Thursday
21 Feb 2019

കേശുവും ഗംഗനും

By: Web Desk | Sunday 8 July 2018 6:26 AM IST

ബാലയുഗം

സന്തോഷ് പ്രിയന്‍

പണ്ടൊരു നാട്ടില്‍ കേശു എന്നൊരു കൃഷിക്കാരനുണ്ടായിരുന്നു. ഒരു കൊച്ചു വീട്ടില്‍ ഭാര്യയോടൊപ്പം സുഖമായി കഴിയുകയായിരുന്നു അയാള്‍.
ഒരു ദിവസം രാവിലെ പുറത്താരോ കരയുന്നത് കേട്ട് കേശു കതക് തുറന്ന് നോക്കി. അപ്പോഴതാ പെട്ടിയും ഭാണ്ഡവുമൊക്കെയായി മോങ്ങിക്കൊണ്ട് ഗംഗനും ഭാര്യയും നില്‍ക്കുന്നു. കേശുവിന്റെ അകന്ന ഒരു ബന്ധുവാണ് ഗംഗന്‍. മഹാപോക്കിരിയായ അയാള്‍ ദൂരെ ഒരു ഗ്രാമത്തിലാണ് താമസം.
കേശുവിനെ കണ്ടപ്പോള്‍ ഗംഗന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.
‘ഞങ്ങളെ രക്ഷിക്കണേ കേശൂ. ഇനി ഞങ്ങള്‍ക്ക് നീയല്ലാതെ ആരുമില്ല.’
ഇതുകേട്ട് കേശു മിഴിച്ചുനിന്നു. അപ്പോള്‍ ഗംഗന്‍ തുടര്‍ന്നു.
‘ഇന്നലെ രാത്രിയിലുണ്ടായ മഴയിലും കൊടുങ്കാറ്റിലും പെട്ട് ഞങ്ങളുടെ വീട് തകര്‍ന്ന് തരിപ്പണമായി. പുതിയൊരു വീട് പണിയുന്നതുവരെ ഞങ്ങളെ ഇവിടെ താമസിപ്പിക്കണേ.’
ഗംഗന്റെ കരച്ചിലും പിഴിച്ചിലും കണ്ടപ്പോള്‍ കേശുവിന് ദയ തോന്നി.
‘പേടിക്കേണ്ട ഗംഗാ, നിങ്ങള്‍ പുതിയ വീടു പണിയുന്നതുവരെ ഇവിടെ എന്നോടൊപ്പം താമസിച്ചോളൂ.’ കേശു പറഞ്ഞു. അങ്ങനെ ഗംഗനും ഭാര്യയും കേശുവിനോടൊപ്പമായി താമസം. അതോടെ കേശുവിന്റെ കഷ്ടകാലവും തുടങ്ങി. മഹാമടിയനായിരുന്നു ഗംഗന്‍. അയാളുടെ ഭാര്യയും അങ്ങനെ തന്നെ. കേശു കൃഷിസ്ഥലത്തേക്കു പോകുമ്പോള്‍ ഗംഗനും ഭാര്യയും മൂടിപ്പുതച്ച് കൂര്‍ക്കം വലിച്ച് ഉറങ്ങും. ഊണ് കഴിക്കാന്‍ നേരമാവുമ്പോള്‍ രണ്ടുപേരും പതുക്കെ എഴുന്നേല്‍ക്കും. എന്നിട്ട് മൂക്കുമുട്ടെ ആഹാരവും കഴിച്ച് വീണ്ടും ഉറക്കം തുടങ്ങും.
ഇങ്ങനെ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം കേശുവിനോട് ഭാര്യ പറഞ്ഞു. ‘ആ ഗംഗനേയും ഭാര്യയേയും കൊണ്ടു തോറ്റു. തീറ്റപ്പണ്ടാരങ്ങള്‍. ഒരു ജോലിയും ചെയ്യാതെ നമ്മെ മുടിക്കാന്‍ വന്നിരിക്കുകയാ. വീട് തകര്‍ന്നു പോയെന്നൊക്കെ പറയുന്നത് ശുദ്ധ കളവായിരിക്കുമെന്നേ…..’
അതു ശരിയായിരിക്കുമെന്ന് കേശുവിനും തോന്നി. പിറ്റേന്നു തന്നെ അയാള്‍ ഗംഗന്റെ ഗ്രാമത്തിലേക്ക് പോയി. അവിടെയെത്തിയ കേശു അന്തംവിട്ടു പോയി. ഗംഗന്റെ വീടിന് ഒരു കുഴപ്പവുമില്ല. അവിടെ കൊടുങ്കാറ്റും മഴയുമൊന്നും ഉണ്ടായതിന്റെ ലക്ഷണം പോലുമില്ല. മാത്രമല്ല, ആ വീട് മറ്റാര്‍ക്കോ വാടകയ്ക്ക് കൊടുത്തിരിക്കുകയുമാണ്.
