28 March 2024, Thursday

Related news

March 18, 2024
March 18, 2024
March 16, 2024
March 5, 2024
February 29, 2024
February 28, 2024
February 11, 2024
February 9, 2024
February 4, 2024
January 19, 2024

മണ്ണെണ്ണ വിലവർധനവ് — കേന്ദ്ര നടപടി തിരുത്തുക

Janayugom Webdesk
July 5, 2022 5:25 am

നിലവിൽ സംസ്ഥാനത്തിന് കേന്ദ്ര സർക്കാരിൽ നിന്നും മണ്ണെണ്ണ വിഹിതം ലഭിക്കുന്നത് പിഡിഎസ്, നോൺ‑പിഡിഎസ് ഇനങ്ങളിലായിട്ടാണ്. റേഷൻ കടകളിലൂടെ വിതരണം ചെയ്യേണ്ട മണ്ണെണ്ണ പിഡിഎസ് വിഹിതമായും മറ്റാവശ്യങ്ങൾക്കുള്ള മണ്ണെണ്ണ (ഉത്സവങ്ങൾ –കാർഷികാവശ്യം – മത്സ്യബന്ധനം – പ്രകൃതിക്ഷോഭം), സംസ്ഥാന സർക്കാരുകളുടെ ആവശ്യം പരിശോധിച്ച് കേന്ദ്ര സർക്കാരിന് ബോധ്യപ്പെടുന്ന പക്ഷം, നോൺ‑പിഡിഎസ് വിഹിതമായും അനുവദിച്ച് വരുന്നു. 2018ന് മുൻപ് പിഡിഎസ്, നോൺ‑പിഡിഎസ് മണ്ണെണ്ണയുടെ വിലകൾ തമ്മിൽ വലിയ തോതിലുള്ള അന്തരം ഉണ്ടായിരുന്നു. എന്നാൽ നിലവിൽ പിഡിഎസ്, നോൺ‑പിഡിഎസ് മണ്ണെണ്ണയുടെ വിലകൾ തമ്മിൽ വ്യത്യാസമില്ല. മത്സ്യബന്ധനത്തിനായി നൽകി വരുന്ന നോൺ‑പിഡിഎസ് മണ്ണെണ്ണയ്ക്ക് ഫിഷറീസ് വകുപ്പ് 25 രൂപയുടെ സബ്സിഡി നൽകിവരുന്നുണ്ട്.


ഇതുകൂടി വായിക്കൂ:  സാമ്പത്തിക പ്രതിസന്ധി: സൗജന്യ റേഷന്‍ കേന്ദ്രം നിര്‍ത്തലാക്കുന്നു


2018 വരെ കേന്ദ്രം അനുവദിച്ചിരുന്ന പിഡിഎസ് മണ്ണെണ്ണ വിഹിതത്തിൽ നിന്നാണ് ഉത്സവങ്ങൾ –കാർഷികാവശ്യം – മത്സ്യബന്ധനം – പ്രകൃതിക്ഷോഭം എന്നീ ആവശ്യങ്ങൾക്കായി മണ്ണെണ്ണ കണ്ടെത്തിയിരുന്നത്. എന്നാൽ പിഡിഎസ് ഇനത്തിൽ നൽകിവന്നിരുന്ന മണ്ണെണ്ണ വിഹിതം വ്യാപാര ആവശ്യങ്ങൾക്കായി വലിയ തോതിൽ ദുർവിനിയോഗം ചെയ്യുന്നു എന്ന കാരണം പറഞ്ഞുകൊണ്ട് കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന മണ്ണെണ്ണ വിഹിതത്തിൽ കേന്ദ്ര സർക്കാർ വലിയ തോതിലുള്ള വെട്ടിക്കുറവ് വരുത്തുകയുണ്ടായി. എന്നുമാത്രമല്ല, ഉത്സവങ്ങൾ – കൃഷി– മത്സ്യബന്ധനം – പ്രകൃതിക്ഷോഭം എന്നീ ആവശ്യങ്ങൾക്കായി പിഡിഎസ് വിഹിതമായി അനുവദിക്കുന്ന മണ്ണെണ്ണ ഉപയോഗിക്കാൻ പാടില്ലെന്നും മുകളിൽ പരാമർശിച്ച ആവശ്യങ്ങൾക്കായി നോൺ ‍— പിഡിഎസ് മണ്ണെണ്ണ ആവശ്യമുള്ള പക്ഷം സാഹചര്യം വ്യക്തമാക്കി അപേക്ഷ നൽകിയാൽ ആയത് പരിഗണിക്കാമെന്നും അറിയിച്ചിരുന്നു.
2020 ഏപ്രിലിൽ ഒരു ലിറ്റർ മണ്ണെണ്ണയുടെ അടിസ്ഥാന വില 22.26 രൂപ ആയിരുന്നു. തുടർന്നുള്ള മാസങ്ങളിൽ വില ക്രമാനുഗതമായി വർധിച്ച് 2021 ജൂലൈയിൽ 36.99 രൂപയിലെത്തി. തുടർന്ന് ഓഗസ്റ്റ് മാസത്തിൽ 38.32 രൂപയായും നവംബർ മാസം 45.79, 2022 ഫെബ്രുവരി 49.55, മാർച്ചിൽ 56.17, ഏപ്രിലിൽ 70.40, മേയ് 72.82 രൂപയായും ജൂൺ മാസം 77.30 രൂപയായും ജൂലൈ മാസം 90.59 രൂപയായും വർധിപ്പിച്ചു. നിലവിലെ അടിസ്ഥാന വിലയായ 90.59 രൂപയോടൊപ്പം സിജിഎസ്‌ടി (2.5 ശത­മാനം), എസ്ജിഎസ്‌ടി (2.5 ശതമാനം), കടത്തുകൂലി, ഡീലർ കമ്മിഷൻ, റീട്ടെയിൽ കമ്മിഷൻ എന്നിവ ചേരുമ്പോൾ മണ്ണെണ്ണ വില 102 രൂപയിലെത്തും.


