കേസരിയുടെ നിലപാടുകളുടെ പുനരവലോകനം ജനാധിപത്യത്തിന്റെ ആവശ്യം

Web Desk
Posted on December 18, 2018, 10:33 am

ഹരി കുറിശേരി

കെടാത്ത വിളക്കുമാടങ്ങള്‍ പോലെയാണ് ചില ജന്മങ്ങള്‍ അത് കാലാകാലം പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കും.
ന്യായാസന പരിസരത്തു നിന്നും അധികാരത്തിന്റെ ഈറ്റുമുറികളില്‍ നിന്നും മാധ്യമങ്ങള്‍ അകറ്റി നിര്‍ത്തപ്പെടുമ്പോള്‍ കേസരിയുടെ നിലപാടുകളുടെ പുനര്‍വായനയ്ക്ക് സമയമായിരിക്കയാണെന്ന് പറയാതിരിക്കാനാവില്ല.
മലയാള ഭാഷയ്ക്കും സമൂഹത്തിനും നാനാവിധത്തില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ കര്‍മ്മയോഗിയായ കേസരി ബാലകൃഷ്ണപിള്ളയുടെ ചരമവാര്‍ഷികമാണ് ഡിസംബര്‍ 18. വൈദേശികാധിപത്യത്തോട് മാധ്യമ പ്രവര്‍ത്തനത്തിലൂടെ പൊരുതി നാടുകടത്തപ്പെട്ട സ്വദേശാഭിമാനിക്ക് പിന്നാലെ നിലപാടുകളാല്‍ എന്തു കൊണ്ടും അതേ പ്രഭാവം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ബാലകൃഷ്ണപിള്ള. കാലം മാറിയതുകൊണ്ടു മാത്രം അത്തരം കടുത്ത നടപടി ഒഴിവായെന്നല്ലാതെ മാധ്യമ സ്വാതന്ത്ര്യത്തെ തടവിലാക്കി തന്നെയാണ് ഭരണകൂടം കേസരി ബാലകൃഷ്ണപിള്ളയെന്ന കൊടുങ്കാറ്റിനെ തളച്ചത്.
കല, സാഹിത്യം, പത്രപ്രവര്‍ത്തനം, ഗവേഷണം, വിവര്‍ത്തനം ‚ജ്യോതിഷം,പുരാവസ്തുപഠനം എന്നു വേണ്ട കേസരി കൈവയ്ക്കാത്ത മേഖലകള്‍ ചുരുക്കമാണ്. കേരളത്തിന്റെ ഭാവി ഭാഗധേയം നിര്‍ണ്ണയിച്ച ഒരു പറ്റം സാഹിത്യ സാമൂഹിക പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ കേസരി നല്‍കിയ സംഭാവന നിസ്തര്‍ക്കമാണ്. ചുരുക്കത്തില്‍ കേസരിയുടെ ജീവിതം കേരള സാമൂഹികപരിഷ്‌കരണത്തില്‍ ഊര്‍ജ്ജമായി തീര്‍ന്നു എന്ന് ഉറപ്പിച്ച് പറയാനാകും.
1889 ഏപ്രില്‍ 13 ന് തിരുവനന്തപുരം തമ്പാന്നൂര്‍ പുളിക്കല്‍ വീട്ടിലാണ് കേസരി ജനിച്ചത്. സംസ്‌കൃതപണ്ഡിതന്‍ അകത്തുട്ടു ദാമോദരന്‍ കര്‍ത്താവിന്റെയും പാര്‍വ്വതിയമ്മയുടെയും മകന്‍ ബാല്യകാല വിദ്യാഭ്യാസം തിരുവനന്തപുരത്ത് നിര്‍വ്വഹിച്ചു. പത്മനാഭപിള്ള, ചന്ദ്രശേഖരപിള്ള എന്നിവര്‍ സഹോദരങ്ങള്‍. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതോടെ അമ്മാവന്‍ അയ്യപ്പന്‍ പിള്ളയുടെ സംരക്ഷണയിലാണ് വിദ്യാഭ്യാസം തുടര്‍ന്നത്. അമ്മാവന്‍ കൊല്ലം തഹസില്‍ദാരായി നിയമിക്കപ്പെട്ടപ്പോള്‍ ഹൈസ്‌കൂള്‍പഠനം കുറച്ചു നാള്‍ കൊല്ലത്തായിരുന്നു. ആസ്മാ രോഗം അലട്ടുന്ന അനാരോഗ്യവാനായ മെലിഞ്ഞ കുട്ടി പഠനത്തില്‍ അതിസമര്‍ത്ഥനായിരുന്നു.

തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ നിന്നും1908 ല്‍ ഒന്നാം റാങ്കു നേടി പാസായതോടെ അവിടെത്തന്നെ അധ്യാപക ജോലി ലഭിച്ചു. 1917 വരെ തുടര്‍ന്ന അധ്യാപന ജിവിതത്തിലാണ് കേസരി ആദ്യ കൃതിയായ തിരുവിതാംകൂറിന്റെ ചരിത്രം എഴുതുന്നത്. 1913 ല്‍ അദ്ദേനം നിയമബിരുദവും നേടിയിരുന്നു. സഹപാഠിയും സുഹൃത്തുമായ വീര കുമാര്‍ സമ്മാനിച്ച ഫ്രഞ്ചു ഗ്രന്ഥങ്ങള്‍ അദ്ദേഹത്തെ ഫ്രഞ്ച് പഠനത്തിലെത്തിച്ചു.കലയിലും സാഹിത്യത്തിലും ലോകത്ത് രൂപം പ്രാപിക്കുന്ന പ്രസ്ഥാനങ്ങളെപ്പറ്റി കേസരി അടുത്തറിഞ്ഞത് ഫ്രഞ്ചു പഠനം വഴിയാണ്. മാത്രമല്ല ഇംഗ്ലീഷാണ് എല്ലാമെന്നു വാദിക്കുന്ന സാഹിത്യസാംസ്‌കാരിക പ്രവര്‍ത്തകരെ അടിച്ചിരുത്തുവാനും ഇത് ഉപകരിച്ചു.

അനുജന്‍ പത്മനാഭപിള്ളയുടെ മെഡിക്കല്‍ പഠനത്തിനു സഹായിക്കുന്ന ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. 1917 ല്‍ പ റവൂര്‍ വയല്‍മഠത്തില്‍ ഗൗരിയമ്മ എന്ന. ചെല്ലമ്മയെയാണ് കേസരി ജീവിത സഖിയാക്കിയത്. അധ്യാപന ജോലി ഉപേക്ഷിച്ച കേസരി ഇതിനിടെ വക്കീലായി പ്രാക്ടീസ് തുടങ്ങി. കേസു ജയിക്കാനുള്ള നീതിക്കു നിരക്കാത്ത രീതികളോട് വിമുഖത പുലര്‍ത്തിയ , വാക്ചാതുരിയില്‍ പൊതുവേ ലജ്ജാശീലനായിരുന്ന , കേസരിക്ക് വക്കീല്‍ ജോലി പുഷ്ഠിപ്പെടുത്താനായില്ല. പകരം ജ്യോതിഷം ഹസ്തരേഖാശാസ്ത്രം,പുരാവസ്തു ശാസ്ത്രം, മനശാസ്ത്രം എന്നിവ ആഴത്തില്‍ പഠിച്ചു. ഡോക്ടര്‍ ജോലി നേടിയ അനുജന്റെ കൂടിസഹായത്താലാണ് അക്കാലം ജീവിച്ചത്. വിവര്‍ത്തനത്തിലൂടെ ജിവിതമാര്‍ഗം കണ്ടെത്താനും കേസരി ശ്രമിച്ചു. നിരവധി ഇംഗ്ലീഷ്, ഫ്രഞ്ച് , സംസ്‌കൃത കൃതികള്‍ പല പ്രസാധകര്‍ക്കായി ഇക്കാലത്ത് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്ത് കമലാലയ ബുക്ക് ഡിപ്പോ ഉടമ കളക്കുന്നത്ത് കെ എസ് രാമന്‍ മേനോന്റെ ഉടമസ്ഥതയില്‍1918 മുതല്‍ ആഴ്ചയിലൊന്നു വീതം പ്രസിദ്ധീകരിച്ചിരുന്ന സമദര്‍ശി എന്ന പത്രത്തില്‍ പത്രാധിപരായി 1922ല്‍ കേസരി പത്രപ്രവര്‍ത്തനം ആരംഭിച്ചു. എഡിറ്ററുടെ സ്വാതന്ത്ര്യം ചോദ്യം ചെയ്യരുതെന്നതായിരുന്നു കേസരിയുടെ മുഖ്യ കരാര്‍. ആഴ്ചയില്‍ മൂന്ന് എന്ന തരത്തില്‍ പുറത്തിറങ്ങിയ പത്രം ബാലകൃഷ്ണപിള്ളയുടെ മറ്റൊരു മുഖമാണ് പുറത്തു കൊണ്ടുവന്നത്. 1910 ല്‍ നാട്ടുകടത്തപ്പെട്ട സ്വദേശാഭിമാനിക്ക് ഒരു പിന്മുറക്കാരനെത്തി എന്ന് വ്യാപകമായി ചര്‍ച്ച നടന്നു. അത്ര തീവ്രവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുകള്‍ ആയിരുന്നു കേസരിയുടേത്.

