സംസ്ഥാനത്തെ ആദ്യ മുലപ്പാൽ ബാങ്ക് ഫെബ്രുവരി 5‑ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കും. നെക്ടർ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 5‑ന് വൈകീട്ട് 3‑ന് ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെ സഹകരണത്തോടെ സ്ഥാപിച്ചിരിക്കുന്ന മുലപ്പാൽ ബാങ്ക് റോട്ടറി ഡിസ്ട്രിക്റ്റ് 3201 മുൻ ഗവർണർ മാധവ് ചന്ദ്രന്റെ ആശയമാണ്. അമ്മയുടെ മരണം, രോഗബാധ അല്ലെങ്കിൽ മുലപ്പാലിന്റെ അപര്യാപ്തത തുടങ്ങിയവ മൂലം മുലപ്പാൽ ലഭിക്കാത്ത നവജാത ശിശുക്കൾക്ക് മുലപ്പാൽ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മുലപ്പാൽ ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്. മുലപ്പാൽ ബാങ്കെന്ന ആശയം ഇന്ത്യയിൽ 32 വർഷം മുമ്പ് തന്നെ വന്നിരുന്നെങ്കിലും എന്തുകൊണ്ടോ കേരളത്തിൽ ഇതുവരെ ഇത് നടപ്പായില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിൽ എറണാകുളത്തും തൃശൂർ ജൂബിലി മെഡിക്കൽ മിഷൻ ആശുപത്രിയിലുമായി രണ്ട് മുലപ്പാൽ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികളുമായി റോട്ടറി ക്ലബ് മുന്നോട്ടുവന്നതെന്ന് മാധവ് ചന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ മാർഗരേഖ പ്രകാരം പാൽ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശേഖരിക്കുന്ന പാൽ 6 മാസം വരെ ബാങ്കിൽ കേട് കൂടാതെ സൂക്ഷിക്കാനാവും.
ജനറൽ ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന കുഞ്ഞുങ്ങൾക്ക് മാത്രമാണ് പ്രാരംഭഘട്ടത്തിൽ തികച്ചും സൗജന്യമായി മുലപ്പാൽ ലഭ്യമാക്കുക. പിന്നീട് പാൽ ശേഖരണത്തിനും വിതരണത്തിനുമായി ആശുപത്രികളുടെ ശൃംഖലയുണ്ടാക്കാനാണ് പദ്ധതി. ജനറൽ ആശുപത്രിയിൽ പ്രതിവർഷം 3600-ഓളം കുട്ടികളാണ് ജനിക്കുന്നത്. ഇതിൽ 600 മുതൽ 1000 കുഞ്ഞുങ്ങൾ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടുന്നു. മാസം തികയുന്നതിന് മുമ്പ് ജനിക്കുന്ന തൂക്കം കുറഞ്ഞ കുഞ്ഞുങ്ങൾ, ആവശ്യമായ പാൽ നൽകാൻ കഴിയാത്ത അമ്മമാരുടെ കുഞ്ഞുങ്ങൾ, അമ്മമാരിൽ നിന്നും പല കാരണങ്ങളാൽ അകന്ന് കഴിയേണ്ടി വരുന്ന കുഞ്ഞുങ്ങൾ എന്നിവർക്ക് ബാങ്കിൽ നിന്നുള്ള പാസ്ച്ചറൈസ് ചെയ്ത മുലപ്പാൽ നൽകുന്നത് അവരുടെ രോഗപ്രതിരോധശേഷി കൂട്ടാനും അണുബാധ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് റോട്ടറി കൊച്ചിൻ ഗ്ലോബലിലെ ഡോ. പോൾ പറഞ്ഞു. ആശുപത്രിയിൽ തന്നെ പ്രസവം കഴിഞ്ഞതും ആരോഗ്യ വിവരങ്ങൾ ലഭ്യമായിട്ടുള്ളതുമായ അമ്മമാർ തന്നെയായിരിക്കും മുലപ്പാൽ ദാതാക്കളെന്നും അദ്ദേഹം പറഞ്ഞു. നവജാതശിശുക്കളുടെ ജീവൻ രക്ഷിക്കാനുള്ള മഹത്തായ പ്രവർത്തിയിൽ പങ്കാളികളാകാൻ മുലപ്പാൽ കൂടുതലായുള്ള അമ്മമാരെ പ്രോത്സാഹിപ്പിക്കുമെന്നും ഡോ. പോൾ കൂട്ടിച്ചേർത്തു.
പാസ്ച്ചറൈസേഷൻ യൂണിറ്റ്, റഫ്രിജറേറ്ററുകൾ, ഡീപ് ഫ്രീസറുകൾ, ഹോസ്പിറ്റൽ ഗ്രേഡ് ബ്രസ്റ്റ് പമ്പ്, ആർഒ പ്ലാന്റ്, സ്റ്റെറിലൈസിങ് ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയവ അടങ്ങുന്ന മുലപ്പാൽ ബാങ്ക് 35 ലക്ഷം രൂപ ചെലവിലാണ് സ്ഥാപിച്ചത്. ബാങ്ക് സ്ഥാപിക്കുന്നതിന് റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബലും സംസ്ഥാന ആരോഗ്യ വകുപ്പും തമ്മിൽ കഴിഞ്ഞ വർഷം ധാരണാപത്രം ഒപ്പിട്ടിരുന്നുവെങ്കിലും കോവിഡ്-19 വ്യാപനത്തെ തുടർന്ന് പദ്ധതി വൈകുകയായിരുന്നു. ദാതാക്കളായ അമ്മമാർക്ക് പാലെടുക്കുമ്പോൾ ആശ്വാസം പകരുന്ന തരത്തിൽ മുലപ്പാൽ ബാങ്കിന്റെ ഉൾവശം സജ്ജീകരിച്ചിട്ടുണ്ടെന്ന് പ്രോജക്ട് കോർഡിനേറ്റർ എബി ഏല്യാസ് പറഞ്ഞു. മുലപ്പാൽ ബാങ്ക് പ്രവർത്തിപ്പിക്കാൻ ഐഎംഎയും ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രീഷ്യൻസും (ഐഎപി) പരിശീലനം സിദ്ധിച്ച നേഴ്സിങ് സ്റ്റാഫിനെ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തെ സംബന്ധിച്ച് ഇതൊരു നൂതനാശയമായതിനാൽ ഇതിന്റെ ആവശ്യകതയെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും ആളുകളെ ബോധ്യപ്പെടുത്താൻ ഊർജിത ശ്രമം ഉണ്ടാകേണ്ടതുണ്ട്. മുലപ്പാൽ ദാനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന നോട്ടീസുകൾ വിതരണം ചെയ്തും താരങ്ങളെ ഉൾകൊള്ളിച്ചുകൊണ്ട് ഹോർഡിങ്ങളും പോസ്റ്ററുകളും ഉപയോഗിച്ചുള്ള ബോധവൽകരണ പ്രചാരണത്തിന് ഇന്നർവീൽ ക്ലബ് അംഗങ്ങൾ നേതൃത്വം നൽകുമെന്ന് ഇന്നർവീൽ ക്ലബിലെ ആശ സുനിൽ പറഞ്ഞു.
ENGLISH SUMMARY: Kerala’s first breast milk bank Ernakulam General Hospital will start functioning on 5th
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.