ഇതുകൂടി വായിക്കൂ: വിലക്കയറ്റം പിടിച്ചു നിർത്തിയ സംസ്ഥാനം കേരളം


വിലയിലുണ്ടായ ക്രമാതീതമായ വർധന കാരണം പല സംസ്ഥാനങ്ങളും കേന്ദ്രം അനുവദിക്കുന്ന മണ്ണെണ്ണ വിഹിതം പൂർണമായും ഏറ്റെടുക്കുന്നതിൽ വിമുഖത കാട്ടിവരുന്നു. കൂടിയ വിലയ്ക്ക് മണ്ണെണ്ണ വാങ്ങാൻ ജനങ്ങൾ തയാറല്ലാത്ത സാഹചര്യം മറ്റു സംസ്ഥാനങ്ങളിൽ ‍നിലവിലുണ്ട്. എന്നാൽ 2020–21, 2021–22 വർഷങ്ങളിൽ കേന്ദ്ര സർക്കാർ കേരളത്തിന് അനുവദിച്ച മുഴുവൻ മണ്ണെണ്ണയും കൃത്യസമയത്തുതന്നെ ഏറ്റെടുത്തിരുന്നു. ഈ സാഹചര്യത്തിൽ, 2022–23 ആദ്യപാദത്തിൽ കേരളത്തിന് അനുവദിച്ച പിഡിഎസ് മണ്ണെണ്ണ വിഹിതത്തിൽ മുൻവർഷത്തെക്കാൾ 40 ശതമാനം വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. 2021–22 ആദ്യപാദത്തിൽ 6480 കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചപ്പോൾ 2022–23 ആദ്യപാദത്തിൽ 3888 കിലോ ലിറ്റർ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. 2016ൽ കേരളത്തിന് അനുവദിച്ചുകൊണ്ടിരുന്ന പിഡിഎസ് മണ്ണെണ്ണ വിഹിതത്തിന്റെ അഞ്ചിലൊരു വിഹിതം പോലും നിലവിൽ സംസ്ഥാനത്തിന് അനുവദിക്കുന്നില്ല.
സംസ്ഥാനങ്ങൾക്കുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രത്തിൽ നിന്നും നാല് പാദങ്ങളിലായിട്ടാണ് (Quar­ter) അനുവദിക്കുന്നത്. 1990 കളിൽ കേന്ദ്രത്തിൽ നിന്ന് അനുവദിക്കുന്ന മണ്ണെണ്ണ വിഹിതത്തിന്റെ ശരാശരി 3 ലക്ഷം കിലോ ലിറ്റർ (30 കോടി ലിറ്റർ) ആയിരുന്നു. 2000 മുതൽ 2010 വരെ അനുവദിക്കപ്പെടുന്ന മണ്ണെണ്ണയുടെ അളവിൽ ക്രമാനുഗമമായ കുറവ് രേഖപ്പെടുത്തി ശരാശരി വിഹിതം 2.5 ലക്ഷം കിലോ ലിറ്ററായി (25 കോടി ലിറ്റർ) കുറഞ്ഞു. 2011 മുതൽ കേന്ദ്രം അനുവദിക്കുന്ന മണ്ണെണ്ണയിൽ വലിയ തോതിലുള്ള വെട്ടിക്കുറവ് വരുത്തുകയുണ്ടായി.

2015 – 2016 – 1,17, 780 കിലോ ലിറ്റർ
2016 – 2017 – 88,344 കിലോ ലിറ്റർ
2017 – 2018 — 58,716 കിലോ ലിറ്റർ
2018 – 2019 — 52,632 കിലോ ലിറ്റർ
2019 – 2020 — 41,700 കിലോ ലിറ്റർ
2020 – 2021 — 37,056 കിലോ ലിറ്റർ
2021 – 2022 — 25,920 കിലോ ലിറ്റർ

