25 April 2024, Thursday

Related news

April 23, 2024
April 16, 2024
April 2, 2024
April 2, 2024
April 1, 2024
February 12, 2024
December 28, 2023
October 1, 2023
August 24, 2023
August 3, 2023

മണ്ണെണ്ണ വില വർധന: സാധാരണക്കാരും മത്സ്യത്തൊഴിലാളികളും ദുരിതത്തില്‍

Janayugom Webdesk
July 3, 2022 9:46 pm

അടിക്കടിയുള്ള മണ്ണെണ്ണ വില വർധനവ് സാധാരണക്കാരെയും മത്സ്യത്തൊഴിലാളികളെയും ദുരിതത്തിലാക്കുന്നു. 2020 ഏപ്രിലിൽ 22.26 രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ഒരു ലിറ്റർ മണ്ണെണ്ണയുടെ വിലയാണ് ക്രമാനുഗതമായി വർധിപ്പിച്ച് 102 രൂപയിൽ എത്തി നിൽക്കുന്നത്. 2021 ജൂലൈയിൽ 36.99 രൂപയായിരുന്നു അടിസ്ഥാന വില. ഓഗസ്റ്റ് മാസത്തിൽ 38.32 ഉം നവംബറിൽ 45.79 ഉം 2022 ഫെബ്രുവരിയിൽ 49.55 ഉം മാർച്ചിൽ 56.17 ഉം ഏപ്രിലിൽ 70. 40 ഉം മേയിൽ 72.82 രൂപയായും ഇത് വർധിപ്പിച്ചു. 72.82 രൂപ അടിസ്ഥാന വിലയുള്ളപ്പോൾ നികുതിയും കടത്തുകൂലിയും ഡീലർ കമ്മീഷനും റീട്ടെയിൽ കമ്മീഷനുമെല്ലാം ചേരുമ്പോൾ അത് 84 രൂപയോളമായി ഉയർന്നു. ജൂൺ മാസത്തിൽ ഇത് 88 രൂപയും ഈ മാസം പതിനാല് രൂപ വർധിച്ച് 102 രൂപയുമായും ഉയർത്തുകയാണ് ഉണ്ടായത്. 

2018 വരെ കേന്ദ്രം അനുവദിച്ചിരുന്ന പിഡിഎസ് മണ്ണെണ്ണ വിഹിതത്തിൽ നിന്നാണ് ഉത്സവങ്ങൾ‑കാർഷികാവശ്യം- മത്സ്യബന്ധനം-പ്രകൃതി ക്ഷോഭം എന്നിവയ്ക്കെല്ലാമായി മണ്ണെണ്ണ നൽകിവന്നിരുന്നത്. എന്നാൽ പിഡിഎസ് ഇനത്തിൽ നൽകി വന്നിരുന്ന മണ്ണെണ്ണ വിഹിതം വ്യാപാര ആവശ്യങ്ങൾക്കായി വലിയ തോതിൽ ദുർവിനിയോഗം ചെയ്യുന്നു എന്ന കാരണം പറഞ്ഞ് കേരളത്തിനുള്ള മണ്ണെണ്ണ വിഹിതത്തിൽ കേന്ദ്ര സർക്കാർ വൻ തോതിലുള്ള വെട്ടിക്കുറവ് വരുത്തി. കേന്ദ്ര സർക്കാർ മണ്ണെണ്ണ വിഹിതം വെട്ടിക്കുറക്കുന്നതും വില കൂട്ടുന്നതും മത്സ്യ മേഖലയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത്. മണ്ണെണ്ണ ആവശ്യത്തിന് ലഭിക്കാത്ത സാഹചര്യത്തിൽ പലപ്പോഴും കരിഞ്ചന്തയെ ആശ്രയിക്കേണ്ട അവസ്ഥയുമുണ്ട്. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനാവശ്യത്തിനായി ഒരു മാസം 2,160 കിലോ ലിറ്റർ മണ്ണെണ്ണയാണ് ആവശ്യമായി വരുന്നത്. ഈ നിലയ്ക്ക് ഒരു വർഷത്തേക്ക് 25,920 കിലോ ലിറ്റർ മണ്ണെണ്ണ ആവശ്യമായി വരുന്നുണ്ട്. മത്സ്യബന്ധനത്തിനായി പ്രത്യേക ക്വാട്ട അനുവദിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. 

ഈ വർഷം ആദ്യപാദത്തിൽ കേരളത്തിന് അനുവദിച്ച പിഡിഎസ് മണ്ണെണ്ണ വിഹിതത്തിൽ മുൻ വർഷത്തേക്കാൾ 40 ശതമാനം വെട്ടിക്കുറവാണ് വരുത്തിയത്. 2021–22 ആദ്യപാദത്തിൽ 6480 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചപ്പോൾ 2022–23 ആദ്യപാദത്തിൽ 3380 കിലോ ലിറ്റർ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. 2016 ന് ശേഷം കേരളത്തിൽ അനുവദിച്ചുകൊണ്ടിരുന്ന പിഡിഎസ് മണ്ണെണ്ണ വിഹിതത്തിൽ അമ്പത് ശതമാനം വെട്ടിക്കുറവാണ് വരുത്തിയിട്ടുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സംസ്ഥാനങ്ങൾക്കുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രത്തിൽ നിന്നും നാല് പാദങ്ങളിലായിട്ടാണ് അനുവദിക്കുന്നത്. 1990 കളിൽ കേന്ദ്രത്തില്‍ നിന്ന് അനുവദിക്കുന്ന മണ്ണെണ്ണ വിഹിതത്തിന്റെ ശരാശരി മൂന്ന് ലക്ഷം കിലോ ലിറ്റർ (30 കോടി ലിറ്റർ) ആയിരുന്നു. 

2000 മുതൽ 2010 വരെ അനുവദിക്കുന്ന മണ്ണെണ്ണയുടെ അളവിൽ ക്രമാനുഗതമായ കുറവാണ് രേഖപ്പെടുത്തിയത്. ശരാശരി വിഹിതം 2.5 ലക്ഷം കിലോ ലിറ്ററായി (25 കോടി ലിറ്റർ) ആയി കുറഞ്ഞു. 2022 ൽ കേന്ദ്ര വിഹിതമായി പിഡിഎസ് ഇനത്തിൽ കിട്ടാൻ സാധ്യതയുള്ള മണ്ണെണ്ണയുടെ അളവ് 13,520 കിലോ ലിറ്റർ മാത്രമായിരിക്കുമെന്നും കണക്കാക്കപ്പെടുന്നു. മണ്ണെണ്ണ വിഹിതത്തിൽ വെട്ടിക്കുറവ് വരുന്ന പക്ഷം നിലവിൽ നൽകി വരുന്ന അളവിൽ പോലും കാർഡുടമകൾക്ക് മണ്ണെണ്ണ നൽകാൻ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെടുക. 

Eng­lish Summary:Kerosene price hike: Com­mon peo­ple and fish­er­men in distress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.