ബ്രിട്ടീഷ് ഭരണം, ദിവാന്മാരുടെ അഴിമതി, കെടുകാര്യസ്ഥത, സമൂഹത്തില്‍ പരന്ന ജാതീയത, സംസ്‌കാരിക വിഷയങ്ങള്‍, സാഹിത്യ തര്‍ക്കങ്ങള്‍ എന്നു വേണ്ട സമദര്‍ശി കൈകാര്യം ചെയ്യാത്ത വിഷയമില്ലായിരുന്നു.മുഖപ്രസംഗങ്ങള്‍ ഓരോ ലക്കവും തിരുവിതാംകൂര്‍ ഭരണത്തിന് മാരകപ്രഹരമേല്‍പ്പിച്ചു കൊണ്ടിരുന്നു. ക്ഷേത്രപ്രവേശന സമരത്തിനും സ്വാതന്ത്ര്യ സമരത്തിനും പത്രം വ്യാപക പിന്തുണ നല്‍കി.

വൈക്കത്തെ അക്രമങ്ങള്‍ക്ക് മഹാരാജാവ് ആണ് ഉത്തരവാദി എന്ന് 1924ല്‍ സമദര്‍ശി മുഖപ്രസംഗമെഴുതിയിട്ടു പോലും ശ്രീ മൂലം തിരുനാള്‍ ക്ഷുഭിതനായില്ല. ബാലകൃഷ്ണപിള്ളക്ക് വ്യക്തിവിരോധമില്ല എന്നായിരുന്നു രാജാവിന്റെ നിലപാട് . ശ്രീമൂലത്തിന്റെ മരണശേഷം റീജന്റ് ആയി ഭരണമേറ്റ സേതുലക്ഷമീഭായി നിയമിച്ച എം ഇ വാട്‌സണ്‍ 1926 ല്‍ തിരുവിതാംകൂര്‍ പത്രപ്രവര്‍ത്തന റെഗുലേഷന്‍ നടപ്പാക്കി. തിരുവിതാംകൂറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പത്രങ്ങളും 500 രൂപ അടച്ച് ലൈസന്‍സ് നേടണം. ബ്രിട്ടീഷ് ഗവണ്‍മെന്റ്, ചക്രവര്‍ത്തി, തിരുവിതാംകൂര്‍ ഗവണ്‍മെന്റ്, റീജന്റ്, രാജകുടുംബാംഗങ്ങള്‍ എന്നിവരെ വിമര്‍ശിക്കാന്‍ പാടില്ലെന്നും അപ്രകാരമുണ്ടായാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും ഇത് വ്യവസ്ഥ ചെയ്തു. വ്യവസ്ഥ കോടതിയില്‍ ചോദ്യം ചെയ്യാനുമാവില്ല. 1926 മേയ് 22ന് നിയമം പ്രാബല്യത്തില്‍ വന്നു. ഇതിനെ 25 ലെ സമദര്‍ശിയില്‍ ബാലകൃഷ്ണപിള്ള തീവ്രഭാഷയില്‍ ചോദ്യം ചെയ്തു.