ഗംഗന്റെ ചതി കേശുവിന് അപ്പോഴാണ് മനസിലായത്. ‘ഹമ്പട, സ്വന്തം വീട് വാടകയ്ക്ക് കൊടുത്തിട്ട് പണവും വാങ്ങി എന്നെ ചതിക്കുകയാണവന്‍. ഹും, എങ്ങനെയെങ്കിലും അവനെ വീട്ടില്‍ നിന്നും പുറത്താക്കണം.’ വീട്ടിലേക്കു വരുമ്പോള്‍ കേശു കരുതി. പിറ്റേന്ന് കേശു ഭാര്യയെ വിളിച്ച് രഹസ്യമായി ചില കാര്യങ്ങള്‍ പറഞ്ഞേല്‍പിച്ചു. എന്നിട്ട് അയാള്‍ പാടത്തേക്ക് പോയി. ഉച്ചയായപ്പോള്‍ ഗംഗനും ഭാര്യയും എഴുന്നേറ്റ് പതുക്കെ അടുക്കളയിലേക്കു ചെന്നു. പക്ഷേ, പതിവുപോലെ അന്ന് അടുക്കളയില്‍ ആഹാരമൊന്നും തയ്യാറാക്കിയിരുന്നില്ല. ദേഷ്യപ്പെട്ട് പിറുപിറുത്തുകൊണ്ട് രണ്ടു പേരും വീണ്ടും ഉറക്കമായി.
പിറ്റേന്ന് അതിരാവിലെ കേശുവും ഭാര്യയും കരിയും ചില ചായങ്ങളും എടുത്ത് അവരുടെ മുഖത്തും ദേഹത്തുമെല്ലാം വാരിത്തേച്ചു. എന്നിട്ട് മൂടിപ്പുചതച്ച് കിടപ്പായി. ഇടയ്ക്കിടെ ഹമ്മേ, ഹാവൂ വയ്യേ…… എന്നൊക്കെ വിളിച്ചു പറയാനും തുടങ്ങി. ഇതൊന്നുമറിയാതെ ഗംഗനും ഭാര്യയും ഊണ് തയ്യാറായോ എന്നറിയാന്‍ പതുക്കെ എഴുന്നേറ്റു. രണ്ടിനും നല്ല വിശപ്പുമുണ്ടായിരുന്നു. ഒരു ദിവസം മുഴുവന്‍ പട്ടിണിയായിരുന്നതല്ലേ. ഗംഗനും ഭാര്യയും മൂടിപ്പുതച്ചുകിടന്ന കേശുവിന്റെ അടുത്തെത്തി.
അപ്പോള്‍ കേശു വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞു.
‘ഹയ്യോ, അടുത്തേക്കു വരരുതേ, ഞങ്ങള്‍ക്ക് ഭയങ്കരമായ ഒരു തരം രോഗം പിടിപെട്ടിരിക്കുകയാ. വേഗം ഒരു വൈദ്യനെ കൂട്ടിക്കൊണ്ടുവരൂ. അല്ലെങ്കില്‍ ഞങ്ങളിപ്പം ചത്തുപോകും.’
കേശുവിന്റേയും ഭാര്യയുടേയും മുഖത്തെ നിറം കണ്ട് ഗംഗന്‍ ഞെട്ടിപ്പോയി.
‘ഹമ്മേ, ഇതേതോ ഭയങ്കരം രോഗം തന്നെ. ഇനി ഇവിടെ നില്‍ക്കുന്നത് ബുദ്ധിയല്ല.’ അയാള്‍ കരുതി. പിന്നെ താമസിച്ചില്ല. പെട്ടിയും ഭാണ്ഡങ്ങളുമെല്ലാം എടുത്ത് ഗംഗനും ഭാര്യയും വേഗം സ്ഥലം വിടാന്‍ ഒരുങ്ങി. അപ്പോഴാണ് കേശുവിന്റെ ഒരു പെട്ടി ഗംഗന്‍ കണ്ടത്. ഹയ്യട, ഏതായാലും സ്ഥലം വിടുകയല്ലേ, എന്നാലിതും കൂടി എടുത്തേക്കാം. പെട്ടിയ്ക്കുള്ളില്‍ എന്താണെന്ന് അറിയാനുള്ള ആര്‍ത്തി മൂലം ഗംഗന്‍ അതു തുറന്നു നോക്കി. പെട്ടെന്ന് ‘ശൂം…’ എന്ന് മൂളിക്കൊണ്ട് ഒരുകൂട്ടം കടന്നലുകള്‍ പെട്ടിയില്‍ നിന്ന് പുറത്തുചാടി ഗംഗനേയും ഭാര്യയേയും കുത്താന്‍ തുടങ്ങി. തലേന്നു രാത്രി കേശു പെട്ടിയില്‍ അടച്ചുവച്ചതായിരുന്നു ആ കടന്നല്‍ കൂട്ടത്തെ എന്ന് ഗംഗനുണ്ടോ അറിയുന്നു. അത്യാഗ്രഹിയായ ഗംഗന്‍ ആ പെട്ടിയും എടുക്കുമെന്ന് കേശുവിന് ഉറപ്പായിരുന്നു.
കടന്നല്‍് കുത്തേറ്റ് വേദന കൊണ്ട് പുളഞ്ഞ ഗംഗനും ഭാര്യയും അവിടെ നിന്നും ഇറങ്ങി ഓടി. പിന്നീടൊരിക്കലും അവര്‍ ആ വഴി വന്നിട്ടില്ല.