കെവിന്‍ വധക്കേസ്; എം എസ് ഷിബുവിനെ ജൂനിയര്‍ എസ്‌ഐയായി തരംതാഴ്ത്തി

Web Desk
Posted on May 29, 2019, 10:12 pm

സ്വന്തം ലേഖകന്‍

കൊച്ചി: കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഗാന്ധിനഗര്‍ എസ്‌ഐ എം എസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐയായി തരംതാഴ്ത്തി. എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെയുടെതാണ് ഉത്തരവ്. സര്‍വീസില്‍ തിരിച്ചെടുത്ത ഷിബുവിനെ ഇടുക്കിയിലേക്ക് മാറ്റി. വകുപ്പുതല അന്വേഷണത്തില്‍ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയെങ്കിലും പിരിച്ചുവിടല്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. അതേസമയം ഷിബുവിനെ തിരിച്ചെടുത്ത തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ അച്ഛന്‍ ജോസഫ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.

തരംതാഴ്ത്തിയതോടെ എട്ടു വര്‍ഷത്തെ സര്‍വീസും സീനിയോറിറ്റിയും ഷിബുവിന് നഷ്ടമാകും. ഇതുവരെയുള്ള ഇന്‍ക്രിമെന്റടക്കം നഷ്ടപ്പെടുന്നതോടെ ശമ്പളത്തിലും കുറവുവരും. സംസ്ഥാനത്തെ ഏറ്റവും പുതുതായി നിയമിതരാകുന്ന എസ്‌ഐയുടെ ശമ്പള സ്‌കെയിലാകും ബാധകമാകുക. സീനിയോറിറ്റി പരിഗണിച്ചുള്ള ആനുകൂല്യങ്ങളും ലഭിക്കില്ല. സിഐ ആയുള്ള സ്ഥാനക്കയറ്റം ഉള്‍പ്പെടെ ലഭിക്കാനിരിക്കെയാണ് ശിക്ഷാനടപടി. ഇടുക്കിയില്‍ ക്രമസമാധാന പാലന ചുമതല നല്‍കരുതെന്ന നിര്‍ദേശവുമുണ്ട്. കോട്ടയത്ത് സര്‍വീസില്‍ തിരിച്ചെടുത്തതായി കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് പിന്‍വലിച്ചാണ് പുതിയ ഉത്തരവ്. അതേസമയം എസ്‌ഐയെ തിരിച്ചെടുത്ത സംഭവം അറിഞ്ഞില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.

നട്ടാശ്ശേരി സ്വദേശി കെവിന്‍ ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ എം എസ് ഷിബു ഗുരുതരമായ കൃത്യവിലോപം നടത്തിയതായി വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കെവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ നീനുവും അച്ഛന്‍ ജോസഫും നല്‍കിയ പരാതികളില്‍ ആദ്യദിവസം എസ്‌ഐ അന്വേഷണം നടത്തിയിരുന്നില്ല. പരാതി നല്‍കാനെത്തിയ നീനുവിനോട് എസ്‌ഐ കയര്‍ത്തെന്നും പരാതി ഉയര്‍ന്നിരുന്നു.
വിവരം അറിഞ്ഞിട്ടും പ്രതികളെ കുറിച്ച് വിവരം നല്‍കിയിട്ടും നടപടി സ്വീകരിക്കാതിരുന്നത് ഗുരുതര അനാസ്ഥയാണെന്ന് ഐജിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. എസ്പി നേരിട്ട് നിര്‍ദേശിച്ചിട്ടും തെന്മലയിലേക്ക് പൊലീസ് സംഘത്തെ വിട്ടില്ല. ഇത് കടുത്ത അച്ചടക്ക ലംഘനമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുണ്ടെന്നായിരുന്നു എന്നാണ് ഷിബു ഇതിനു നല്‍കിയ വിശദീകരണം. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിയാണ് നടപടി.

കേസില്‍ അതീവഗുരുതരമായ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. കേസിലെ മുഖ്യപ്രതി ഷാനു ചാക്കോയില്‍ നിന്ന് കൈക്കൂലി വാങ്ങി പ്രതികളെ സഹായിച്ച എഎസ്‌ഐ ബിജുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു.
പൊലീസ് ഡ്രൈവര്‍ അജയകുമാറിന്റെ മൂന്ന് വര്‍ഷത്തെ ഇന്‍ക്രിമെന്റും റദ്ദാക്കി സസ്‌പെന്‍ഡ് ചെയ്തിരുന്നു.