Web Desk

തിരുവനന്തപുരം

February 16, 2020, 9:51 pm

കേരളത്തിന്റെ സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതി മാതൃകയാക്കണമെന്ന് കേന്ദ്രസര്‍ക്കാർ

Janayugom Online

കേരളം വിജയകരമായി നടപ്പാക്കിയ സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതി മറ്റു സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും മാതൃകയാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. പദ്ധതി നടപ്പാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയം ഓരോ സംസ്ഥാനങ്ങളിലെയും കൈത്തറി ഡയറക്ടര്‍മാര്‍ക്ക് കത്തയച്ചു. കൈത്തറിയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റി കേരളത്തിലെത്തി യൂണിഫോം പദ്ധതി വിലയിരുത്തുകയും വിജയകരമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. സൗജന്യ സ്കൂള്‍ യൂണിഫോം പദ്ധതിയിലൂടെ നെയ്ത്തുകാര്‍ക്ക് തുടര്‍ച്ചയായി ജോലി നല്‍കാനും മെച്ചപ്പെട്ട കൂലി നല്‍കാനും കേരളത്തിന് സാധിച്ചതായി ടെക്സ്റ്റൈല്‍ മന്ത്രാലയം ചൂണ്ടിക്കാട്ടി.

കൈത്തറി തൊഴിലാളികള്‍ക്ക് മിനിമം കൂലി നിശ്ചയിച്ച് ഉത്തരവിറക്കിയതും കേരളത്തിന്റെ മികവായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസമാണ് നെയ്ത്തു തൊഴിലാളികളുടെ മിനിമം കൂലി വര്‍ദ്ധിപ്പിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതോടെ ദിവസവേതനത്തില്‍ 170 രൂപ മുതല്‍ 186 രൂപയുടെ വരെ വര്‍ദ്ധനവുണ്ടായി. 2009‑ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൂലി പരിഷ്ക്കരിച്ച ശേഷം ആദ്യമായാണ് മിനിമം കൂലി വര്‍ദ്ധിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി നടത്തിയ പഠനറിപ്പോര്‍ട്ടും കത്തിനൊപ്പമുണ്ട്. കൈത്തറി യൂണിഫോം പദ്ധതി കേരളത്തിലെ കൈത്തറിമേഖലയുടെ പുനരുജ്ജീവനം സാധ്യമാക്കിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൈത്തറി യൂണിഫോം ധരിക്കുന്നതില്‍ 98 ശതമാനം കുട്ടികളും പൂര്‍ണ തൃപ്തരാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രതിസന്ധിയിലായിരുന്ന കൈത്തറി മേഖലയെ വീണ്ടെടുക്കാനാണ് വ്യവസായ വകുപ്പ് സൗജന്യ കൈത്തറി യൂണിഫോം പദ്ധതി നടപ്പാക്കിയത്. നെയ്ത്തുകാര്‍ക്ക് നൂലും കൂലിയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇതോടെ, സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കൈത്തറി സംഘങ്ങളും സജീവമായിട്ടുണ്ട്.

പല സംഘങ്ങളും നെയ്യുന്ന തുണിയുടെ അളവിൽ മൂന്നിരട്ടിയോളം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. തൊഴിലാളികള്‍ക്ക് നാമമാത്രമായി കൂലി ലഭിച്ചിരുന്ന സ്ഥാനത്ത് വര്‍ഷം ശരാശരി ഒരു ലക്ഷം രൂപയിലധികം ഇപ്പോള്‍ ലഭിക്കുന്നുണ്ട്. വര്‍ഷത്തിൽ ഏതാനം ദിവസങ്ങള്‍ മാത്രം ജോലി ചെയ്തവര്‍ക്ക് ഇപ്പോള്‍ വര്‍ഷം മുഴുവന്‍ ജോലി ലഭിക്കുന്നുമുണ്ട്. പ്രളയത്തില്‍ തകര്‍ന്ന ചേന്ദമംഗലം കൈത്തറിയുടെ തിരിച്ചുവരവിനും പദ്ധതി കൈത്താങ്ങായി. യൂണിഫോം പദ്ധതിയിലൂടെ 5200 ഓളം നെയ്ത്തുകാര്‍ക്ക് നേരിട്ടും അതിലധികം പേര്‍ക്ക് അനുബന്ധമേഖലകളിലും ജോലി ലഭിച്ചു. മറ്റുമേഖലകളിലേക്ക് ജോലി തേടിപ്പോയ നിരവധി നെയ്ത്തുകാര്‍ തിരിച്ചെത്തുകയും, യുവാക്കള്‍ മേഖലയിലേക്ക് കടന്നുവരികയും ചെയ്തു.

മൂന്നു വര്‍ഷത്തിനിടെ 15 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കായി 70 ലക്ഷം മീറ്റര്‍ തുണി വിതരണം ചെയ്തിട്ടുണ്ട്. അടുത്ത അദ്ധ്യയനവര്‍ഷം പത്തുലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം തുണി വിതരണം ചെയ്യും. 2020 ഏപ്രില്‍ ഒന്നിന് തുടങ്ങി മെയ് 15 നു മുമ്പ് വിതരണം പൂര്‍ത്തിയാക്കും. സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നു മുതല്‍ ഏഴു വരെയും എയ്ഡഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ നാലു വരെയുമുള്ള 8. 45 ലക്ഷം കുട്ടികള്‍ക്കും ഇതേ ക്ലാസ്സുകളില്‍ പുതുതായി എത്തുന്ന ഒന്നേ കാല്‍ ലക്ഷത്തോളം കുട്ടികള്‍ക്കുമാണ് അടുത്ത അദ്ധ്യയന വര്‍ഷം യൂണിഫോം തുണി ലഭ്യമാക്കുക. 48. 75 ലക്ഷം മീറ്റര്‍ തുണി ഇതിനാവശ്യമാണ്. ഇതില്‍ 90 ശതമാനം നെയ്തു കഴിഞ്ഞു. പദ്ധതി മുഴുവന്‍ ക്ലാസുകളിലേക്കും വ്യാപിപ്പിക്കാനുള്ള നടപടികളും സജീവമായി പുരോഗമിക്കുന്നുണ്ട്.

Eng­lish Sum­ma­ry; Ker­ala’s Free School Uni­form Project should be modeled

YOU MAY ALSO LIKE THIS VIDEO