര്‍ണക്കപ്പില്‍ മുത്തമിടുന്നതിന് പിന്നില്‍ കൗമാര പ്രതിഭകളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒത്തൊരുമിച്ചുള്ള പ്രയത്‌നമാണ്.
1959 ലെ ചിറ്റൂര്‍ കലോത്സവത്തിലൂടെയാണ് കോഴിക്കോട് കിരീട നേട്ടത്തിന് തുടക്കം കുറിച്ചത്. പിന്നീട് 1991, 92, 93 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷം കിരീടം നേടി. ഇടവേളയ്ക്ക് ശേഷം 2004 മുതല്‍ തുടര്‍ച്ചയായി പന്ത്രണ്ട് വര്‍ഷം കിരീടം കൈപ്പിടിയിലൊതുക്കുകയും ചെയ്തു. 2007 ലെ കണ്ണൂരിലെ കലോത്സവം, 2008 ലെ കൊല്ലം മേള, 2009 ലെ തിരുവനന്തപുരം മേള, 2010 ലെ കോഴിക്കോട് മേള, 2011 ലെ കോട്ടയം മേള, 2012 ലെ തൃശൂര്‍ മേള, 2013 ലെ മലപ്പുറം മേള, 2014 ലെ പാലക്കാട് മേള, 2015 ലെ കോഴിക്കോട് മേള, 2016 ലെ തിരുവനന്തപുരം മേള, 2017 ലെ കണ്ണൂര്‍ മേള എന്നിവയിലെല്ലാം അപ്രമാദിത്വം അരക്കിട്ടുറപ്പിച്ചു.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഏഴു തവണ ആതിഥേയരായെന്ന സവിശേഷതയും കോഴിക്കോടിനുണ്ട്. കോഴിക്കോട് നടക്കുന്ന കലോത്സവങ്ങള്‍ ഏറെ പുതുമകള്‍ ഉള്ളതായിരുന്നു. 1976ലെ കോഴിക്കോട് മേളയോടനുബന്ധിച്ചാണ് സാംസ്‌കാരിക ഘോഷയാത്ര തുടങ്ങിയത്. 1987 ലെ കോഴിക്കോട്ടെ മേള മുതലാണ് ചാംപ്യന്മാരാകുന്ന ജില്ലക്ക് സ്വര്‍ണക്കപ്പ് ഏര്‍പ്പെടുത്തിയത്. പാലക്കാടും കോഴിക്കോടും തൃശൂരിലും നടന്ന മേളകളില്‍ കോഴിക്കോടിന് വെല്ലുവിളി ഉയര്‍ത്തിയത് പ്രധാനമായും പാലക്കാട് ജില്ലയാണ്. 2015ല്‍ ഇരു ജില്ലകളും കപ്പ് പങ്കിടുകയായിരുന്നു.

കലോത്സവ ജേതാക്കളെ മുഖ്യമന്ത്രി അനുമോദിച്ചു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി പന്ത്രണ്ടാം തവണയും കിരീടം നേടിയ കോഴിക്കോടിന് അനുമോദനങ്ങള്‍. കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും മത്സരിക്കുകയും ചെയ്ത എല്ലാവരേയും അഭിനന്ദിക്കുന്നു. പുതിയ മാന്വല്‍ പ്രകാരം നടത്തിയ കലോത്സവം കൂടുതല്‍ ആരോഗ്യകരമായ മത്സരം സംഘടിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. അനഭിലഷണിയ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ഇത്തരം നടപടികള്‍ ഭാവിയിലും തുടരും.