Friday
20 Sep 2019

മകളെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ചാക്കോ വന്നിരുന്നെന്ന് കെവിന്‍റെ പിതാവ്‌

By: Web Desk | Tuesday 14 May 2019 8:51 AM IST


കോട്ടയം: നീനുവിന്‍റെ പിതാവ് ചാക്കോ ജോസഫ് തന്‍റെ മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തന്നെ വന്ന് കണ്ടിരുന്നതായി കെവിന്‍റെ പിതാവ് ജോസഫിന്‍റെ മൊഴി. കെവിനെ തട്ടിക്കൊണ്ട് പോകുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു ഈ സംഭവം. കെവിന്‍ കൊലക്കേസിന്‍റെ വിചാരണ ഇന്നലെ ജില്ലാ സെക്ഷന്‍സ് കോടതിയില്‍ വീണ്ടും ആരംഭിച്ചപ്പോഴാണ് ജോസഫ് മൊഴി നല്‍കാനെത്തിയത്.

കഴിഞ്ഞ വര്‍ഷം മേയ് 25നാണ് ചവിട്ടുവരിയിലെ വര്‍ക്‌ഷോപ്പില്‍ വന്ന് ചാക്കോ തന്നെ കണ്ടതെന്ന് ജോസഫ് മെഴി നല്‍കിയത്. 26ന് നാലാം പ്രതി റിയാസും നീനുവിന്റെ മാതൃസഹോദരിയും വീട്ടില്‍ വന്നു. 27 നു പുലര്‍ച്ചെ കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ജോസഫ് പറഞ്ഞു.

ഇതിനു പിന്നാലെ ഗാന്ധി നഗര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. ഗാന്ധിനഗര്‍ എസ്‌ഐ പരാതി കാര്യമായെടുത്തില്ല. പൊലീസ് സ്റ്റേഷനില്‍ വച്ചാണ് നീനുവിനെ ആദ്യം കണ്ടതെന്നും ജോസഫ് വ്യക്തമാക്കി. കെവിനെ തട്ടിക്കൊണ്ടുപോയ രാത്രിയില്‍ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ സാനു ചാക്കോയെയും മൂന്നാം പ്രതി ഇഷാനെയും മാന്നാനത്തിനു സമീപം കണ്ടതായി സിവില്‍ പൊലീസ് ഓഫിസര്‍ അജയകുമാര്‍ മൊഴി നല്‍കി. ”എഎസ്‌ഐ ടി എം  ബിജുവും ഒപ്പമുണ്ടായിരുന്നു. അമലഗിരിയിലുള്ള കൂട്ടുകാരന്റെ സഹോദരിയുടെ വിവാഹത്തിനു വന്നതാണ്. വഴിതെറ്റി മാന്നാനത്ത് എത്തിയതാണെന്ന് സാനു പറഞ്ഞു. സാനുവിന്റെ കാറിന്റെ നമ്പര്‍ പ്ലേറ്റുകള്‍ ചെളി കൊണ്ട് മറച്ചിരുന്നു. മറ്റൊരു കാറില്‍ നിന്നു ചെളി തെറിച്ചതാണെന്നു പറഞ്ഞു.

സാനുവിനെയും ഇഷാനെയും കാറിനൊപ്പം നിര്‍ത്തി ഫോട്ടോ എടുത്തു. സാനുവിന്റെ ഫോണ്‍ നമ്പറും വാങ്ങി. അനീഷിന്റെ വീട് ആക്രമിക്കപ്പെട്ട വിവരം അല്‍പം കഴിഞ്ഞപ്പോള്‍ അറിഞ്ഞു. എഎസ്‌ഐ ബിജു സാനുവിനെയും ചാക്കോയെയും ഫോണില്‍ വിളിച്ചു. സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തു.” റെക്കോര്‍ഡ് ചെയ്ത ഫോണ്‍ സംഭാഷണവും അജയകുമാര്‍ കോടതിയില്‍ തിരിച്ചറിഞ്ഞു.

വാഹന പരിശോധയ്ക്കിടെ സാനുവിന്റെ കൈയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന അജയകുമാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. എഎസ്‌ഐ ബിജുവിനു പിരിച്ചു വിടല്‍ നോട്ടിസ് നല്‍കിയിരിക്കുകയാണ്.

YOU MAY ALSO LIKE THIS..