പത്മനാഭന് അമിക്കസ് ക്യൂറി വക 50 ലക്ഷത്തിന്റെ പൂജാപാത്രങ്ങള്‍

Web Desk
Posted on November 27, 2017, 9:48 am

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തില്‍, അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം 50 ലക്ഷം വിലവരുന്ന വിവിധതരം പൂജാപാത്രങ്ങള്‍ നടയ്ക്കുവച്ചു. ക്ഷേത്രത്തിലെ വിവിധ പൂജാ ആവശ്യങ്ങള്‍ക്കുള്ള വിവിധതരം പാത്രങ്ങളാണ് അമിക്കസ് ക്യൂറി സമര്‍പ്പിച്ചത്.

വലിയ വാര്‍പ്പ്, ഓട്ടുരുളി, വെങ്കലത്തില്‍ നിര്‍മിച്ച നിലവാതില്‍, അപ്പക്കാര, പൂജയ്ക്കുള്ള വെള്ളിപ്പാത്രങ്ങള്‍ എന്നിവ ക്ഷേത്രത്തിനു സമര്‍പ്പിച്ച ശേഖരത്തിലുണ്ട്. എല്ലാത്തരം നിവേദ്യങ്ങള്‍ തയ്യാറാക്കാനും പിന്നീട് അവ പകരാനും വേണ്ട പാത്രങ്ങള്‍ സമര്‍പ്പിച്ചവയിലുണ്ട്. നൂറോളം വരുന്ന വലിയ പാത്രങ്ങള്‍ രണ്ടു വാഹനങ്ങളിലാണ് ക്ഷേത്രത്തിലെത്തിച്ചത്. നിലവില്‍ കാലപ്പഴക്കം ചെന്ന പാത്രങ്ങളാണ് ക്ഷേത്രത്തിലുള്ളത്.

മാന്നാറിലെ വെങ്കലപാത്ര നിര്‍മാണ മേഖലയില്‍നിന്ന് അമിക്കസ് ക്യൂറിയുടെ നിര്‍ദേശപ്രകാരം പാത്രങ്ങള്‍ പ്രത്യേകം തയ്യാറാക്കുകയായിരുന്നു.

ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.രതീശന്‍ ഏറ്റുവാങ്ങിയ പാത്രങ്ങള്‍, തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ദേവനു സമര്‍പ്പിച്ചു. ഞായറാഴ്ച രാവിലെ പുതിയ പാത്രത്തില്‍ തയ്യാറാക്കിയ നിവേദ്യമാണ് ക്ഷേത്രത്തില്‍ പൂജയ്ക്കുപയോഗിച്ചത്.