December 2, 2022 Friday

Related news

February 19, 2021
February 15, 2021
November 26, 2020
October 25, 2020
October 16, 2020
October 2, 2020
September 27, 2020
September 24, 2020
September 17, 2020
August 9, 2020

വന്യജീവി സംരക്ഷണത്തില്‍ കേരളത്തിന്റെ മുന്നേറ്റം മാതൃകാപരം: അഡ്വ. കെ. രാജു

Janayugom Webdesk
തിരുവനന്തപുരം
October 2, 2020 4:47 pm

വന്യജീവി സംരക്ഷണത്തില്‍ രാജ്യത്തിന് മാതൃകയാക്കാവുന്ന നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നതെന്ന് വനംമന്ത്രി അഡ്വ. കെ. രാജു. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പാമ്പുകളുടെ സംരക്ഷണം മുന്‍നിര്‍ത്തി പാമ്പുപിടുത്തത്തിന് പ്രത്യേക മാര്‍ഗരേഖയും പരിശീലനവും ഏര്‍പ്പെടുത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. ജനവാസകേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിടുന്നതിനായുള്ളതാണ് മാര്‍ഗരേഖ. പാമ്പുകളുടെയും ജനങ്ങളുടെയും സുരക്ഷിതത്വത്തിന് പാധാന്യം നല്‍കികൈാണ്ടാണ് മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ വന്യജീവി വാരാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം വനംവകുപ്പ് ആസ്ഥാനത്ത് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടാന പരിപാലനത്തിലും കൃത്യമായ മാനദണ്ഢങ്ങള്‍ ഏര്‍പ്പെടുത്തുകയും അത് കര്‍ശനമായി നടപ്പിലാക്കുയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ആനകളുടെ ഡി.എന്‍. എ. പ്രൊഫൈലിംഗ് പൂര്‍ത്തിയാക്കിയ ആദ്യ സംസ്ഥാനമാണ് നമ്മുടേത്. പുതുതായി രൂപീകരിച്ച കരിമ്പുഴ വന്യജീവി സങ്കേതമുള്‍പ്പെടെ 24 സംരക്ഷിതവനമേഖലകളാണ് നമുക്കുള്ളത്. വന്യജീവിസമ്പത്തില്‍ വര്‍ധനവുണ്ടാവുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ കടുവാസങ്കേതങ്ങള്‍ രാജ്യത്തെ മികച്ചതെന്ന അംഗീകാരം നേടിയുട്ടള്ളതാണെന്നും മന്ത്രി പറഞ്ഞു.

മനുഷ്യവന്യജീവി സംഘര്‍ഷങ്ങളെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് ചെയ്യാവുന്ന പരമാവധി കാര്യങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു. നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി,വനാതിര്‍ത്തികളില്‍ 53635 ജണ്ടകള്‍ കെട്ടി, ചെക്ക് ഡാമുകളും കുളങ്ങളും നിര്‍മ്മിച്ചു.കൂടുതല്‍ ഫലവൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരികയാണ്. സൗരോര്‍ജ്ജവേലി, ആനമതില്‍, റെയില്‍ വേലി,. കിടങ്ങുകള്‍, റോപ്പ് ഫെന്‍സിംഗ് തുടങ്ങിയവയ്ക്ക് പുറമേ കരിമ്പനവേലി പോലുള്ള നവീന ജൈവപ്രതിരോധ പദ്ധതികളും വകുപ്പ് നടപ്പിലാക്കി വരുന്നു. കാട്ടുപന്നികള്‍ വ്യാപകകൃഷിനാശം വരുത്തന്നതായി കണ്ട സാഹചര്യത്തില്‍ അവയെ വെടിവെയ്ക്കാനുള്ള ഉത്തരവു നല്‍കുകയും അത് പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തായും അദ്ദേഹം അറിയിച്ചു. മനുഷ്യവന്യജീവി സംഘര്‍ഷ പ്രശ്നങ്ങള്‍ക്ക് അടിയന്തിര പ്രശ്നപരിഹാരം കാണുന്നതിന് ജനജാഗ്രതാ സമിതികള്‍ രൂപികരിച്ച് അവയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തിവരുകയാണ്. കാട്ടാനകളുടെ ആക്രമണം കുറക്കുന്നതിനായി പുതിയ 11 കുങ്കിയാനകള്‍ക്ക് പരിശീലനം നല്‍കി ഉപയോഗിച്ചുവരികയാണ്. മനുഷ്യരുടെയും വന്യജീവികളുടെയും ശരിയായ അര്‍ത്ഥത്തിലുള്ള നിലനില്‍പ്പ് പ്രകൃതിയുടെ സംതുലനാവസ്ഥ നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണെന്നും അവയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നുമുള്ള തിരിച്ചറിവ് നമുക്കുണ്ടാവണമെന്നും അതിനായി നാം ഒന്നിച്ചു പരിശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

സ്ഥല പരിമിതികളേറെയുള്ള സംസ്ഥാനത്ത് തനതു വനസംരക്ഷണ വനവല്‍ക്കരണ പരിപാടികള്‍ക്കു പുറമേ സാധ്യമായ എല്ലാ വനവല്‍ക്കരണ സാധ്യതകളും വകുപ്പ്് നടപ്പിലാക്കി വരികയാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് മുഖ്യവനംമേധാവി
പി. കെ. കേശവന്‍ അറിയിച്ചു. ഉഷാ രാജഗോപാല്‍ രചിച്ച സൂ ഇന്‍ മൈ ബാക്ക് യാര്‍ഡ് എന്ന പുസ്തകം, പാമ്പുപിടുത്തത്തെകുറിച്ചുള്ള മാനുവല്‍, അരണ്യം പ്രത്യേക വന്യജീവി പതിപ്പ് എന്നിവയുടെ പ്രകാശനം വനം മന്ത്രി നിര്‍വഹിച്ചു. വെല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഡയറക്ടര്‍ വിവേക് മേനോന്‍ വന്യജീവി സംരക്ഷണത്തെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ സ്വാഗതമാശംസിച്ചു.പി സി സി എഫ് മാരായ ബെന്നിച്ചന്‍ തോമസ്,
ദേവേന്ദ്രകുമാര്‍ വര്‍മ്മ, എ.പി.സി.സി.എഫ്മാരായ രാജേഷ് രവീന്ദ്ര, ഷാജിമോൻ,സി സി എഫ് അനൂപ് കെ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വന്യജീവി വാരാഘോഷപരിപാടികള്‍ വിവിധ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകള്‍ ഉപയോഗിച്ചാണ് സംഘടിപ്പിച്ചിട്ടുള്ളത്. എട്ടിന് സമാപിക്കും.

ENGLISH SUMMARY: Ker­ala’s progress in wildlife con­ser­va­tion is exem­plary: Adv. K. Raju

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.