ഡാലിയ ജേക്കബ്

ആലപ്പുഴ

February 01, 2020, 9:34 pm

കേരളത്തിലെ ആദ്യ വാട്ടർ ടാക്സി അടുത്ത മാസം നീറ്റിലിറക്കും

Janayugom Online

കേരളത്തിലെ ആദ്യത്തെ വാട്ടർ ടാക്സി നീറ്റിലിറങ്ങാൻ തയ്യാറായി. ഫെബ്രുവരി പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർ അറിയിച്ചു. വിദേശ രാജ്യങ്ങളിൽ സഞ്ചാരികളുടെ മനം കവർന്ന വാട്ടർ ടാക്സി കേരളത്തിലെ കായലുകളിൽ സർവീസ് നടത്തുവാനുള്ള അവസാനവട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. ഇനി അവശേഷിക്കുന്നത് രജിസ്ട്രേഷൻ നടപടികൾ മാത്രമാണ്. ഓൺലൈൻ ടാക്സി പോലെ പ്രത്യേക നമ്പറിൽ വിളിച്ചാൽ ആവശ്യപ്പെടുന്ന സ്ഥലത്ത് വാട്ടർ ടാക്സിയെത്തും.

കായലോരങ്ങളിൽ താമസിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വാട്ടർ ടാക്സി സർവീസ് ലഭ്യമാകും. വെനീസ് പോലെയുള്ള വിദേശ രാജ്യങ്ങളിൽ സഞ്ചാരികളുടെ പ്രിയം പിടിച്ചു പറ്റിയ വാട്ടർ ടാക്സികളാണ് ഇവിടെയും എത്തുന്നത്. വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുകയാണ് വാട്ടർ ടാക്സിയുടെ ലക്ഷ്യം. കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിലേക്കും സമീപ ജില്ലകളിലേക്കും വേഗത്തിലെത്താൻ വാട്ടർ ടാക്സികൾ സഹായിക്കും.

ഒന്നരക്കോടി രൂപ മുടക്കിയാണ് രണ്ട് വാട്ടർ ടാക്സികളുടെ നിർമ്മാണം പൂർത്തിയായത്. ആലപ്പുഴയിൽ വിനോദസഞ്ചാര മേഖലയ്ക്ക് പ്രാധാന്യം നൽകിയായിരിക്കും ആദ്യ സർവീസ്. തുടർന്ന് എറണാകുളത്തേക്കും വാട്ടർ ടാക്സി സേവനം വ്യാപിപ്പിക്കും. ദിവസ വാടകയ്ക്ക് സർവീസ് നടത്തുന്നതും പരിഗണനയിലുണ്ട്. തുടക്കത്തിൽ രണ്ട് വാട്ടർ ടാക്സികളാണ് സർവീസ് നടത്തുന്നത്. പതിനഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന കറ്റാമറൈൻ ബോട്ടുകളാണ് വാട്ടർ ടാക്സിയ്ക്കായി നിർമ്മിച്ചത്. ഇവയ്ക്ക് സമാന്തരമായ രണ്ട് ഹാൾ ഉള്ളതിനാൽ സ്പീഡ് ബോട്ടുകളെപ്പോലെ കുലുക്കമില്ലാതെ സുഖകരമായി യാത്ര ചെയ്യാം. 15 നോട്ടിക്കൽ മൈൽ വേഗതയിൽ വരെ വാട്ടർ ടാക്സികൾക്ക് സഞ്ചരിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത.

ആലപ്പുഴയിൽനിന്ന് കോട്ടയത്തേക്ക് ഒരുമണിക്കൂർ താഴെ സമയം കൊണ്ട് വാട്ടർ ടാക്സികളിൽ എത്താനാകും. സാധാരണ ബോട്ടിൽ ഈ ദൂരമെത്താൻ രണ്ട് മണിക്കൂർ എടുക്കും. വാട്ടർ ടാക്സി സർവീസ് ആരംഭിക്കുന്നതോടെ കായലോരങ്ങളിൽ താമസിക്കുന്നവർക്ക് കുറഞ്ഞ ചെലവിലും സമയത്തിനും ലക്ഷ്യത്തിൽ എത്താനാകും. ഹൗസ്ബോട്ടുകൾക്കും ശിക്കാർ വള്ളങ്ങൾക്കും മണിക്കൂറിന് 1000 രൂപ മുതൽ 2500 രൂപ വരെ നൽകേണ്ടി വരുമ്പോൾ വാട്ടർ ടാക്സിയ്ക്ക് ഇതിന്റെ പകുതി നിരക്കേ ഉണ്ടാവൂ. കുട്ടനാട് കാണാൻ എത്തുന്നവർക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ഉൾനാടൻ സ്ഥലങ്ങളിൽ എത്തുവാൻ ഇത് സഹായകമാകും.

Eng­lish Sum­ma­ry: Ker­ala’s first water taxi

YOU MAY ALSO LIKE THIS VIDEO