Web Desk

December 23, 2019, 9:19 pm

സംസ്ഥാനത്തെ ആദ്യത്തെ സൗരോർജ ആശുപത്രി തൃശൂരിൽ

Janayugom Online

തൃശൂർ: കേരളത്തിൽ ആദ്യമായി ഒരു സർക്കാർ ആശുപത്രിയിൽ സൗരോർജ വൈദ്യുത പ്ലാന്റ് നിർമ്മാണത്തിനൊരുങ്ങുന്നു. ഇതിന് മുൻകൈയെടുക്കുന്നത് തൃശൂർ കോർപറേഷനാണ്. പാരമ്പര്യേതര ഊർജോൽപാദന പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ മൂന്നാം ഘട്ടമായാണ് ജനറൽ ആശുപത്രിയിൽ തൃശൂർ കോർപറേഷൻ 150 കിലോവാട്ട് വൈദ്യുതോൽപാദന ശേഷിയുള്ള സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി വിതരണ മേഖലയിലെ പത്ത് ലൈസൻസികളിൽ ഏക തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് തൃശൂർ കോർപറേഷൻ. പാരമ്പര്യേതര ഊർജമേഖലയിൽ നിന്നും അഞ്ച് ശതമാനം വൈദ്യുതി ഉൽപാദിപ്പിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയം ഏറ്റെടുത്ത് നിലവിലെ കൗൺസിൽ അധികാരത്തിൽ വന്ന ശേഷം ഒന്നാം ഘട്ടമായി 2016 ൽ ഒരു കോടി 71 ലക്ഷം ചെലവഴിച്ച് 200 കിലോവാട്ടിന്റെയും രണ്ടാം ഘട്ടമായി 2018 ൽ 92 ലക്ഷം ചെലവഴിച്ച് 150 കിലോവാട്ടിന്റെയും സോളാർ പ്ലാന്റുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദനം ആരംഭിച്ചു.

ഇതിൽ നിന്ന് ഇതുവരെ 97,20, 000 രൂപ വരുമാനമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മേയർ അജിത വിജയൻ പറഞ്ഞു.  മൂന്നാംഘട്ടമായാണ് 66.75 ലക്ഷം രൂപ ചെലവിൽ ജനറൽ ആശുപത്രിയിലെ അഞ്ച്, ആറ് വാർഡ് കെട്ടിടങ്ങളിലും പറവട്ടാനി സ്റ്റോറിലുമായി പുതിയ സോളാർ പവർ പ്ലാന്റ് നിർമ്മിക്കുന്നത്. ചെന്നൈയിലെ സൺ ടാസ്റ്റിക് എന്ന സ്ഥാപനത്തിനാണ് ആറായിരത്തോളം ചതുരശ്രയടി വരുന്ന പദ്ധതിയടെ നിർമാണച്ചുമതല. ഇന്ന് വൈകീട്ട് 4 ന് സംസ്ഥാന വൈദ്യുതി വകുപ്പു മന്ത്രി എം എം മണി നിർമ്മാണോദ്ഘാടനം നിർവഹിക്കും. പദ്ധതിയുടെ കരാർ കൃഷി മന്ത്രി വി എസ് സുനിൽകുമാർ കൈമാറും. മേയർ അജിത വിജയൻ അധ്യക്ഷത വഹിക്കും. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ടി പി ശ്രീദേവി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

you may also like this video