കെവിന്റേത് ദുരഭിമാനക്കൊല

Web Desk

കോട്ടയം

Posted on August 22, 2019, 11:14 am

കെവിന്റെത് ദുരഭിമാന കൊല. കെവിന്‍ വധക്കേസില്‍ നീനു മാത്യുവിന്റെ സഹോദരന്‍ അടക്കം 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തി. എന്നാല്‍ നീനുവിന്റെ അച്ഛനും കേസിലെ അഞ്ചാം പ്രതിയുമായ ചാക്കോ ജോണിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയ കോടതി ഇതിനെ ദുരഭിമാനക്കൊലയാണെന്നും വിധിച്ചു. കേസിലെ ശിക്ഷാവിധി മറ്റന്നാളായിരിക്കും ഉണ്ടാവുക.കെവിന്‍ കൊലക്കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

പുനലൂര്‍ സ്വദേശി ചാക്കോയുടെ മകള്‍ നീനുവിനെ രജിസ്ട്രര്‍ വിവാഹം ചെയ്തതിന്റെ പിറ്റേന്നാണ് നട്ടാശേരി സ്വദേശി കെവിന്‍ ജോസഫിനെ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ട് പോയത്. 2018 മെയ് 27നായിരുന്നു സംഭവം. 28 ന് പുലര്‍ച്ചെ കെവിന്റെ മൃതദേഹം ചാലിയേക്കര ആറില്‍ കണ്ടെത്തി. കെവിന്റെത് കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന നിര്‍ണായക മൊഴികളാണ് ഫോറന്‍സിക് വിദഗ്ധരും നല്‍കിയത്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ 186 സാക്ഷികളില്‍ 113 സാക്ഷികളെ വിസ്തരിച്ച കോടതി സാങ്കേതിക തെളിവുകളും പരിശോധിച്ചിരുന്നു.