കേരളത്തിലെ അധികാരവികേന്ദ്രീകരണം മികച്ചത്: ശ്രീലങ്കന്‍ മന്ത്രി

Web Desk
Posted on May 28, 2018, 10:53 pm

തൃശൂര്‍: കേരളത്തിലെ അധികാരവികേന്ദ്രീകരണം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ മികച്ചതാണെന്ന് ശ്രീലങ്കന്‍ ശിശു-വനിതാക്ഷേമ മന്ത്രി ചന്ദ്രാണി ഭണ്ഡാര അഭിപ്രായപ്പെട്ടു. ശ്രീലങ്കയില്‍ പ്രാദേശിക ഭരണസംവിധാനം ശക്തമാണെങ്കിലും കേരളത്തില്‍നിന്നു പലതും പഠിക്കാനുണ്ടെന്നും അവര്‍ പറഞ്ഞു. അഞ്ചുദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനു കിലയിലെത്തിയ ഉന്നതതല സംഘത്തിനു നല്‍കിയ സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ശ്രീലങ്കന്‍ പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍-ലോക്കല്‍ ഗവേണന്‍സ് സഹമന്ത്രി ശ്രീയാനി വിജെ വിക്രമ, വനിതാവകുപ്പു സഹമന്ത്രി വിജയകലാ മഹേശ്വരന്‍, സുസ്ഥിരവികസന വകുപ്പു സഹമന്ത്രി സുമേധ ജയസേന, പാര്‍ലമെന്റ് അംഗങ്ങളായ തുസിത വിജയമന്നെ, എഡ്വാര്‍ഡ് ഗുണശേഖര, ശാന്തിനി കോഗെ, ഇന്ദിര ദിസനായകെ, പാര്‍ലമെന്റ് അസി.സെക്രട്ടറി ജനറല്‍ കുഷാനി രോഹനീന്ദ്ര, ശ്രീലങ്കന്‍ ലോക്കല്‍ ഗവേണന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സുജീവ സമരവീര തുടങ്ങിയവരാണ് ശ്രീലങ്കന്‍ സംഘത്തിലുള്ളത്.
കില പ്രൊഫ. ഡോ.സണ്ണി ജോര്‍ജ് അധ്യക്ഷനായിരുന്നു. കേരളത്തിലെ പ്രാദേശിക ഭരണസംവിധാനത്തെക്കുറിച്ച് പ്രൊഫ. ടി രാഘവനും പങ്കാളിത്ത ആസൂത്രണ നടപടിക്രമങ്ങളെസംബന്ധിച്ച് സി രാധാകൃഷ്ണനും പ്രാദേശികസര്‍ക്കാരുകളുടെ ധനസമാഹരണത്തേയും സംസ്ഥാന ധനകാര്യകമ്മിഷനേയും പറ്റി ഡോ.സണ്ണി ജോര്‍ജും പഞ്ചായത്തുകളുടെ അധികാരങ്ങളും പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് പി വി രാമകൃഷ്ണനും സംസാരിച്ചു.
ചേലക്കര ഗ്രാമപഞ്ചായത്ത്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്, ആലപ്പുഴ ജില്ലാപഞ്ചായത്ത്, തൃപ്പൂണിത്തുറ നഗരസഭ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.