Web Desk

കണ്ണൂർ

October 24, 2020, 7:40 pm

കേരളത്തിലെ ആദ്യ കല്ലുമ്മക്കായ ഹാച്ചറി പുതിയങ്ങാടിയിൽ

Janayugom Online

 കേരളത്തിലെ ആദ്യ കല്ലുമ്മക്കായ കടല്‍മത്സ്യ വിത്തുല്പാദന കേന്ദ്രം  പുതിയങ്ങാടിയില്‍ ആരംഭിക്കും. പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ 28 ന് രാവിലെ 11.30 ന് മത്സ്യബന്ധന ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും.
ഗുണമേന്മയുള്ള മത്സ്യവിത്തിന്റെ ലഭ്യത കര്‍ഷകര്‍ക്ക് ഉറപ്പ് വരുത്തുന്നതിനായാണ് കല്ലുമ്മക്കായ വിത്തിനും വിവിധ കടല്‍ മത്സ്യങ്ങളുടെ വിത്തുല്പാദനത്തിനും മത്സ്യങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായാണ് പുതിയങ്ങാടി കേന്ദ്രീകരിച്ച് കല്ലുമ്മക്കായ കടല്‍മത്സ്യ വിത്തുല്പാദന കേന്ദ്രം സ്ഥാപിക്കുന്നത്. ഹാച്ചറിക്കായി അഞ്ച് കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നതെന്ന് ടിവി രാജേഷ് എംഎല്‍എ പറഞ്ഞു.
സര്‍ക്കാര്‍ സ്ഥാപനമായ സിഎംഎഫ്ആര്‍ഐയുടെ സാങ്കേതിക സഹായത്തോടെയാണ് ഹാച്ചറി സ്ഥാപിക്കുക. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേരള തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന നിര്‍വഹിക്കും. പ്രതിവര്‍ഷം 50 ലക്ഷം കടല്‍ മത്സ്യ കുഞ്ഞുങ്ങളും 50 ലക്ഷം കല്ലുമ്മക്കായ വിത്തുമാണ് ഈ ഹാച്ചറി വഴി ഉല്പാദിപ്പിക്കുവാന്‍ ലക്ഷ്യമിടുന്നതെന്നും ടി വി രാജേഷ് എം എല്‍ എ പറഞ്ഞു.