ദിവാനെ തിരുവിതാംകൂര്‍ മുസോളിനി എന്നും രാജ്യദ്രോഹി എന്നും ശ്വാനന്‍ എന്നും വിമര്‍ശിച്ച കേസരി പത്രസ്വാതന്ത്ര്യത്തിനു വേണ്ടി സമരം ആരംഭിക്കാന്‍ ആളെ കൂട്ടുകയും വലിയ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. റീജന്റിനെ സന്ദര്‍ശിച്ച് സങ്കടം പറയാന്‍ ശ്രമിച്ച പത്രാധിപന്മാരെ കാണാന്‍ കൂട്ടാക്കാതെ റാണി വാട്‌സന് അടുത്തേക്കയച്ചു.സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മൂന്നു പത്രങ്ങളോട് 500 രുപ വീതം അടയ്ക്കാനും അനുകൂലികളോട് 25 രുപ വീതം അടയ്ക്കാനും ദിവാന്‍ തീര്‍പ്പാക്കി. പത്ര റെഗുലേഷനെതിരേ കൊണ്ടുവന്ന ബില്ലിന് നിയമസഭയില്‍ അവതരണാനുമതി കിട്ടിയില്ല. തുടര്‍ന്ന് നിയമസഭാംഗം കൂടിയായിരുന്ന സ്വരാട് പത്രാധിപര്‍ എ കെ പിള്ള രാജിവച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട പ്രമുഖര്‍ കേസരിക്കു പിന്നില്‍ നിരന്നു. സമദര്‍ശിയുടെ ഉടമ രാമന്‍മേനോന്റെ മരണത്തെ തുടര്‍ന്ന് ചുമതലയേറ്റവര്‍ ഈ വിമര്‍ശനങ്ങളെ ഭയന്നു. തുടര്‍ന്ന് 1926 ജൂണ്‍ 19 ന് അദ്ദേഹം സമദര്‍ശിയില്‍ നിന്നും രാജിവച്ചു.

സ്വന്തമായി പത്രം തുടങ്ങണമെന്ന ചിന്തയില്‍ മൂന്നുവര്‍ഷം മലയായിലും മറ്റും യാത്ര ചെയ്ത് പണമുണ്ടാക്കി 1930 ഏപ്രില്‍ 22 ന് ശാരദാ പ്രിന്റിംങ് വര്‍ക്‌സ് എന്ന സ്ഥാപനം പുളിമൂട്ടില്‍ ആരംഭിച്ചു. അവിടെ നിന്നും പുറത്തിറങ്ങിയ പ്രബോധകന്‍ ബാലകൃഷ്ണപിള്ള ഇറക്കിയ സമദര്‍ശിയുടെ തനിപ്പകര്‍പ്പായിരുന്നു.
അതേ ശക്തമായ നിലപാടുകളും മൂര്‍ച്ചയേറിയ വാക്കുകളും കൊണ്ട് താന്‍ വര്‍ത്തമാന പത്ര റഗുലേഷന് വഴിപ്പെട്ടുന്ന വനല്ലെന്ന് കേസരി പ്രഖ്യാപിച്ചു.
സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളോട് പ്രബോധകന്‍ ചേര്‍ന്നു നിന്നു. അയിത്തോച്ചാടന പരിപാടികള്‍ക്ക് കരുത്തേകി. ഇതിനിടെ ദിവാന് പകരക്കാരനായെത്തിയ സുബ്രഹ്മണ്യഅയ്യര്‍ അന്നത്തെ ബ്രാഹ്മണാചാരത്തിന് വഴിപ്പെട്ട് കടല്‍ കടന്ന് ഇംഗഌഷുകാര്‍ നടത്തിയ വട്ടമേശ സമ്മേളനത്തിന് പോകാതിരുന്നതിനെ പ്രബോധകന്‍ വിമര്‍ശിച്ചു.