2022 ആദ്യ പാദം- 3,888 കിലോ ലിറ്റർ (കിട്ടാവുന്ന വിഹിതം — 15,552 കിലോ ലിറ്റർ). 2022ൽ കേന്ദ്ര വിഹിതമായി പിഡിഎസ് ഇനത്തിൽ കിട്ടാൻ സാധ്യതയുള്ള മണ്ണെണ്ണയുടെ അളവ് 15,552 കിലോ ലിറ്റർ (1,55,520,00 ലിറ്റർ) മാത്രമായിരിക്കും. നിലവിൽ എഎവൈ (മഞ്ഞ നിറം), പിഎച്ച്എച്ച് (പിങ്ക് നിറം) എൻപിഎസ് (നീല നിറം), എൻപിഎൻഎസ് (വെള്ള നിറം) എന്നീ വിഭാഗത്തിലുള്ള കാർഡുടമകൾക്ക് മൂന്ന് മാസത്തിലൊരിക്കൽ അര ലിറ്റർ മണ്ണെണ്ണയാണ് നൽകി വരുന്നത്. വൈദ്യുതി കണക്ഷൻ ഇല്ലാത്ത കാർഡുകൾക്ക് മൂന്നു മാസത്തിലൊരിക്കൽ ആറ് ലിറ്റർ മണ്ണെണ്ണയാണ് നൽകി വരുന്നത്. തുടർന്നും മണ്ണെണ്ണ വിഹിതത്തിൽ വെട്ടിക്കുറവ് വരുന്ന പക്ഷം നിലവിൽ നൽകി വരുന്ന അളവിൽപോലും കാർഡുടമകൾക്ക് മണ്ണെണ്ണ നൽകാൻ കഴിയാത്ത സാഹചര്യമുണ്ടാകും.

മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനാവശ്യത്തിനായി ഒരു മാസം 2,160 കിലോ ലിറ്റർ (21,60,000ലിറ്റർ) മണ്ണെണ്ണയാണ് നിലവിൽ അനുവദിച്ചിട്ടുള്ള പെർമ്മിറ്റ് പ്രകാരം ആവശ്യമായി വരുന്നത്. ആ നിലയ്ക്ക് ഒരു വർഷത്തേത്ത് 25,920 കിലോ ലിറ്റർ (2,59,20,000 ലിറ്റർ) മണ്ണെണ്ണ ആവശ്യമായി വരുന്നു. എ­ന്നാൽ പ്രസ്തുത അളവിൽ ലഭ്യമാകുന്ന മണ്ണെണ്ണ മത്സ്യബന്ധനത്തിലേർപ്പെടുന്ന മത്സ്യത്തൊഴിലാളിക്ക് ഒരാഴ്ചത്തേക്കു പോലും തികയില്ല എന്നതാണ് വസ്തുത. ഉത്സവങ്ങൾ –കാർഷികാവശ്യം – മത്സ്യബന്ധനം – പ്രകൃതിക്ഷോഭം എന്നീ ആവശ്യങ്ങൾ പരിഗണിച്ച് സംസ്ഥാനത്തിന് 10, 8960 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 6,7 തീയതികളിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി കേന്ദ്ര പെട്രോളിയം മന്ത്രിയെ കാണുകയും ആവശ്യം അനുഭാവപൂർവം പരിഗണിക്കാം എന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ നാളിതുവരെ മണ്ണെണ്ണ അനുവദിക്കുകയുണ്ടായില്ല.
നിലവിൽ സംസ്ഥാനത്ത് 14,300ഓളം യാനങ്ങൾക്കാണ് പെർമിറ്റ് അനുവദിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരിൽ നിന്നും മണ്ണെണ്ണ ലഭ്യമാകുന്ന മുറയ്ക്ക് മത്സ്യബന്ധനത്തിനായി മണ്ണെണ്ണ അനുവദിച്ച് വരുന്നു. മേയ് മാസത്തിൽ മത്സ്യബന്ധനത്തിനായി മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനായി ഒരു മാസം നൽകിവരുന്ന മണ്ണെണ്ണയുടെ അളവ് ചുവടെ ചേർക്കുന്നു.

10 എച്ച്പി — 129 ലിറ്റര്‍
10 എച്ച്പി — 15 എച്ച്പി — 136 ലിറ്റര്‍
15 എച്ച്പിക്ക് മുകളിൽ — 180 ലിറ്റര്‍

മത്സ്യബന്ധന പെർമിറ്റുള്ള മത്സ്യത്തൊഴിലാളികൾക്ക് നിലവിൽ നൽകിവരുന്ന മണ്ണെണ്ണയുടെ അളവ് പര്യാപ്തമല്ലെന്നും ആയത് വർധിപ്പിക്കേണ്ടതുണ്ടെന്നുമാണ് സർക്കാർ നിലപാട്. എന്നാൽ വിവിധ കാരണങ്ങൾ പറഞ്ഞുകൊണ്ട് മണ്ണെണ്ണ വിഹിതം നിരന്തരമായി വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചുവരുന്നത്.
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതത്തിൽ നിരന്തരമായ വെട്ടിക്കുറവ് വരുത്തിയതിനു പുറമെയാണ് ടൈഡ് ഓവർ വിഹിതത്തിലുള്ള ഗോതമ്പ് പൂർണമായും നിർത്തലാക്കിയത് എന്നത് കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമായാണ് കാണേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.