കെവിൻ കേസിൽ വിധി; പ്രതികൾക്ക് ഇരട്ട ജീവപരന്ത്യം

Web Desk

കോട്ടയം

Posted on August 27, 2019, 11:23 am

കെവിന്‍ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 10പ്രതികള്‍ക്കുംഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചു. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായി കേസ് പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.ശിക്ഷ ഒരുമിച്ച്‌ അനുഭവിക്കണം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് ചൂണ്ടിക്കാട്ടിയ കോടതിപ്രതികള്‍ക്ക് 40,000 രൂപ പിഴയും വിധിച്ചു. കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

പിഴ തുകയില്‍ നിന്ന് ഒരു ലക്ഷം രൂപ മുഖ്യസാക്ഷി അനീഷ് സെബാസ്റ്റ്യനു നല്‍കണം. ബാക്കി തുക തുല്യമായി വീതിച്ച്‌ കെവിന്റെ ഭാര്യ നീനുവിനും പിതാവ് ജോസഫിനും നല്‍കണമെന്നും കോടതി വ്യക്തമാക്കി. നീനുവിന്റെ സഹോദരനും ഒന്നാംപ്രതിയുമായ തെന്മല ഒറ്റക്കല്‍ ശ്യാനു ഭവനില്‍ ഷാനു ചാക്കോ (27), ബന്ധുവും രണ്ടാംപ്രതിയുമായ പുനലൂര്‍ ഇടമണ്‍ നിഷാന മന്‍സില്‍ നിയാസ് മോന്‍ (ചിന്നു 24), മൂന്നാംപ്രതി ഇടമണ്‍ തേക്കുംകൂപ്പ് താഴത്ത് ഇഷാന്‍ ഇസ്മയില്‍ (21), നാലാംപ്രതി ഇടമണ്‍ റിയാസ് മന്‍സില്‍ റിയാസ് (27), ആറാംപ്രതി തെങ്ങുംതറ പുത്തന്‍വീട്ടില്‍ അശോക ഭവനില്‍ മനു മുരളീധരന്‍ (27), ഏഴാംപ്രതി പുനലൂര്‍ മരുതമണ്‍ ഭരണിക്കാവ് അന്‍ഷാദ് മന്‍സിലില്‍ ഷിഫിന്‍ സജാദ് (28), എട്ടാംപ്രതി പുനലൂര്‍ ചാലക്കോട് റേഡിയോപാര്‍ക്ക് വാലുതുണ്ടിയില്‍ എന്‍. നിഷാദ് (23), ഒമ്ബതാംപ്രതി പത്തനാപുരം വിളക്കുടി കടശ്ശേരി ടിറ്റുഭവന്‍ ടിറ്റു ജെറോം (25), 11ാംപ്രതി മുസാവരിക്കുന്ന് അല്‍മന്‍ഹല്‍ മന്‍സില്‍ ഫസല്‍ ഷരീഫ് (അപ്പൂസ്26), 12ാംപ്രതി വാളക്കോട് ഗ്രേസിങ് ബ്ലോക്ക് ഈട്ടിവിള ഷാനു ഷാജഹാന്‍ (25) എന്നിവര്‍ക്കാണ് ജഡ്ജി എസ്. ജയചന്ദ്രന്‍ ശിക്ഷ വിധിച്ചത്.

കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ കെവിന്‍ പി ജോസഫിനെയും (24) ബന്ധു അനീഷിനെയും 2018 മെയ് 27ന് പുലര്‍ച്ചെ രണ്ടിനാണ് കോട്ടയം മാന്നാനത്തുള്ള ബന്ധുവീട്ടില്‍ നിന്ന് നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ അടങ്ങുന്ന 13 അംഗ സംഘം തട്ടിക്കൊണ്ടുപോകുന്നത്. മേയ് 28 ന് രാവിലെ 8.30 ഓടെ കെവിന്റെ മൃതദേഹം തെന്മലക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ കണ്ടെത്തി. നീനുവിനെ വിവാഹം കഴിച്ചതിലുള്ള വിരോധത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ദൃക്‌സാക്ഷികളില്ലാതിരുന്ന കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ എല്ലാ പ്രതികള്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്താനായത് പ്രോസിക്യൂഷന് നേട്ടമായി.

എന്നാല്‍, ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന്‌ പ്രോസിക്യൂഷൻ വാദിച്ച അഞ്ചാംപ്രതിയും നീനുവിന്റെ പിതാവുമായ തെന്‍മല ഒറ്റക്കല്‍ ശ്യാനു ഭവനില്‍ ചാക്കോ ജോണ്‍ (51), പത്താംപ്രതി അപ്പുണ്ണി (വിഷ്ണു 25), 13ാംപ്രതി പുനലൂര്‍ ചെമ്മന്തൂര്‍ പൊയ്യാനി ബിജു വില്ലയില്‍ ഷിനു ഷാജഹാന്‍ (23), 14ാം പ്രതി പുനലൂര്‍ ചെമ്മന്തൂര്‍ നേതാജി വാര്‍ഡില്‍ മഞ്ജു ഭവനില്‍ റെമീസ് ഷരീഫ് (25) എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടിരുന്നു. ഷാനുവും ചാക്കോയും തമ്മിലെ ഫോണ്‍ സംഭാഷണ രേഖകളാണ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ ഹാജരാക്കിയത്. എന്നാല്‍, ചാക്കോ തന്നെയാണ് ഫോണ്‍ ഉപയോഗിച്ചതെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

you may also like this video