Web Desk

കൊച്ചി

February 21, 2020, 5:10 pm

തനത് ഓൾ- ഇൻ- വൺ അപ്ലിക്കേഷനുമായി സ്റ്റാർട്ടപ്പ് ബിറ്റിൽ

Janayugom Online

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി സ്റ്റാര്‍ട്ടപ്പായ ബിറ്റില്‍ ഇന്റഗ്രേറ്റഡ് ടെക്‌നോളജി ബഹുമുഖങ്ങളായ സേവനങ്ങള്‍ നല്‍കുന്ന ബിറ്റില്‍ (bit­dle) എന്ന അപ്ലിക്കേഷന്‍ വിപണിയിലിറക്കി. ഹൈബ്രിഡ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്, സെര്‍ച്ച് എന്‍ജിന്‍, സോഷ്യല്‍ ഷോപ്പിംഗ്, ഷെയറിംഗ് ഇക്കണോമി, ഓണ്‍ലൈന്‍ പ്രശസ്തി, സിആര്‍എം, ഡേറ്റാ അനാലിറ്റിക്‌സ്, സാമൂഹ്യസേവനം, വിനോദം, എല്ലാറ്റിനുമുപരിയായി സമൂഹത്തിന്റെ ശാക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് 7 വര്‍ഷത്തെ ഗവേഷണ‑വികസനത്തിലൂടെ ബിറ്റില്‍ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ അഭിമന്യു എസ് പ റഞ്ഞു. ആന്‍ഡ്രോയ്ഡ്, ഐഒഎസ്, ഹൈബ്രിഡ് വകഭേദങ്ങളില്‍ ഒരാഴ്ചക്കകം ലഭ്യമാകുന്ന ബിറ്റിലിന്റെ പൂര്‍ണരൂപവും സേവനങ്ങളും ഏതാനു ദിവസങ്ങള്‍ക്കകം യൂറോപ്പ്, ഇന്ത്യ, ഫാര്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ലഭ്യമാകുമെന്നും അഭിമന്യു പറഞ്ഞു. ഇന്റര്‍നെറ്റ് ഭീമന്മാര്‍ക്കുള്ള ഇന്ത്യയുടെ മറുപടിയാണ് ബിറ്റിലെന്നും അഭിമന്യു പറഞ്ഞു.

ആഗോളതലത്തില്‍ത്തന്നെ ഇത് വലിയ സ്വാധീനമുണ്ടാക്കും. സമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ പ്രധാനമായും സമയം കൊല്ലാന്‍ മാത്രം ഉപകരിക്കുമ്പോള്‍ സമൂഹത്തോടുള്ള പ്രതിബദ്ധതായാണ് ബിറ്റിലിന്റെ അനന്യമായ മികവ്. ഹൈബ്രിഡ് വിര്‍ച്വല്‍ കമ്യൂണിറ്റി പ്ലാറ്റ്‌ഫോം, സ്മാര്‍ട് ഉപകരണങ്ങള്‍, വിര്‍ച്വല്‍ മെഡ് പാഡ്, എഐ, എആര്‍ എന്നിവ ഉപയോഗപ്പെടുത്തുന്ന ഇന്റലിജന്റ് പെഴ്‌സണല്‍ അസിസ്റ്റന്റ്, ഫേഷ്യല്‍, ഒബ്ജക്റ്റ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (ഫോയ്‌സ്) എന്നിവയുടെ മിശ്രണത്തിലൂടെയാണ് ബിറ്റില്‍ ഇത് നടപ്പാക്കുക.

വ്യക്തികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഉപയോഗപ്പെടും വിധമാണ് ബിറ്റിലിന്റെ രൂപകല്‍പ്പനയെന്ന് ഡയറക്ടറായ സുനില്‍ നടേശന്‍ പറഞ്ഞു. തൊഴില്‍പരമായും വിനോദപരമായും ഉപകാരപ്പെടുന്നതും സൗജന്യവും ഫീസുള്ളതുമായ വിവിധ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും. 18 മുതല്‍ 35 വരെ പ്രായമുള്ളവരെയാണ് വ്യക്തിതലത്തില്‍ ബിറ്റില്‍ ലക്ഷ്യമിടുന്നത്. ബിസിനസ് കസ്റ്റമേഴ്‌സായി ചെറുകിട സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ വന്‍കിട കോര്‍പ്പറേറ്റ് വരെയുള്ളവര്‍ക്ക് സേവനം നല്‍കും. ബിറ്റില്‍ ശേഖരിക്കുന്നതും പ്രോസസ് ചെയ്യുന്നതുമായ ഡേറ്റ മുഴുവന്‍ അതത് രാജ്യങ്ങളില്‍ മാത്രമേ പ്രോസസ് ചെയ്യുകയുള്ളുവെന്നും എല്ലാം യൂറോപ്യന്‍ യൂണിയന്റെ ജിഡിപിആര്‍ (ജനറല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍) അനുസൃതമായിരിക്കുമെന്നും അഭിമന്യു പറഞ്ഞു.

ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന നിത്യജീവിതത്തിലെ മിക്കവാറും എല്ലാ കാര്യങ്ങളും ലളിതവും വേഗവും ചെലവു കുറഞ്ഞതുമാക്കാനുള്ള സേവനങ്ങളാണ് ബിറ്റിലിലൂടെ നല്‍കുകയെന്ന് ഡയറക്ടറായ ഷാജി എ വി പറഞ്ഞു. ‘ഉദാഹരണത്തിന് ഒരാളുടെ മെഡിക്കല്‍ ഹിസ്റ്ററി അദ്ദേഹത്തിന്റെ ഡോക്ടറുമായും ഭാഗികമായി ലബോറട്ടറിയുമായും പങ്കുവെയ്ക്കാനാവും. ബയോമെട്രിക് ഡേറ്റ ഉപയോഗിച്ച് കാണാതായവരെ കണ്ടെത്തുക, ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള സേവനങ്ങള്‍ കാലവിളംബം കൂടാതെ ലഭ്യമാക്കുക തുടങ്ങി അസംഖ്യം സേവനങ്ങള്‍ ബിറ്റില്‍ നിറവേറ്റും, അദ്ദേഹം പറഞ്ഞു. ബിറ്റിലിന്റെ മിക്കവാറും സേവനങ്ങള്‍ സൗജന്യമായിരിക്കുമെന്ന് അഭിമന്യു കൂട്ടിച്ചേര്‍ത്തു. നാലു തരം ബന്ധങ്ങളാണ് ബിറ്റിലിലൂടെ സാധ്യമാവുക. അതേ സമയം ബിറ്റില്‍ മത്സരിക്കുന്ന വന്‍കിടക്കാരുടെ ആപ്പുകളില്‍ സുഹൃത്ത്, സുഹൃത്തല്ലാത്തയാള്‍ എന്നിങ്ങനെ രണ്ടു തരം ബന്ധങ്ങള്‍ മാത്രമേ സാധ്യമാവൂ. ബിറ്റിലിലൂടെ സാധ്യമാവുന്ന നാല് തരം ബന്ധങ്ങള്‍ ഇവയാണ്-

  1. 1) നിങ്ങളെ പിന്തുടരുന്നവരും നിങ്ങള്‍ പിന്തുടരാത്തവരും
  2. 2) നിങ്ങളെ പിന്തുടരാത്തവരും നിങ്ങള്‍ പിന്തുടരുന്നവരും
  3. 3) പരസ്പരം പിന്തുടരുന്നവര്‍
  4. 4) പരസ്പരം പിന്തുടരാത്തവര്‍.

