ആ കുഞ്ഞു ഹൃദയം ‘തുറക്കുന്നതിന്’ ലോക്ക് ഡൗണും, അതിർത്തിയുടെ അതിരുകളും ഒന്നും തടസ്സമായില്ല. കുഞ്ഞു ജീവിതത്തിലെ ആദ്യദിനം ആശങ്കകളുടെയും നീണ്ട യാത്രയുടെയും ആയിരുന്നെങ്കിൽ രണ്ടാംദിനത്തിൻ്റെ ‘കൈനീട്ടം’ പുതിയ ജീവിതത്തിൻറെ മിടിപ്പ് ആയിരുന്നു.വിഷുദിനത്തിൽ നാഗർകോവിൽ ജയഹരൺ ആശുപത്രിയിൽ നിന്ന് തീവ്രപരിചരണ സൗകര്യമുള്ള ആംബുലൻസിൽ ലിസി ആശുപത്രിയിൽ എത്തിച്ച ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞു മാലാഖയാണ് അതിസങ്കീർണമായ ഹൃദയശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ എത്തിയത്.
മുഖ്യമന്ത്രിയുടെ ഇടപെടലാണ് കടുത്ത ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും കുഞ്ഞിനെ കേരളത്തിൽ എത്തിക്കാൻ സഹായിച്ചത്. വിഷുദിനത്തിൽ രാവിലെയാണ് നാഗർകോവിൽ സ്വദേശിയായ യുവതി ജയഹരൺ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. ജനിച്ച ഉടൻ കുഞ്ഞിൻ്റെ ശരീരത്തിൽ നീല നിറം പടർന്ന് അതീവഗുരുതരാവസ്ഥയിലായി ഉടനെ കുഞ്ഞിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു തുടർന്ന് അവിടുത്തെ കാർഡിയോളജിസ്റ് ഡോ. വെങ്കിടേഷ് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്രോഗ വിദഗ്ധനായ ഡോ. എഡ്വിൻ ഫ്രാൻസിസിനെ ബന്ധപ്പെട്ട് കുട്ടിയുടെ ആരോഗ്യനില ചർച്ച ചെയ്തു. അതേത്തുടർന്നാണ് കുട്ടിക്ക് എത്രയും വേഗം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വേണമെന്ന് നിശ്ചയിച്ചത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ അതിർത്തി കടന്നുള്ള യാത്ര സാധ്യമാകുമോ എന്ന ആശങ്കയിലാണ് ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ സഹായത്തിനായി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടത്. കാര്യത്തിന്റെ ഗൗരവും ഉൾക്കൊണ്ട അദ്ദേഹം ഉടനെ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസുമായും തമിഴ്നാട് സർക്കാരുമായും ബന്ധപ്പെട്ട് യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തു. തുടർന്ന് പതിനാലാം തീയതി ഉച്ചയ്ക്ക് 1.40 ന് കുട്ടിയെ കൊണ്ടുവരാനുള്ള ആംബുലൻസ് ലിസി ആശുപത്രിയിൽ നിന്ന് പുറപ്പെട്ടു. അവിടെ നിന്ന് വൈകിട്ട് 6.30 ന് ആംബുലൻസിൽ പ്രത്യേകം തയ്യാറാക്കിയ വെന്റിലേറ്ററിലേക്ക് കുട്ടിയെ മാറ്റുകയും ഉടൻ തന്നെ എറണാകുളത്തേക്ക് തിരിക്കുകയും ചെയ്തു. രാത്രി പത്തു മണിയോടെ ലിസിയിൽ എത്തിച്ചേർന്ന കുഞ്ഞിനെ ഉടനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി വിശദമായ പരിശോധനകൾക്ക് വിധേയയാക്കി.
സാധാരണയായി ഹൃദയത്തിന്റെ വലത്തേ അറയിൽ നിന്നും പമ്പ് ചെയ്യുന്ന അശുദ്ധരക്തം പൾമണറി ആർട്ടറി വഴി ശ്വാസകോശത്തിൽ എത്തി ശുദ്ധീകരിക്കപ്പെട്ട ശേഷം അവിടെ നിന്ന് ഇടത്തെ അറയിലെത്തി മഹാധമനി വഴി തലച്ചോർ അടക്കമുള്ള ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുകയാണ് പതിവ്. എന്നാൽ ഈ കുഞ്ഞിൽ ശുദ്ധരക്തവും, അശുദ്ധരക്തവും വഹിക്കുന്ന ധമനികൾ പരസ്പരം മാറിയ നിലയിലായിരുന്നു. അതിനാലാണ് അശുദ്ധരക്തം നിറഞ്ഞു കുട്ടിയുടെ ശരീരം നീലനിറമായത്. കുഞ്ഞുങ്ങളിൽ ജന്മനാ ഉണ്ടാകുന്ന ഹൃദ്രോഗങ്ങളിൽ ഏറ്റവും സങ്കീർണവും, അപൂർവ്വവുമായ രോഗാവസ്ഥയാണിത്. പരിശോധനകൾക്ക് ശേഷം രാവിലെ തന്നെ കുഞ്ഞിന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തി. രണ്ട് ധമനികളും മുറിച്ചെടുത്തു പരസ്പരം മാറ്റി സ്ഥാപിക്കുന്ന അതിസങ്കീർണ്ണമായ ശസ്ത്രക്രിയയാണ് കുഞ്ഞിന് നടത്തിയത്. അതോടൊപ്പം തന്നെ മഹാധമനിയിൽ നിന്ന് ആരംഭിക്കുന്ന ഒരു മില്ലിമീറ്റർ വ്യാസം മാത്രമുള്ള രക്തധമനികളെ ഇടത്തെ അറയിലേക്ക് മാറ്റുകയും ചെയ്തു. ഏകദേശം ഏഴു മണിക്കൂർ സമയമെടുത്താണ് കുട്ടികളുടെ ശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ. ജി എസ് സുനിലിൻ്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ഡോ. എഡ്വിൻ ഫ്രാൻസിസ്, ഡോജെസൺ ഹെൻട്രി, ഡോ. ഫിലിപ്പ് മാത്യു, ഡോ. അനു ജോസ്, ഡോ. ബിജേഷ് വി, ഡോ. ദിവ്യ ജേക്കബ് എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. അടുത്ത 48 മണിക്കൂർ ശസ്ത്രക്രിയ പോലെ തന്നെ പ്രാധാന്യമേറിയതാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു എന്നിവർഒപ്പമുണ്ടായിരുന്നു.
ENGLISH SUMMARY: Kerala’s association to overcome the lockdown
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.