Web Desk

December 27, 2020, 6:41 am

ഭീതിയുടെയും ആശങ്കകളുടെയും വര്‍ഷത്തില്‍ കോവിഡിനെയും നേരിട്ട കേരളത്തിന്റെ കേമത്തം

Janayugom Online

ഇന്ത്യയില്‍ ആദ്യം കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. ജനുവരി 30ന് ചൈനയിലെ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിയിലാണ് ആദ്യം രോഗബാധ കണ്ടെത്തിയത്. ഫെബ്രുവരി മാസത്തില്‍ ഒരു ദിവസത്തെ വ്യത്യാസത്തില്‍ ആലപ്പുഴയിലും കാസര്‍കോടും ഓരോ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ചൈനയെ കൂടാതെ ലോകരാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഇത്. ചെറിയ രീതിയില്‍ ഭീതിയുണ്ടായെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയോജിതമായ ഇടപെടലിലൂടെ ആദ്യഘട്ടത്തില്‍ തന്നെ കോവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കേരളത്തിനായി. ഫെബ്രുവരി 19നാണ് കുടുംബത്തിലെ അഞ്ച് പേരിലൂടെ സംസ്ഥാനത്ത് രണ്ടാംഘട്ട രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആദ്യ രണ്ടു ഘട്ടങ്ങളിലും കേരളം ഒന്നിച്ചു നിന്ന് കോവിഡിനെ പരാജയപ്പെടുത്തിയ കാഴ്ചയാണ് നാം കണ്ടത്. കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിനെയും മന്ത്രി കെ കെ ശൈലജയെയും ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ ഇതിനായി.

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട പേരാണ് കെ കെ ശൈലജയുടേത്. പ്രമുഖ അന്താരാഷ്ട്ര മാസികയായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ 2020ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയില്‍ ആരോഗ്യമന്ത്രി ശൈലജ ഇടം നേടി. കമലാ ഹാരിസ്, ആംഗേല മെര്‍ക്കല്‍, ജസിന്ത ആര്‍ഡെണ്‍, സ്‌റ്റേസി അംബ്രോസ് തുടങ്ങിയ പന്ത്രണ്ടോളം ശക്തരായ വനിതകളുടെ കൂട്ടത്തിലാണ് കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി ഇടം നേടിയത്. ജൂണ്‍ 23ന് പൊതുപ്രവർത്തക ദിനത്തി​​​ന്റെ ഭാഗമായി കോവിഡ്​ വിരുദ്ധ പോരാട്ടങ്ങൾക്ക്​ ശക്തി നൽകിയ പൊതുപ്രവർത്തകർക്കുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ആദരത്തിലും കെ കെ ശൈലജ ഉള്‍പ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ചിന്തകരുടെ പേര് കണ്ടെത്താനായി ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിന്‍ നടത്തിയ സര്‍വേയില്‍ ആരോഗ്യവകുപ്പ് മന്ത്രി ഒന്നാം സ്ഥാനത്തെത്തി. കോവിഡ്-19 കാലത്ത് ലോകത്തെ മാറ്റിമറിച്ച മികച്ച 50 പേരില്‍ നിന്നാണ് ശൈലജ ടീച്ചര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേനെ പിന്തള്ളിക്കൊണ്ടായിരുന്നു ഈ നേട്ടം.

പഴുതടച്ച പ്രതിരോധമായിരുന്നു കോവിഡിന്റെ ആദ്യ ഘട്ടം മുതൽ ആരോഗ്യവകുപ്പ് സ്വീകരിച്ച പ്രധാന നടപടി. രോഗബാധിതരായ മുഴുവൻ വ്യക്തികളെയും കണ്ടെത്താനും അവരുമായി ബന്ധപ്പെട്ട മുഴുവൻ പ്രൈമറി കോൺടാക്ടുകളും സെക്കൻഡറി കോൺടാക്ടുകളും കണ്ടെത്താനുള്ള ശ്രമമാണ് രോഗവ്യാപനത്തെ തടഞ്ഞുനിർത്താൻ ഏറ്റവും ഉപകരിച്ചത്. പുറമേ നിന്നു വരുന്നവരെ നിയന്ത്രിക്കണമെന്ന് കേന്ദ്രസർക്കാർ പറയുന്നതിന് ഏഴു ദിവസം മുൻപ് തന്നെ കേരളം അത് ആരംഭിച്ചിരുന്നു. പുറമെനിന്നെത്തിയവരിൽ നിന്നാണ് രണ്ടാംഘട്ട വ്യാപനമുണ്ടായത്. ഇവരെ കണ്ടെത്തി ക്വാറന്റൈൻ ചെയ്തു. വീട്ടുകാരുടെ മാനസിക പിന്തുണ ഉറപ്പാക്കാൻ ഇൻസ്റ്റിറ്റ്യൂഷന്‍ ക്വാറന്റൈനേക്കാൾ ഹോം ക്വാറന്റൈന് പ്രധാന്യം നൽകി. ക്വാറന്റൈനിലുള്ളവരെ ആരോഗ്യവകുപ്പ് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഇതിലൂടെ രോഗലക്ഷണമുള്ളവരെ അതിവേഗം മാറ്റാനും രോഗവ്യാപനം കുറയ്ക്കാനും കഴിഞ്ഞു. മടങ്ങിവരവിനാഗ്രഹിക്കുന്ന പ്രവാസികളെയും കേരളം ചേർത്തുനിർത്തി. പ്രവാസികളെ വിമാനത്താവളങ്ങളിൽ സ്ക്രീൻ ചെയ്യാനും രോഗലക്ഷണമുള്ളവരെ ക്വാറന്റൈൻ ചെയ്യാനും അല്ലാത്തവരെ ഹോം ക്വാറന്റൈനിൽ അയക്കാനുമുള്ള വിശദമായ പദ്ധതി കേരളം തയ്യാറാക്കി.

