കെവിൻ വധകേസിലെ ഒമ്പതാം പ്രതി ടിറ്റു ജെറോമിന് പൂജപ്പുര സെൻട്രൽ ജയിലിൽ മർദ്ദനമേറ്റെന്ന ആരോപണത്തിൽ അന്വേഷണവിധേയമായി മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാൻ ശുപാർശ. മൂന്നു ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരെയാണ് അന്വേഷണവിധേയമായി മാറ്റുന്നത്. ഉദ്യോഗസ്ഥർ ടിറ്റു ജെറോമിനെ മർദ്ദിച്ചുവെന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ടിറ്റു ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിയിൽ ചികിത്സയിലാണെന്നും ജയിൽ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. ചീഫ് വെൽഫയർ ഓഫീസർ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. തടവുകാർക്ക് ജയിൽ മാറ്റം ആവശ്യമെങ്കിൽ അതിനുള്ള നടപടിയും സ്വീകരിക്കുമെന്ന് ജയിൽ വകുപ്പ് കോടതിയെ അറിയിച്ചു.
സംഭവത്തിൽ മെഡിക്കൽ രേഖകളടക്കം പരിശോധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ജയിൽ ഡിഐജിയുടെ നിലപാട്. ജീവപരന്ത്യം തടവുശിക്ഷ അനുഭവിച്ച് വരുന്നതിനിടെ ജയിലിൽ വച്ച് പരുക്കേറ്റ ടിറ്റുവിനെ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന് ടിറ്റു ജറോമിന്റെ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നു. ജയിലിലെത്തി മകനെ കാണാൻ ശ്രമിച്ചെങ്കിലും ജയിൽ അധികൃതർ അനുവദിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് അടിയന്തര പരിശോധനയ്ക്ക് ജില്ലാ ജഡ്ജിയെയും ഡിഎംഒയെയും ഹൈക്കോടതി ചുമതലപ്പെടുത്തുകയായിരുന്നു. കോടതി ജയിലധികൃതരെ കർശനമായി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് തിരുവനന്തപുരം ജില്ലാ ജഡ്ജി ജയിലിലെത്തി പരിശോധന നടത്തി. ടിറ്റുവിന്റെ ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റതായും കണ്ടെത്തി. പൂജപ്പുര ജയിലിൽ കഴിയുന്ന ടിറ്റുവിനെ മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ചെയ്തു. ഇക്കാര്യങ്ങൾ ജില്ലാ ജഡ്ജി ഹൈക്കോടതിയെ അറിയിച്ചു. ഹർജി വീണ്ടും പരിഗണിച്ച കോടതി പ്രതിക്ക് ആശുപത്രിയിൽ പൊലീസ് സംരക്ഷണം നൽകാൻ നിർദ്ദേശം നൽകി. ജയിൽ അധികൃതർ സംരക്ഷണം നൽകേണ്ടതില്ലെന്നും കോടതി പറഞ്ഞു. വിഷയത്തിൽ ജയിൽ ഡിജിപിയോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ENGLISH SUMMARY: Kevin murder accused Titu beaten up: Three officers recommended for relocation
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.