പല തലത്തിലെ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ 1930 സെപ്റ്റംബര്‍ പത്തിന് പ്രബോധകന്റെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി. പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും ഭരണകൂടം കണ്ടില്ലെന്നു നടിച്ചു. എന്നാല്‍ അധികൃതരെ ഞെട്ടിച്ച് അതേ ആഴ്ച തന്നെ ബാലകൃഷ്ണപിള്ളയുടെ പത്രാധിപത്യത്തില്‍ കേസരി എന്ന വാരിക പുറത്തിറങ്ങി. കേസരി എന്ന പേരില്‍ നേരത്തേ കൊല്ലം പെരിനാട് കളീലില്‍ ആര്‍ നാരായണപിള്ള വാങ്ങിയിരുന്ന ലൈസന്‍സ് നിയമപരമായി വാങ്ങിയാണ് ബാലകൃഷ്ണപിള്ള കേസരി സ്വന്തമാക്കിയത്. കേസരി മുന്‍ പത്രങ്ങളുടെ ശൈലിയില്‍ അധികാര പ്രമത്തതയ്‌ക്കെതിരേ ഗര്‍ജ്ജനം നടത്തി. സാഹിത്യ സാമൂഹിക രാഷ്ട്രീയ ചര്‍ച്ചകളാല്‍ സജീവമായ കേസരി സദസാണ് കേരളത്തിന് നിരവധി പ്രഗല്‍ഭരെ സമ്മാനിച്ചത്.
ഉത്തരവാദ ഭരണത്തിനായും സ്വാതന്ത്ര്യ സമരത്തിനായും തൂലിക ചലിപ്പിച്ച കേസരിയെ തളയ്ക്കാനായി പത്രമാരണ നിയമം പുതുക്കപ്പെട്ടു. മറ്റുള്ളവരുടെ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന പത്രം സ്വന്തം പേരിലാക്കി ആയിരം രൂപ അടച്ച് റജിസ്റ്റര്‍ ചെയ്യണമെന്ന നിയമം വന്നു. കേസരിക്ക് ആ തുക കണ്ടെത്താന്‍ സഹായത്തിന് ആളുണ്ടാകുമായിരുന്നെങ്കിലും പത്രമാരണ നിയമത്തോടുള്ള പ്രതിഷേധം പ്രകടിപ്പിച്ച് പിന്മാറുകയായിരുന്നു. കേസരി പത്ര ജീവിതത്തില്‍ നിന്നു തന്നെ പിന്‍വാങ്ങി. 1935നും 1942 നു മിടയില്‍ ഉണ്ടായ അനേകം വിഷയങ്ങളില്‍ കേസരി മൗനം പാലിച്ചു. പത്രകാലത്തെ മൂന്നു രാജ്യദ്രോഹക്കേസുകളില്‍ പ്രതിയായി ഒന്നില്‍ അദ്ദേഹത്തിന് കോടതി കനത്ത പിഴശിക്ഷ വിധിക്കുകയും ചെയ്തു. അദ്ദേഹത്തിനെതിരായ നടപടിക്ക് കാത്തിരുന്ന ചിലര്‍ ന്യായാസനത്തിലുമുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു.

1935ല്‍ പത്രം നിര്‍ത്താന്‍ ബാലകൃഷ്ണപിള്ള തീരുമാനിച്ചു. ജീവനക്കാര്‍ക്ക് കുടിശിക നല്‍കാനും കടം വീട്ടാനുമായി 1936 ജൂലൈയില്‍ തന്റെയും പത്രസ്വാതന്ത്ര്യത്തിന്റെയും ഏറ്റവും വലിയ സമ്പാദ്യമായിരുന്ന ശാരദാ പ്രസ് വില്‍പന നടത്തി. 1942 സെപ്റ്റംബര്‍ മൂന്നിന് ദാരിദ്ര്യം മൂലം കേസരി ഭാര്യാ ഗൃഹമായ പരവൂര്‍ മാടവനയിലേക്കു മടങ്ങി. ഒരര്‍ത്ഥത്തില്‍ ഒരു സ്വയം നാടുകടത്തലായിരുന്നു അത്.
