കെ​വി​ന്‍ വധക്കേ​സി​ല്‍ വി​ചാ​ര​ണക്കി​ടെ, നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സാക്ഷിക്ക് കോടതിക്കുളളില്‍ ഭീഷണി

Web Desk
Posted on April 26, 2019, 6:27 pm

കോ​ട്ട​യംകെ​വി​ന്‍ വധക്കേ​സി​ല്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സാക്ഷിക്ക് കോടതിക്കുളളില്‍ ഭീഷണി. കേ​സി​ലെ പ്ര​തി​ക​ള്‍​ക്കെ​തി​രെ നി​ര്‍​ണാ​യ​ക മൊ​ഴി ന​ല്‍​കി​യ ലി​ജോ​യെയാണ് ഭീ​ഷ​ണിപ്പെടുത്തിയത്. പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ന്ന എ​ട്ടാം പ്ര​തി നിഷാദ് ആം​​ഗ്യങ്ങ​ളി​ലൂ​ടെ​യാ​ണ് ലി​ജോ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. നാ​ലാം പ്ര​തി നി​യാ​സി​നെ തി​രി​ച്ച​റി​യു​ന്ന ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ഭീ​ഷ​ണി. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക്ക് കോ​ട്ട​യം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി താ​ക്കീ​ത് ന​ല്‍​കി. സാ​ക്ഷി​ക​ള്‍​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കേസിന്റെ വിസ്താരത്തിനിടെ, കെവിന്‍ കൊല്ലപ്പെട്ടതായി പ്രതി ഷാനു ചാക്കോ തന്നെ വിളിച്ചു പറഞ്ഞിരുന്നതായി ഷാനുവിന്റെ സുഹൃത്ത് ലിജോ കോടതിയെ അറിയിച്ചിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഷാനു തന്നെ വിളിച്ച്‌ ഇക്കാര്യം പറഞ്ഞിരുന്നതായാണ് ലിജോ വിസ്താരത്തിനിടെ കോടതിയെ അറിയിച്ചത്. ഷാനുവിനോടു പൊലീസില്‍ കീഴടങ്ങാന്‍ താന്‍ ഉപദേശിച്ചതായും ലിജോ പറഞ്ഞു.

കെവിന്റെ ഭാര്യ നീനു ചാക്കോയെ തിരക്കി രണ്ടാം പ്രതി നിയാസിന്റെ നേതൃത്വത്തില്‍ ഏതാനും പേര്‍ വീട്ടില്‍ വന്നതായി കെവിന്റെ ബന്ധു അനീഷ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിട്ടുണ്ട്. നീനുവിനെ തങ്ങള്‍ക്ക് വേണ്ടെന്ന് നിയാസ് പറയുന്നത് കേട്ടെന്നും അനീഷ് വ്യക്തമാക്കി.

നീനുവിനെ വിട്ടുകിട്ടാന്‍ വേണ്ടിയല്ല അനീഷിനെയും കെവിനെയും തട്ടിക്കൊണ്ടു പോയതെന്ന വാദമാണു പ്രതിഭാഗം  കോടതിയില്‍ ഉന്നയിച്ചത്. കെവിനും നീനുവും വിവാഹം കഴിക്കാന്‍ പോവുകയാണെന്നു രണ്ടാം പ്രതി നിയാസിനോടു ഫോണില്‍ പറഞ്ഞതു കേട്ടതായി അനീഷ് കോടതിയില്‍ പറഞ്ഞു. ഇതിനു മറുപടിയായി ‘അവളെ  ഞങ്ങള്‍ക്കു വേണ്ട’ എന്നു നിയാസ് പറഞ്ഞു. കോട്ടയത്തു നിന്നു തട്ടിക്കൊണ്ടു പോയ ശേഷം നിയാസിനെ ചാലിയക്കരയില്‍ വച്ചാണു പിന്നീടു കാണുന്നത്. തന്നെ ചാലിയക്കരയില്‍ നിന്നു കോട്ടയത്തേക്ക് നിയാസാണു കൊണ്ടുവിട്ടത്. ഈ സമയം നിയാസ് നീനുവിനെ ഫോണില്‍ വിളിച്ചില്ലെന്നും അനീഷ് ക്രോസ് വിസ്താരത്തില്‍ പറഞ്ഞു.

കാഴ്ചയ്ക്ക് പോരായ്മയുള്ളതിനാല്‍ പ്രതികളില്‍ ചിലരെ തിരിച്ചറിയാന്‍ കഴിഞ്ഞ ദിവസം അനീഷിന് കഴിഞ്ഞിരുന്നില്ല. ഒരു വര്‍ഷം മുന്‍പു കൊലപാതകം നടക്കുന്ന സമയത്തുള്ള കാഴ്ചശക്തി വീണ്ടും കുറഞ്ഞുവെന്നാണ് ഇന്നലെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ അറിയിച്ചത്. ഇന്നലെ പ്രതിഭാഗം അഭിഭാഷകരും അനീഷിന്റെ ക്രോസ് വിസ്താരം നടത്തി.