സമശീര്‍ഷരുമായുള്ള ബന്ധങ്ങള്‍, തത്സമയ സാഹചര്യങ്ങളുടെ നിരീക്ഷണം, ചടങ്ങുകള്‍, വിനോദം, ആശയങ്ങളുടെ വിപുലീകരണം, ബോധവല്‍ക്കരണവും വിദ്യാഭ്യാസ പരിപാടികളും, ജനാഭിപ്രായ രൂപീകരണം, ഇന്‍സ്റ്റന്റ് മെസേജിംഗ്, വിഡിയോ ചാറ്റിംഗ് തുടങ്ങിയവയും ബിറ്റിലിലൂടെ സാധ്യമാകും. ട്രെന്‍ഡുകള്‍ പെട്ടെന്നു തന്നെ ശ്രദ്ധയില്‍പ്പെടുത്താനും ബ്രാന്‍ഡുകളെ പിന്തുടരാനും കണ്ടുപിടുത്തങ്ങള്‍ പങ്കുവെയ്ക്കാനും പര്‍ച്ചേസുകള്‍ നടത്താനും ബിറ്റില്‍ വഴിയൊരുക്കും. അംഗത്വ പാക്കേജ്, പ്രീമിയം പേജുകള്‍, ഡേറ്റാ അനാലിറ്റിക്‌സ്, സര്‍വീസ് മാനേജ്‌മെന്റ്, പരസ്യങ്ങള്‍ എന്നിവയിലൂടെയാണ് കമ്പനിയുടെ വരുമാനം. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) ഉപകരണങ്ങളിലൂടെ ഒന്നാം വര്‍ഷം തന്നെ ഹാര്‍ഡ് വെയര്‍ വിപണിയിലേയ്ക്കു കടക്കാനും കമ്പനിക്ക് ഉദ്ദേശമുണ്ട്. 2021‑ല്‍ റോബോട്ടിക് ഓട്ടോമേഷനും 2022‑ല്‍ ക്ലൗഡ് കമ്പ്യൂട്ടിംഗും ഉപയോഗപ്പെടുത്താനും പരിപാടിയുണ്ട്. ഫീ അടിസ്ഥാന വരുമാനം ഉള്‍പ്പെടെ പ്രവര്‍ത്തനത്തിന്റെ ആദ്യസാമ്പത്തികവര്‍ഷം 129 കോടി രൂപയുടെ വരുമാനവും പ്രതീക്ഷിക്കുന്നു. തുടക്കത്തില്‍ ഇന്ത്യന്‍ വിപണിയുടെ 1.16% നേടാമെന്നാണ് കണക്കുകൂട്ടല്‍. 5700‑ലേറെപ്പേര്‍ക്ക് തൊഴില്‍ നല്‍കാനും ലക്ഷ്യമിടുന്നു, അഭിമന്യു പറഞ്ഞു. ഐഒടിയിലാണ് തങ്ങളുടെ സേവനങ്ങള്‍ ഏറെയും അധിഷ്ഠിതമായിട്ടുള്ളത്. 13000 ഉപകരണങ്ങളുടെ വില്‍പ്പനയിലൂടെ ഈ വിഭാഗത്തില്‍ മാത്രം 1.03 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്, അഭിമന്യു കൂട്ടിച്ചേര്‍ത്തു.

ലൈക്കുകള്‍, കമന്റുകള്‍, ഫോര്‍വേഡുകള്‍, ഷെയറുകള്‍ എന്നിവയ്ക്കുപരിയായി ഇന്റര്‍നെറ്റിനെ ഓരോ മനുഷ്യനും സമുദായത്തിനും എങ്ങനെ ഉപകാരപ്പെടുത്താമെന്നാണ് ഞങ്ങള്‍ നോക്കുന്നത്. ഒരു ഉത്സവം നടക്കുന്ന ഗ്രാമമായാണ് ലോകത്തെ ഞങ്ങള്‍ വിഭാവനം ചെയ്യുന്നത്. ഉത്സവം വിനോദം മാത്രമല്ല, ഉത്സവവും സാമ്പത്തിക ഇടപാടുകള്‍ സൃഷ്ടിക്കുന്നു, സമുദായിക ബന്ധങ്ങളെ ഉറപ്പിയ്ക്കുന്നു, അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതി, വളണ്ടിയറിംഗ്, ഗവേഷണം, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എ്ന്നീ മേഖലകളില്‍ 11 വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള അഭിമന്യു, ട്രാവല്‍, ടൂറിസം മേഖലയില്‍ രണ്ട് ദശകത്തിലേറെ അനുഭവസമ്പത്തുള്ള ഷാജി എ വി„ നിര്‍മാണ സാമഗ്രികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുനില്‍ നടേശന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ടെക്‌നോക്രാറ്റുകളാണ് കമ്പനിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഒരാഴ്ചയ്ക്കകം ഈ ആപ്പിന്റെ ബീറ്റാ വെര്‍ഷന്‍ ആന്‍ഡ്രോയ്ഡിലും ഐഒഎസിലും ഹൈബ്രിഡ് അപ്ലിക്കേഷനായും ഡൗണ്‍ലോഡ് ചെയ്യാനാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484430 3535; 96057 19000; 72933 33387; www.bitdle.com

you may also like this video;