December 3, 2022 Saturday

Related news

December 2, 2022
November 18, 2022
November 15, 2022
November 15, 2022
November 15, 2022
November 15, 2022
November 10, 2022
November 10, 2022
November 10, 2022
November 9, 2022

സംസ്ഥാന പൊതുമേഖല ഈ വർഷവും ലാഭം കൊയ്യും

ബേബി ആലുവ
കൊച്ചി
March 28, 2021 9:27 am

കോവിഡ് മഹാവ്യാധി മൂലമുണ്ടായ വിവിധ പ്രശ്നങ്ങൾ വലിയ തോതിൽ ബാധിച്ചുവെങ്കിലും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ ഈ സാമ്പത്തിക വർഷത്തിലും ലാഭം കൊയ്യും.

വിറ്റുവരവിന്റേതടക്കമുള്ള അവസാനവട്ട പരിശോധനകളിലാണെങ്കിലും കഴിഞ്ഞ വർഷം ലാഭമുണ്ടാക്കിയവ ഇക്കുറി അതു വർധിപ്പിക്കുമെന്നും മറ്റു ചിലത് മുൻകാലങ്ങളിൽ നിന്നു കാര്യക്ഷമതയിൽ നേട്ടം കൈവരിക്കുമെന്നുമാണ് വിലയിരുത്തൽ.

ഇവയെല്ലാം തന്നെ യുഡിഎഫ് ഭരണകാലത്ത് നഷ്ടത്തിന്റെ സങ്കടക്കഥ പാടിയിരുന്നവയും അഴിമതിയുടെ കൂത്തരങ്ങുകളുമായിരുന്നു. ഉമ്മൻചാണ്ടി സർക്കാർ പടിയിറങ്ങുമ്പോൾ 7.3 കോടി രൂപ നഷ്ടത്തിലായിരുന്ന ഏലൂരിലെ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടിസിസി) തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം.

എൽഡിഎഫ് ഭരണത്തിൻ കീഴിൽ സ്ഥാപനം പടിപടിയായി വളർന്ന് 2019–20ലെത്തിയപ്പോൾ 133 കോടി രൂപയുടെ ലാഭത്തിലെത്തിയെന്ന് കമ്പനിയിലെ തൊഴിലാളി നേതാവും പറവൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം ടി നിക്സൻ പറഞ്ഞു.

ഈ സാമ്പത്തിക വർഷം സ്ഥിതി ഇതിലും മെച്ചപ്പെടും. 1963‑ൽ പ്രവർത്തനം തുടങ്ങിയ അങ്കമാലിയിലെ ടെൽക്കും ദുരിതവഴിയിലായിരുന്നു. 2015–16 സാമ്പത്തിക വർഷം നഷ്ടം 14.78 കോടി രൂപ.

2016–17‑ൽ ടെൽക്ക് ലാഭം കൊയ്തു. 6.70 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷം ലാഭം 8.4 കോടി രൂപ. ഇക്കുറിയും ലാഭം കൂടുമെന്ന് ടെൽക്ക് ചെയർമാൻ എൻ സി മോഹനൻ പറഞ്ഞു. സർക്കാർ അനുബന്ധ മേഖലകളിൽ ഫർണിച്ചർ നിർമ്മിച്ചു വിതരണം ചെയ്യുന്ന ആലുവയിലെ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ഓഫ് ട്രാവൻകൂറി (എഫ്ഐടി)ൽ യുഡിഎഫ് ഭരണകാലത്ത് ഓഡിറ്റിംഗ് പോലുമുണ്ടായിരുന്നില്ല. ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് നഷ്ടം 14 കോടി രൂപ. 2018–19 ആയപ്പോൾ നഷ്ടം നികത്തി ലാഭം 3.38 ലക്ഷത്തിലേക്കും 19–20‑ൽ 42.89 ലക്ഷത്തിലേക്കും ഉയർന്നുവെന്ന് എഫ്ഐടി ചെയർമാൻ ടി കെ മോഹനൻ അറിയിച്ചു. ഈ കുതിപ്പ് ഈ സാമ്പത്തിക വർഷത്തിലും ആവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അത്താണിയിലെ ആഗ്രോ മെഷിനറി കോർപ്പറേഷൻ (കാംകോ) കഴിഞ്ഞ വർഷം നേടിയ ലാഭം അഞ്ചുകോടി രൂപയുടേതാണ്. കോവിഡ് പ്രതികൂല സാഹചര്യങ്ങളിലും കാംകോ നില മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയർമാനും തൃശൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പി ബാലചന്ദ്രൻ പറഞ്ഞു. എൽഡിഎഫ് ഭരണത്തിലെത്തുമ്പോൾ നഷ്ടത്തിലായിരുന്ന സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ക്രമേണ ലാഭത്തിലേക്കെത്തി നില മെച്ചപ്പെടുത്തിയെങ്കിലും അ നിവാര്യമായ റീപ്ലാനിംഗിനായി ചെലവ് വേണ്ടിവന്നതിനാൽ ഈ സാമ്പത്തിക വർഷം ലാഭം പ്രതീക്ഷിക്കാനാവില്ലെന്ന് ചെയർമാൻ കെ കെ അഷറഫ് വ്യക്തമാക്കി. എന്നാൽ, റീപ്ലാനിംഗിലൂടെ സ്ഥാപനം മികവ് നേടിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ ഇതര പൊതുമേഖലാ സ്ഥാപനങ്ങളായ കേരളാ ബുക്സ് ആന്റ് പബ്ലിഷിംഗ് സൊസൈറ്റി, വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് കൗൺസിൽ, വാഴക്കുളം ആഗ്രോ ആന്റ് ഫ്രൂട്ട്സ് പ്രോസസിംഗ് കമ്പനി, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ, ബാംബു കോർപ്പറേഷൻ എന്നിവയും നില മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.

Eng­lish sum­ma­ry: Ker­ala’s pub­lic sec­tor will con­tin­ue to reap prof­its this year

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.