കെവിന്‍ കേസ്; പ്രോസിക്യൂഷന്‍ തെളിവുകളില്‍ വൈരുധ്യമെന്ന് പ്രതിഭാഗം

Web Desk
Posted on July 23, 2019, 6:05 pm

കോട്ടയം: കെവിന്‍ കേസില്‍ പ്രോസിക്യൂഷന്‍ മുന്നോട്ട് വെച്ച തെളിവുകള്‍ നിരാകരിച്ച് പ്രതിഭാഗം വാദം പൂര്‍ത്തിയാക്കുന്നു. കെവിനെ കൊലപ്പെടുത്തുമെന്ന രീതിയില്‍ ഒന്നാം പ്രതി ഷാനു ചാക്കോ അയച്ചുവെന്ന് പറയുന്ന വാട്‌സാപ്പ് സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലന്ന് അവര്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ ഹാജരാക്കിയ സന്ദേശങ്ങള്‍ ആധികാരികമല്ല. ഷാനു സന്ദേശം അയച്ചെങ്കില്‍ തന്നെ അത് സ്വീകരിച്ച അക്കൗണ്ട് പരിശോധിക്കേണ്ടതായിരുന്നു. ഈ കേസില്‍ അതുണ്ടായില്ല. പപ്പ കുവൈറ്റ് എന്ന അക്കൗണ്ടിലേക്കാണ് സന്ദേശം പോയതെങ്കില്‍ ആ അക്കൗണ്ട് പരിശോധിക്കേണ്ടതായിരുന്നു.

കേസിലെ സാക്ഷിയായ ലിജോയുടെ ഫോണ്‍ പരിശോധിക്കുന്ന കാര്യത്തിലും വീഴ്ച പറ്റി.ഫോണ്‍ പാറ്റേണ്‍ ലോക്ക് ആണെന്ന് അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞു. പക്ഷേ ഫോണ്‍ കണ്ടെടുത്തപ്പോള്‍ തൊണ്ടി മഹസര്‍ എഴുതിയപ്പോള്‍ ഫോണ്‍ ഫ്‌ലൈറ്റ് മോഡിലാക്കി എന്ന് രേഖപ്പെടുത്തിയിരുന്നു. ലോക്ക് തുറക്കാന്‍ കഴിയാത്ത ഫോണ്‍ ഫ്‌ലൈറ്റ് മോഡ് ആക്കുന്നത് എങ്ങനെയാണ്.

മാന്നാനത്തെ നിരീക്ഷണ ക്യാമറയില്‍ പ്രതികളുടെ വണ്ടി കണ്ടുവെന്ന വാദത്തിലും കഴമ്പില്ല. ആദ്യം ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കിയ സ്‌റ്റേറ്റ് ഫോറന്‍സിക് ലാബ് പറഞ്ഞത് രാത്രിയിലെ വീഡിയോ ദൃശ്യത്തില്‍ നിന്ന് നിശ്ചലദൃശ്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷ്മമായി പരിശോധിച്ച് കൃത്യത വരുത്താന്‍ പ്രയാസം എന്നാണ്. എന്നാല്‍, വാദം തുടങ്ങിയ ശേഷം നിശ്ചലദൃശ്യം വേര്‍തിരിച്ച് എടുക്കാം എന്ന പുതിയ റിപ്പോര്‍ട്ട് നല്‍കി. ഇതില്‍ ഏതാണ് ശരി. പ്രതികളുടെ വാഹനം നിരീക്ഷണ ക്യാമറാ ദൃശ്യത്തില്‍ ഉണ്ടായിരുന്നു എന്ന വാദം വിശ്വസനീയമല്ല.

കേസിലെ പ്രതി ഷാനു ചാക്കോ മാന്നാനത്ത് വാഹനം പരിശോധിച്ച ഗാന്ധിനഗര്‍ എഎസ്ഐ ബിജുവുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ ആധികാരിക തെളിവായി എടുക്കാന്‍ കഴിയില്ല. ഇതിന് നിയമസാധുത ഇല്ല. പ്രതിയും പോലീസുമായുള്ള സംഭാഷണം തെളിവാക്കുന്നതിന് നിയമപരമായി തടസമുണ്ട്. ഫോണ്‍ സംഭാഷണ രേഖകള്‍ പലതും എഡിറ്റഡാണെന്നും പ്രതിഭാഗം ആരോപിച്ചു. പ്രതിഭാഗം വാദം ബുധനാഴ്ച പൂര്‍ത്തിയായേക്കും.

You May Also Like This: