Web Desk

തിരുവനന്തപുരം

October 03, 2020, 1:47 pm

വന്യജീവി സംരക്ഷണത്തിൽ കേരളത്തിന്റെ മുന്നേറ്റം മാതൃകാപരം; മന്ത്രി കെ രാജു

Janayugom Online

വന്യജീവി സംരക്ഷണത്തിൽ കേരളത്തിന്റെ മുന്നേറ്റം മാതൃകാപരമെന്ന്  മന്ത്രി അഡ്വ. കെ രാജു. ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പാമ്പുകളുടെ സംരക്ഷണം മുൻനിർത്തി പാമ്പുപിടുത്തത്തിന് പ്രത്യേക മാർഗരേഖയും പരിശീലനവും ഏർപ്പെടുത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് കേരളം. ജനവാസകേന്ദ്രങ്ങളിലെത്തുന്ന പാമ്പുകളെ ശാസ്ത്രീയമായി പിടികൂടി അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരികെ വിടുന്നതിനായുള്ളതാണ് മാർഗരേഖ. പാമ്പുകളുടെയും ജനങ്ങളുടെയും സുരക്ഷിതത്വത്തിന് പാധാന്യം നൽകികൈാണ്ടാണ് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ വന്യ ജീവി വാരാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം വനംവകുപ്പ് ആസ്ഥാനത്ത് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടാന പരിപാലനത്തിലും കൃത്യമായ മാനദണ്ഢങ്ങൾ ഏർപ്പെടുത്തുകയും അത് കർശനമായി നടപ്പിലാക്കുയും ചെയ്യുന്നുണ്ട്. ആനകളുടെ ഡിഎൻഎ പ്രൊഫൈലിംഗ് പൂർത്തിയാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ കടുവാസങ്കേതങ്ങൾ രാജ്യത്തെ മികച്ചതെന്ന അംഗീകാരം നേടിയുട്ടള്ളതാണെന്നും മന്ത്രി പറഞ്ഞു. മനുഷ്യവന്യജീവി സംഘർഷങ്ങളെ സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും നിയമത്തിന്റെ പരിധിക്കുള്ളിൽ നിന്ന് ചെയ്യാവുന്ന പരമാവധി കാര്യങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.

കാട്ടുപന്നികൾ വ്യാപകകൃഷിനാശം വരുത്തന്നതായി കണ്ട സാഹചര്യത്തിൽ അവയെ വെടിവെയ്ക്കാനുള്ള ഉത്തരവു നൽകുകയും അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്തായും അദ്ദേഹം അറിയിച്ചു. മനുഷ്യവന്യജീവി സംഘർഷ പ്രശ്നങ്ങൾക്ക് അടിയന്തിര പ്രശ്നപരിഹാരം കാണുന്നതിന് ജനജാഗ്രതാ സമിതികൾ രൂപികരിച്ച് അവയുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്തിവരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ മുഖ്യവനംമേധാവി പി കെ കേശവൻ   അധ്യക്ഷത വഹിച്ചു. ഉഷാ രാജഗോപാൽ രചിച്ച സൂ ഇൻ മൈ ബാക്ക് യാർഡ് എന്ന പുസ്തകം, പാമ്പുപിടുത്തത്തെകുറിച്ചുള്ള മാനുവൽ, അരണ്യം പ്രത്യേക വന്യജീവി പതിപ്പ് എന്നിവയുടെ പ്രകാശനം മന്ത്രി നിർവഹിച്ചു. വെൽഡ് ലൈഫ് ട്രസ്റ്റ്എ പി സി ഓഫ് ഇന്ത്യ ഡയറക്ടർ വിവേക് മേനോൻ വന്യജീവി സംരക്ഷണത്തെ കുറിച്ച് മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ, പി സി സി എഫ് മാരായ ബെന്നിച്ചൻ തോമസ്, ദേവേന്ദ്രകുമാർ വർമ്മ, സി സി എഫ് അനൂപ് കെ ആർ തുടങ്ങിയവർ സംസാരിച്ചു. വാരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വന്യജീവിസംരക്ഷണവുമായി ബന്ധപ്പെട്ടപരിപാടികളും വിവിധ വിഷയങ്ങളിൽ വെബിനാറുകളും സംഘടിപ്പിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വന്യജീവി വാരാഘോഷപരിപാടികൾ വിവിധ ഡിജിറ്റൽ പ്ളാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് സംഘടിപ്പിച്ചിട്ടുള്ളത്. വാരാഘോഷപരിപാടികൾ എട്ടിന് സമാപിക്കും.

Eng­lish sum­ma­ry: Ker­ala’s progress in wildlife conservation

You may also like this video: