October 6, 2022 Thursday

വ്യവസായ മേഖലയുടെ പുനഃരുദ്ധാരണം; കേരളത്തിന്റെ നിര്‍ദ്ദേശങ്ങള്‍ മാതൃകാപരം: കേന്ദ്ര മന്ത്രിമാര്‍

Janayugom Webdesk
തിരുവനന്തപുരം
April 30, 2020 9:24 pm

ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വ്യവസായ മേഖലയുടെ പുനഃരുദ്ധാരണത്തിന് കേരളം സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ മാതൃകാപരമാണെന്ന് കേന്ദ്ര മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര രാസാധിഷ്ഠിത വ്യവസായ മന്ത്രി ഡി വി സദാനന്ദ ഗൗഡ, കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രി ഹര്‍സിമ്രത് കീര്‍ ബാദല്‍, കേന്ദ്ര സഹമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി എന്നിവരാണ് കേരളത്തെ അഭിനന്ദിച്ചത്. സംസ്ഥാനത്തെ വിവിധ വ്യവസായ മേഖലകളുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് അയച്ച കത്തുകള്‍ ലഭിച്ചതിനു പിന്നാലെ വ്യവസായ മന്ത്രി ഇ പി ജയരാജനെ മൂവരും ഫോണില്‍ ബന്ധപ്പെട്ടാണ് ഇക്കാര്യം പറഞ്ഞത്. കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രിമാര്‍ ഉറപ്പു നല്‍കി.

ലോക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും ചൂണ്ടിക്കാട്ടിയാണ് വ്യവസായ വകുപ്പ് കത്തയച്ചത്. വ്യവസായമേഖലയിലെ വിഷയങ്ങള്‍ പരിശോധിച്ച് ഇതേ രീതിയില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മറ്റു സംസ്ഥാനങ്ങളോടും ആവശ്യപ്പെടുമെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. രാസ മന്ത്രാലയത്തിന്റെ ചുമതലയുള്ള സദാനന്ദ ഗൗഡയോട് രാസ വ്യവസായങ്ങളുടെ നഷ്ടം നികത്താന്‍ 120 കോടി രൂപയുടെ സഹായം മന്ത്രി ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു. എംഎസ്എംഇ മേഖലയുടെ വീണ്ടെടുപ്പിന് ഭദ്രത എന്ന പേരില്‍ വിപുലമായ പാക്കേജ് തയ്യാറാക്കുന്നതായി കേന്ദ്ര വാണിജ്യ‑വ്യവസായ സഹമന്ത്രി ഹര്‍ദീപ് സിങ്ങ് പുരിയെ അറിയിച്ചു.

സംരംഭകര്‍ക്ക് നിലവില്‍ പ്രഖ്യാപിച്ച മൂന്നു മാസത്തെ മൊറട്ടോറിയം മൂന്നു മാസം കൂടി നീട്ടണമെന്നും, മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. എംഎസ്എംഇ മേഖലയ്ക്ക് അടിയന്തരമായി കേന്ദ്രം 500 കോടി രൂപയുടെ സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഭക്ഷ്യ സംസ്കരണ വ്യവസായ മേഖലയില്‍ പതിനായിരം യൂണിറ്റുകള്‍ അടഞ്ഞുകിടക്കുകയാണെന്നും അവയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണമെന്നും ഹര്‍സിമ്രത് കൗറിനെ അറിയിച്ചു. ഈ മേഖലയ്ക്കായി 500 കോടിയുടെ അടിയന്തര സഹായം വേണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.