November 29, 2023 Wednesday

കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ് കെ ജി ജോര്‍ജ്

Janayugom Webdesk
September 24, 2023 1:25 pm

ലയാള സിനിമാ ഇന്ന് ആഘോഷിക്കപ്പെടുന്ന ന്യൂജന്‍ സിനിമയ്ക്ക് ശരിക്കും വിത്തുപാകിയ സംവിധായകന്‍ ആണ് കെ ജി ജോര്‍ജ്.…കണ്ണീരും കിനാവും കുടുംബഡ്രാമകളിലൂടെ സഞ്ചരിച്ച മലയാള സിനിമയെ മറ്റൊരുതലത്തിലേയ്ക്ക് പറിച്ചുമാറ്റിയ കാലാതിവര്‍ത്തിയായ സംവിധായകനാണ് കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജ് എന്ന കെ ജി ജോര്‍ജ്.…. 1946ല്‍ തിരുവല്ലയില്‍ ജനിച്ച കെ ജി ജോര്‍ജിന്റെ ഉളളില്‍ കുട്ടിക്കാലം തൊട്ടെ സിനിമാ ഒരു സ്വപ്‌നമായി വളര്‍ന്നിരുന്നു.…സിനിമാ കാണാനായി 10 കിലോമീറ്റര്‍ ദൂരെയുള്ള തിയറ്ററിലേയ്ക്ക് നടന്ന കഥ പലവേദിയിലും അദേഹം പറഞ്ഞിട്ടുണ്ട്. സിനിമ കാണുന്നതിനുളള പണത്തിനായി പെയിന്റിങ് ജോലികള്‍ അടക്കമുള്ള ജോലികള്‍ ചെയ്യാനും അദേഹത്തിന് മടിയുണ്ടായിരുന്നില്ല.…1968ല്‍ കേരള സര്‍വ്വകലാശാലയിലെ പഠനത്തിനിടിയിലാണ് സിനിമാ മോഹം കാര്യമാകുന്നത്.

മൂന്ന് വര്‍ഷത്തിനുളളില്‍ സിനിമ പഠിക്കാനായി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തുകയും ചെയ്തു.. പിന്നീട് രാമു കാര്യാട്ടിന്റെ മായ എന്ന ചിത്രത്തില്‍ സംവിധാന സഹായിയായാണ് ചലച്ചിത്ര ജിവിതം ആരംഭിക്കുന്നത്.…രാമു കാര്യാട്ടിന്റെ കൂടെ മൂന്ന് വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. പിന്നീട് സ്വതന്ത്ര സംവിധായകനായതോടെ അതുവരെ കണ്ടുശീലിച്ച സിനിമകളില്‍ നിന്ന് വഴി മാറി സഞ്ചരിക്കാനാണ് കെ ജി ജോര്‍ജ് താല്‍പര്യപ്പെട്ടത്. വിട്ടുവീഴ്ചയില്ലാത്ത തിരക്കഥയായിരുന്നു കെ ജി ജോര്‍ജിനെ വ്യത്യസ്തനാക്കിയത്. 70 കളില്‍ പരസ്പരം ഇണങ്ങാതെ നിന്ന ആര്‍ട് സിനിമയെയും മുഖ്യധാരാ സിനിമയെയും തന്റെ കിടയറ്റ തിരക്കഥയും സംവിധാനവും കൊണ്ട് ഉള്‍ച്ചേര്‍ത്തു വിളക്കിയാണ് ജോര്‍ജ് സിനിമകള്‍ ഒരുക്കിയത്. 

സ്ത്രീജീവിതങ്ങളുടെ ഉള്‍ക്കാഴ്ചകള്‍ അദ്ദേഹം അവതരിപ്പിച്ച ആദാമിന്റെ വാരിയെല്ല് , മലയത്തിലെ ആദ്യ ലക്ഷണമൊത്ത ആക്ഷേപഹാസ്യമായ പഞ്ചവടിപ്പാലം, ക്രൂരതയുടെ അധോതലങ്ങള്‍ ഒരുക്കിയ ഇരകള്‍ , ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലെറിനൊപ്പം സ്ത്രീപക്ഷ യാഥാര്‍ഥ്യങ്ങളും ഇഴുകിച്ചേര്‍ത്ത യവനിക ഉള്‍പ്പെടെയുള്ള സിനിമകള്‍ അങ്ങനെ വ്യത്യസ്ത പ്രമേയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു.
1975 ല്‍ പുറത്തിറങ്ങിയ ആദ്യ സിനിമയായ സ്വപ്നാടനത്തിലൂടെ ജോര്‍ജ് വരവ് അറിയിച്ചു. 1982 ല്‍ പുറത്തിറങ്ങിയ യവനികയില്‍ എസ് എല്‍ പുരം സദാനന്ദനുമായി ഒരുക്കിയ തിരക്കഥ ഇന്നും സിനിമ വിദ്യാര്‍ത്ഥികളുടെ പാഠ പുസ്തകമാണ്. ഒരു നാടക ട്രൂപ്പുമായി ബന്ധപ്പെട്ടുണ്ടായ കൊലപാതകവും പൊലീസ് അന്വേഷണവുമായി ചിത്രത്തിന്റെ പ്രമേയം. അതുവരെ കണ്ട് ശീലിച്ച നടപ്പുവഴികളില്‍ നിന്ന മാറിയാണ് യവനിക സഞ്ചരിച്ചത്. ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥകളുടെ എണ്ണം എടുത്താല്‍ ആദ്യപത്തില്‍ യവനികയുണ്ടാകും. കാലത്തിന്റെ യവനികയിലേക്ക് മറഞ്ഞെങ്കിലും സിനിമാ ചരിത്രത്തിന്റെ താളുകളില്‍ സുവര്‍ണലിപിയില്‍ കെ ജിയെ കലാ ആസ്വാദകര്‍ അടയാളപ്പെടുത്തുക തന്നെ ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.