Web Desk

ന്യൂഡല്‍ഹി

September 23, 2020, 9:11 pm

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ സ്യൂട്ട് സുപ്രീം കോടതി നാളെ പരിഗണിക്കും

Janayugom Online

പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് കേരളം ഫയൽ ചെയ്ത സ്യൂട്ട് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും. ജസ്റ്റിസ് ഹൃഷികേശ് റോയ് ചേംബറിലാണ് സ്യൂട്ട് ഹർജി പരിഗണിക്കുന്നത്. കേന്ദ്ര സർക്കാരിന് അയച്ച ചേംബർ സമൻസിന്റെ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് സ്യൂട്ട് നാളെ കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.

2020 ജനുവരി 13‑നാണ് കേരളം പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സ്യൂട്ട് ഹർജി ഫയൽ ചെയ്തത്. 2013‑ലെ സുപ്രീം കോടതി ചട്ടപ്രകാരം, കേസിലെ എതിർകക്ഷി ആയ കേന്ദ്ര നിയമ മന്ത്രാലയത്തിന് അറ്റോർണി ജനറലിന്റെ ഓഫീസ് മുഖേന സുപ്രീം കോടതി രജിസ്ട്രി ജനുവരി 29‑ന് സമൻസ് കൈമാറിയിരുന്നു. ആറു മാസം കഴിഞ്ഞിട്ടും കേന്ദ്ര സർക്കാരിന് വേണ്ടി അഭിഭാഷകർ വക്കാലത്ത് ഇട്ടില്ല. തുടർന്ന് ചേംബർ സമൻസ് കൈമാറാൻ രജിസ്ട്രി സംസ്ഥാന സർക്കാരിനോട് നിർദേശിക്കുകയായിരുന്നു.

അന്നത്തെ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയാണ് ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരം സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്യൂട്ട് ഫയൽ ചെയ്തത്. പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണെന്ന് വിധിക്കണം.

നിയമം റദ്ദാക്കണം. പാസ്പോർട്ട് നിയമത്തിലെ 2015ലെ ചട്ടങ്ങളും, വിദേശികളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട 2016‑ലെ ചട്ടങ്ങളും ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ചുകൊണ്ട് റദ്ദാക്കണം എന്നിവയാണ് സ്യൂട്ടിലെ പ്രധാന ആവശ്യങ്ങൾ.

Eng­lish sum­ma­ry; Ker­ala’s suit against cit­i­zen­ship law amend­ment will be con­sid­ered by the Supreme Court tomorrow

You may also like this video;