Web Desk

തിരുവനന്തപുരം

January 25, 2021, 10:04 pm

കേരളത്തിന്റെ ക്ഷീരമേഖല സ്വയം പര്യാപ്തതയിൽ

Janayugom Online

സംസ്ഥാനം പാലുല്പാദനത്തില്‍ സ്വയംപര്യാപ്തത നേടിയതായി മന്ത്രി അഡ്വ. കെ രാജു പ്രഖ്യാപിച്ചു. കേരളത്തിലാകമാനം തദ്ദേശീയവും സ്ഥിരതയാർന്നതുമായ പാൽ ഉല്പാദന വർധനയും മെച്ചപ്പെട്ട വിലയുമാണ് കേരളത്തിന്റെ ക്ഷീര മേഖലയെ സ്വയം പര്യാപ്തതയിലേക്ക് എത്തിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തിലെ ജനുവരി വരെയുള്ള കണക്കനുസരിച്ച് 13. 30 ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം മില്‍മ സംഭരിക്കുന്നത്. സംഭരണത്തിൽ പ്രതിദിനം 97,000 ലിറ്റര്‍ വർധനവാണ് കൈവരിച്ചത്. കോവിഡ് കാല പ്രതിസന്ധിയെ അതിജീവിച്ചാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ പാൽ വിപണനം പ്രതിദിനം ശരാശരി 12.25 ലക്ഷം ലിറ്ററില്‍ എത്തി നില്‍ക്കുകയാണ്.

2019–20 സാമ്പത്തിക വര്‍ഷം കേരളത്തില്‍ മില്‍മ സംഭരിച്ചിരുന്നത് ശരാശരി പ്രതിദിനം 12.5 ലക്ഷം ലിറ്റര്‍ പാലായിരുന്നു. പ്രതിദിന വിപണന ശരാശരി 13.37 ലക്ഷം ലിറ്ററുമായിരുന്നു. വിപണനത്തിനു വേണ്ട അധിക പാലിനായി തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ആവിന്‍, കെഎംഎഫ് പോലെയുള്ള സഹകരണ സ്ഥാപനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. കേരളത്തിലെ ക്ഷീരകാർഷിക മേഖലയിൽ വിപ്ലവകരമായ നിരവധി ഗുണപ്രദമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞു. രാജ്യത്ത് കര്‍ഷകര്‍ക്ക് പാലിന് ഏറ്റവും കൂടുതല്‍ വില നല്‍കുന്നത് കേരളത്തിലാണ്.

പാൽ വില കൂട്ടാൻ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മലബാർ മേഖലയ്ക്ക് പുറമേ എറണാകുളം മേഖലയിലും പാൽ ഉല്പാദനത്തിൽ വർധനവ് നേടിയിട്ടുണ്ട്. തിരുവനന്തപുരവും ഉല്പാദന പുരോഗതിയിലേക്കാണെന്ന് മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍ മാസ്റ്റര്‍, മില്‍മ മലബാര്‍ മേഖലാ ക്ഷീരോല്പാദക യൂണിയന്‍ ചെയര്‍മാന്‍ കെ എസ് മണി, മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ. പാട്ടീല്‍ സുയോഗ് സുഭാഷ് റാവു എന്നിവർ പങ്കെടുത്തു.

മിൽമയ്ക്ക് സംസ്ഥാനത്ത് പുതിയ പാൽപ്പൊടി ഫാക്ടറി

മിൽമയ്ക്ക് സ്വന്തമായി മലബാറിൽ പാൽപ്പൊടി ഫാക്ടറി ഒരുങ്ങുന്നു. പാൽ ഉല്പാദനത്തിൽ സ്വയം പര്യാപ്തത എന്ന സർക്കാർ നയത്തിന് അനുസൃതമായി സംസ്ഥാനത്തെ അധികപാൽ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള സർക്കാരിന്റെ അഭിമാന പദ്ധതിയാണിത്. സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷീര വ്യവസായ പദ്ധതിയിലുൾപ്പെടുത്തി മലപ്പുറത്തെ മൂര്‍ക്കനാടാണ് പാല്‍പ്പൊടി നിര്‍മ്മാണശാല സ്ഥാപിക്കുന്നത്.

പാല്‍പ്പൊടി നിര്‍മ്മാണ ഫാക്ടറിയുടെ ശിലാസ്ഥാപനവും, മലപ്പുറം ഡയറി പ്രോജക്ടിന്റെ ഒന്നാം ഘട്ട സമര്‍പ്പണവും, വയനാട് ഡയറിയിലെ മില്‍ക്ക് കണ്ടന്‍സിംഗ് പ്ലാന്റിന്റെ ഉദ്ഘാടനവും ഫെബ്രുവരി ഒമ്പതിന് നടക്കും. മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് ഡയറി കോമ്പൗണ്ടില്‍ വച്ച് ഉച്ചയ്ക്ക് രണ്ട് മണിക്ക് ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍, പി കെ കുഞ്ഞാലിക്കുട്ടി എംപി, മങ്കട എംഎല്‍എ ടി എ അഹമ്മദ് കബീര്‍ എന്നിവര്‍ പങ്കെടുക്കും. അതേ വേദിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വയനാട് ഡയറിയിലെ കണ്ടന്‍സിംഗ് പ്ലാന്റിന്റെ ഉദ്ഘാടനവും നടക്കും. സംസ്ഥാനത്ത് പൊതുമേഖലയിലെ ആദ്യ ബൃഹദ് സംരംഭമാണിത്.

ആധുനിക രീതിയിലുളള യന്ത്രങ്ങളും ഏറ്റവും പുതിയ തെര്‍മല്‍ വേപ്പര്‍ റീകംപ്രെഷന്‍ ടെക്നോളജിയും ഉപയോഗിച്ച് ഒരു വര്‍ഷത്തിനകം 10 മെട്രിക് ടണ്‍ ഉല്പാദനശേഷിയുളള പാല്‍പ്പൊടി നിര്‍മ്മാണശാല സ്ഥാപിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. 53.93 കോടി രൂപ ആകെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 15.50 കോടി രൂപ സംസ്ഥാന ക്ഷീര വികസന വകുപ്പ് വിഹിതമായും, 32.72 കോടി രൂപ ആര്‍ഐഡിഎഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് വിഹിതമായും, 5. 17 കോടി രൂപ മലബാര്‍ മേഖലാ യൂണിയന്‍ വിഹിതമായും വകയിരുത്തിയിട്ടുണ്ട്.

ENGLISH SUMMARY: Ker­ala’s dairy sec­tor is self-sufficient

YOU MAY ALSO LIKE THIS VIDEO