കോവിഡ് ഒരു ആരോഗ്യപ്രശ്‌നം മാത്രമല്ല, സാമൂഹിക‑സാമ്പത്തിക പ്രശ്‌നം കൂടിയാണ്. പല രാജ്യങ്ങളിലും മിക്ക സംസ്ഥാനങ്ങളിലും രോഗികള്‍ക്ക് പൊതുജനാരോഗ്യസംവിധാനം ദുര്‍ബലമായതുകൊണ്ട് ചികിത്സയ്ക്കായി സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവരുന്നു. പല സംസ്ഥാനങ്ങളില്‍നിന്നും സ്വകാര്യമേഖല ഈടാക്കുന്ന അമിത ചികിത്സാഫീസിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കയാണ്. രോഗികളും ബന്ധുക്കളും വലിയ സാമ്പത്തികബാധ്യതയാണ് നേരിടുന്നത്. എന്നാല്‍, കേരളത്തിലാവട്ടെ സര്‍ക്കാര്‍ ആശുപത്രികളില്‍ പൂര്‍ണമായും സൗജന്യചികിത്സയാണ് നല്‍കുന്നത്. കോവിഡ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും രോഗികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്നുണ്ട്.

കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്ക് സര്‍ക്കാരുമായി സഹകരിക്കുന്നുണ്ട്. കാരുണ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി കൂടുതല്‍ ആശുപത്രികള്‍ സര്‍ക്കാരുമായി കൈകോര്‍ത്തു. കാസ്പ് ഗുണഭോക്താക്കള്‍ക്കും സര്‍ക്കാര്‍ റഫര്‍ചെയ്യുന്ന കോവിഡ് രോഗികള്‍ക്കും എം പാനല്‍ചെയ്ത സ്വകാര്യ ആശുപത്രികളില്‍നിന്ന് സൗജന്യചികിത്സ ലഭിക്കും. കോവിഡ് ചികിത്സയ്ക്ക് മാത്രമായി താത്കാലിക എം പാനല്‍മെന്റ് സൗകര്യം ആരംഭിച്ചിട്ടുണ്ട്.

കോവിഡ് പോരാട്ടത്തിൽ കേരളത്തിനെ മാതൃകാപരമായ ദിശയിലേക്ക് നയിച്ചതിൽ പ്ര‍ധാനപങ്ക് വഹിച്ചത് ദിശ‑1056 ആരോഗ്യഹെൽപ്പ് ലൈൻ സംവിധാനമാണ്. 2013 മാർച്ചിലാണ് ദിശ 1056 ഹെൽപ്പ്‌ലൈൻ ആരംഭിക്കുന്നത്. കേരളത്തിലേയും ലക്ഷദ്വീപിലേയും ജനങ്ങൾക്ക് മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾക്കുള്ള പരിഹാരം വിരൽത്തുമ്പിൽ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. കേരള ആരോഗ്യ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും ചേർന്നുള്ള സംയുക്ത സംരംഭമായാണ് ടെലി മെഡിക്കൽ ഹെൽത്ത് ഹെൽപ് ലൈനായ ദിശ 1056 ആരംഭിച്ചത്. ദിശ 1056, 0471 2552056 എന്നീ നമ്പരിൽ 24 മണിക്കൂറും സേവനം ലഭ്യമാക്കി.

കോവിഡിന്റെ ആദ്യഘട്ടത്തിൽ കഴിഞ്ഞ ജനുവരി 22നാണ് ദിശയെ കോവിഡ്-19 ഹെൽത്ത് ഹെൽപ്പ് ലൈനാക്കിയത്. സംശയ നിവാരണം, രോഗലക്ഷണങ്ങൾ, കോവിഡ് മുൻകരുതലുകളും യാത്രകളും, ഭക്ഷണം, മരുന്ന്, കോവിഡ് പരിശോധന എന്നീ വിഭാഗങ്ങളിലായി ആയിരക്കണക്കിന് കോളുകളാണ് ദിവസവും വരുന്നത്. ദിശയുടെ സാധ്യത കണ്ട് ഇ‑സഞ്ജീവനി ടെലി മെഡിസിൻ, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി, ഇ‑ഹെൽത്ത് എന്നിവയുടെ കോൾസെന്ററാക്കി മാറ്റിയിട്ടുണ്ട്. സംശയ ദൂരീകരണത്തിന് പരിചയ സമ്പന്നരായ സോഷ്യൽവർക്ക് പ്രൊഫഷണലുകളുടെയും ഡോക്ടർമാരുടെയും ഒരു ഏകോപനമാണ് ദിശ. തുടക്കത്തിൽ 15 കൗൺസിലർമാരും ആറ് ഡസ്‌കുകളും മാത്രമുണ്ടായിരുന്ന ദിശയിൽ കോൾ പ്രവാഹം കാരണം ഡെസ്‌കുകളുടെ എണ്ണം വർദ്ധിപ്പിച്ചു. അതിനാൽ തന്നെ പ്രതിദിനം 4500 മുതൽ 5000 വരെ കോളുകൾ കൈകാര്യം ചെയ്യാൻ ദിശയ്ക്ക് കഴിയുന്നു.