ജീവിതം ദു:ഖങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തിന് സമ്മാനിച്ചത്. ഏകമകള്‍ ശാരദ രോഗം ബാധിച്ച് എട്ടാം വയസില്‍ മരിച്ചിരുന്നു. ഭാര്യയുടെയും തന്റെയും രോഗാവസ്ഥയും അദ്ദേഹത്തെ വേദനിപ്പിച്ചു. തനിക്ക് ശേഷം ഭാര്യക്ക് ആശ്രയമോ ജീവിതമാര്‍ഗമോ ഇല്ലെന്നതും അദ്ദേഹത്തിന്റെ സങ്കടമായിരുന്നു. ചങ്ങമ്പുഴ, ജി ശങ്കരകുറുപ്പ്, ഇടപ്പള്ളി, ബഷീര്‍ ‚കേശവദേവ്, തകഴി, വയലാര്‍ തുടങ്ങി കേരളം കണ്ട അനേകം പ്രഗല്‍ഭ മതികള്‍ക്ക് ആമുഖമെഴുതി വഴി തെളിച്ചത് കേസരിയാണ്. ഒരു കാലത്തെ രാഷ്ട്രീയ ചുവടുവയ്പുകളും പ്രക്ഷോഭങ്ങളും കേസരിയാണ് നിയന്ത്രിച്ചത്.
സ്വജീവിതം എരിച്ചു നാടിനുവഴിവെളിച്ചം നല്‍കിയ അദ്ദേഹം 1960 ഡിസംബര്‍ 18ന് 71 ാം വയസില്‍ വിടവാങ്ങി.
കേസരിയുടെ കാലത്തു നിന്നും വ്യത്യസ്ഥമല്ല പില്‍ക്കാല പത്രപ്രവര്‍ത്തനവും എന്നു കാണാം. ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ പോയ ശേഷവും ഭരണകൂടങ്ങള്‍ ഇടപെട്ട് മാധ്യമങ്ങളെ പീഡിപ്പിക്കുന്നതിന് എത്രയോ ഉദാഹരണമുണ്ട്. ബ്രിട്ടീഷ് കാലത്ത്് ദി കല്‍ക്കട്ടാ ജനറല്‍ അഡ്വട്ടൈസറില്‍ ആരംഭിച്ച അത് മോഡികാലത്ത്് ‘ദി വയറില്‍‘എത്തി നില്‍ക്കുന്നു വഴിപ്പെടാത്ത മാധ്യമത്തിന്റെ വാമൂടിക്കെട്ടാന്‍ പരസ്യനിഷേധം, നികുതി ചുമത്തല്‍, പരിശോധനകള്‍ എന്നിങ്ങനെ എത്രയോ വഴികള്‍. അത് മാധ്യമ സ്ഥാപനത്തോടാണെങ്കില്‍ പത്രപ്രവര്‍ത്തകനോട് ആശയ പരമായി പോരാടുന്നതില്‍ സൗകര്യം ശാരീരികമായി ഇല്ലാതാക്കുക എന്നതാണ്. ഈ വഴി ഗൗരീലങ്കേഷും കടന്നു മുന്നേറുകയാണ്.
പത്രസ്വാതന്ത്യത്തിനു മാത്രമല്ല പത്രജീവനത്തിനും മെച്ചപ്പെട്ട ഒന്നും സംഭാവന ചെയ്യാന്‍ ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. കേസരിയെപ്പോലെ ജീവിത സുരക്ഷയില്ലാതെ പണിയെടുക്കാന്‍ വിധിക്കപ്പെട്ടവരാണ് പത്രലോകത്തില്‍ ഏറെയും. ഒരു ദശാബ്ദം മുമ്പുണ്ടായിരുന്ന തൊഴില്‍ സുരക്ഷപോലും ഇന്ന് ഈരംഗത്തില്ല. അധികാരത്തിന്റെ സമ്മോഹനത്വത്തില്‍ വിരാജിക്കുന്നവര്‍ പത്രമാരണത്തിന് പുതുരൂപങ്ങള്‍ ചമയ്ക്കുമ്പോള്‍ മാടവന പറമ്പിലെ ചിത ജനതയ്ക്കായി വീണ്ടും ജ്വലിക്കാതിരിക്കില്ല.