Thursday
14 Nov 2019

കെവിന്‍ വധം: സാക്ഷിയെ മര്‍ദിച്ച പ്രതികളുടെ ജാമ്യം റദ്ദാക്കി

By: Web Desk | Tuesday 21 May 2019 10:03 AM IST


കോട്ടയം: കെവിന്‍ വധക്കേസിലെ സാക്ഷിയെ മര്‍ദിച്ച പ്രതികളുടെ ജാമ്യം കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കി. കോടതിയില്‍ സാക്ഷി പറയരുതെന്നാവശ്യപ്പെട്ട് 37ാം സാക്ഷി രാജേഷിനെയാണ് ആറാം പ്രതിയായ മനു, 13ാം പ്രതിയായ ഷിനു എന്നിവര്‍ ചേര്‍ന്നു മര്‍ദിച്ചത്. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയ കാര്യം 11ാം പ്രതി തന്നോടു പറഞ്ഞിരുന്നുവെന്നും രാജേഷ് കോടതിയില്‍ മൊഴി നല്‍കി. വിസ്താരത്തിനിടെ കേസിലെ ഏഴ് സാക്ഷികള്‍ പ്രതികള്‍ക്കനുകൂലമായി മൊഴി മാറ്റിയിരുന്നു. കൂറുമാറിയ സാക്ഷികള്‍ക്കെതിരേ നിയമനടപടി വേണമെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും. രാജേഷ് ഉള്‍പ്പടെ ആറ് സാക്ഷികളെയാണ് ഇന്നലെ കോടതി വിസ്തരിച്ചത്.

കെവിന്‍ വധക്കേസിലെ പ്രതികളായ ഫസല്‍, ഷിനു, ഷെഫിന്‍ എന്നിവരുടെ സുഹൃത്താണു കേസിലെ 37ാം സാക്ഷിയായ രാജേഷ്. കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെ 11ാം പ്രതിയായ ഫസില്‍, രാജേഷിനെ കാണാനെത്തി. വീടാക്രമിച്ചു കെവിനെയും അനീഷിനെയും തട്ടികൊണ്ടു പോയ കാര്യം പറഞ്ഞിരുന്നു. പോലീസിനു രാജേഷ് നല്‍കിയ സാക്ഷി മൊഴി പ്രതികള്‍ക്കനുകൂലമായി മാറ്റി പറയണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. ജാമ്യത്തിലുള്ള ആറാം പ്രതി മനു മുരളീധരന്‍, 13ാം പ്രതി ഷിനു നാസര്‍ എന്നിവര്‍ പുനലൂര്‍ മാര്‍ക്കറ്റിനു സമീപത്തുവച്ചാണു മര്‍ദിച്ചതെന്നു രാജേഷ് കോടതിയില്‍ പറഞ്ഞു.

രാജേഷിനെ മര്‍ദിച്ച പ്രതികളുടെ ജാമ്യം കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കി. പ്രതികളായ വിഷ്ണു, ഷാനു, നിഷാദ്, ടിറ്റു, റെമീസ്, ഷിനു, ഷെഫിന്‍, ഫസില്‍ എന്നിവരെ രാജേഷ് തിരിച്ചറിഞ്ഞു. രാജേഷ് ഉള്‍പ്പടെ ആറു സാക്ഷികളെയാണു കോടതി വിസ്തരിച്ചത്. കെവിനു ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ തഹസില്‍ദാരും കോടതിയില്‍ ഹാജരായി മൊഴിനല്‍കി.കെവിന്റെതു ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷന്‍ വാദത്തിനു ബലം നല്‍കുന്ന രേഖയുടെ ആധികാരികതയിലാണ് തഹസില്‍ദാര്‍ വ്യക്തത നല്‍കിയത്. രാജേഷിനെ മര്‍ദിച്ച കറവൂര്‍ സ്വദേശി ഷാജഹാന്‍, തൊളിക്കോട് കാഞ്ഞിരംവിള വീട്ടില്‍ റോബിന്‍ എന്നിവരെ പുനലൂര്‍ ടൗണില്‍നിന്നും പോലീസ് പിടികൂടി.