പ്രളയം, ഓഖി, നിപ വൈറസ് തുടങ്ങിയ അടിയന്തര സാഹചര്യങ്ങളെ നേരിടുമ്പോഴും ജനങ്ങൾക്ക് സഹായകമായി ദിശ ഉണ്ടായിരുന്നു. ജൂൺ ഒമ്പതു മുതൽ ടെലിമെഡിക്കൽ സഹായം നൽകുന്ന ഇ‑സഞ്ജീവനിയും ദിശ വഴിയാണ് നടത്തുന്നത്. ആറ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ കീഴിലായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കോൾ സെന്ററും ജൂലൈ മുതൽ ദിശയിലായി.

കോവിഡ് കാലത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികർക്ക് മരുന്നു ലഭ്യമാക്കാനുള്ള ഏകോപന പ്രവർത്തനങ്ങൾ, ഹോം ക്വാറന്റൈനിൽ ഇരിക്കുന്നവരുടെ ഡിപ്രഷൻ മാറ്റാനുള്ള കൗൺസിലിങ്, അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും മറ്റും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, ടെലി കൺസൾട്ടേഷൻ, വിദേശരാജ്യങ്ങളിലുള്ളവർക്ക് വിദഗ്ധ ഉപദേശം തുടങ്ങി ഒരോ സെക്കൻഡിലും ദിശ മലയാളികൾക്കൊപ്പം നിന്നു.

ലോകമാതൃകയായി കൊച്ചു കേരളം

കോവിഡ് വ്യാപനത്തിന്റെ ഭീഷണി നിലനിൽക്കെ തന്നെ കർശനമായ നിയന്ത്രണങ്ങൾ പാലിച്ച് പരീക്ഷകൾ നടത്തിയത് കേരളത്തിന്റെ മികച്ച നേതൃപാടവത്തിന്റെ ഉദാഹരണമായിരുന്നു. ശക്തമായ കോവിഡ് നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും മുന്നോട്ട് പോകുമ്പോഴും കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ കൈറ്റ് വിക്ടേഴ്സിലൂടെ ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തി. സ്മാർട്ട്ഫോണും ടിവിയും ഇല്ലാത്ത കുട്ടികൾക്ക് അവയെല്ലാം എത്തിച്ചു നൽകാനുള്ള നടപടികളും കാലതാമസമില്ലാതെ നടപ്പാക്കി.

കേന്ദ്രസർക്കാർ യാതൊരു വീണ്ടുവിചാരങ്ങളുമില്ലാതെ രാജ്യത്തെ അടച്ചുപൂട്ടിയപ്പോൾ കൃത്യമായ കണക്കുകൂട്ടലുകളോടെയായിരുന്നു സംസ്ഥാന സർക്കാരിന്റെ നീക്കങ്ങൾ. ആരോഗ്യസംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും കോവിഡ് ബാധിതരെ പരിപാലിക്കുന്നതിനുമായി വിദഗ്ധമായ മുന്നൊരുക്കങ്ങൾ നടത്താൻ സർക്കാർ ആ സമയം ഉപയോഗപ്പെടുത്തി. എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള കമ്മ്യൂണിറ്റി കിച്ചണും മികച്ച തീരൂമാനമായിരുന്നു.

പൊതുവിതരണസംവിധാനങ്ങളിലൂടെ മാസം തോറും ലഭിച്ചുവരുന്ന കിറ്റും വരുമാനം നിലച്ച കുടുംബങ്ങൾക്ക് ആശ്വാസമാണ്. അടുത്ത നാലുമാസത്തേയ്ക്കുകൂടി ഈ സംവിധാനം തുടരാനാണ് സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്ന തീരുമാനം. വർദ്ധിപ്പിച്ച ക്ഷേമപെൻഷൻ കൃത്യമായ വയോധികരുടെ കൈകളിലെത്തിച്ചതും കോവിഡ് കാലത്തെ നേട്ടങ്ങളിൽ പ്രധാനപ്പെ‍ട്ടത് തന്നെയാണ്.

എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് മൂന്നുഘട്ടങ്ങളിലായി നടത്തിയ തദ്ദേശീയ തെരഞ്ഞെടുപ്പും കോവി‍ഡ് കാലത്ത് സർക്കാരിന്റെ നേതൃപാടവത്തിന് ഉദാഹരണമാണ്.