വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച സംവാദം രാജ്യദ്രോഹ പ്രവര്‍ത്തനമെന്ന് ബിജെപി

Web Desk
Posted on March 06, 2019, 10:01 am
കോഴിക്കോട്: ഉത്തര്‍പ്രദേശിലെ ഡോ: കഫീല്‍ഖാനെ പങ്കെടുപ്പിച്ച് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച സംവാദം രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്ന് ആരോപിച്ച് മാര്‍ച്ച് നടത്തിയ ബിജെപി — യുവമോര്‍ച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമായി. രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് പത്ത് മാസം മുമ്പ് നടന്ന പരിപാടിയില്‍ ഇപ്പോള്‍ രാജ്യദ്രോഹം കണ്ട് ബിജെപി മുതലെടുപ്പ് നീക്കം ആരംഭിച്ചത്. പരിപാടിയ്ക്ക് നേതൃത്വം വഹിച്ച കോളജിലെ അധ്യാപകനുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ച നേതാവ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പാളിന്റെ ഓഫീസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത്. ജില്ലാ കലക്ടര്‍ പങ്കെടുത്ത ആശുപത്രി വികസന സൊസൈറ്റി യോഗം നടക്കുന്നതിനിടെയായിരുന്നു ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്.
കഴിഞ്ഞ മെയ് പത്തിനാണ് ഡോ. കഫീല്‍ഖാനെ പങ്കെടുപ്പിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജ് ലൈബ്രറി ഹാളില്‍ സംവാദനം സംഘടിപ്പിച്ചത്. ഈ പരിപാടി ദേശവിരുദ്ധമാണെന്ന കണ്ടെത്തലുമായി പത്ത് മാസത്തിന് ശേഷം ബി ജെ പിയുടെ ജനം ചാനല്‍ രംഗത്തെത്തി. ഈ വാര്‍ത്ത വന്നതോടെയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.
ഡോ. കഫീല്‍ഖാന്‍ സംഘപരിവാര്‍ കണ്ണിലെ കരടാണ്. 2017 ആഗസ്റ്റില്‍ ഉത്തര്‍പ്രദേശിലെ ബാബ രാഘവ് ദേവ് മെഡിക്കല്‍ കോളെജില്‍ കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ പീഡിയാട്രിക് വിഭാഗം ഡോക്ടറും ഹെല്‍ത്ത് മിഷന്‍ മേധാവിയുമായ ഡോ. കഫീല്‍ഖാനെ ഉത്തര്‍പ്രദേശ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജയിലിലടച്ചിരുന്നു. ഓക്‌സിജന്‍ ലഭിക്കാതെ ഗോരഖ്പൂര്‍ ആശുപത്രി ഐ സി യുവില്‍ കൂട്ട ശിശുമരണം നടന്നപ്പോള്‍, സ്വന്തം ചെലവില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഡോക്ടര്‍ കഫീല്‍ ഖാന്‍ സര്‍ക്കാറിന്റെ കണ്ണിലെ കരടാക്കി മാറിയത്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം കുട്ടികള്‍ മരിക്കാനിടയായ സംഭവം സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതോടെയാണ് സംഭവത്തിന്റെ ഉത്തരവാദിത്തം കഫീല്‍ഖാന്റെ ചുമലിലാക്കി രക്ഷപ്പെടാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയത്. പിന്നീട് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കഫീല്‍ഖാന്റെ പങ്ക് നിഷേധിച്ച് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
ബി ജെ പിയുടെയും യുവമോര്‍ച്ചയുടെയും നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നിട്ടുണ്ട്. കോളെജിനും അധ്യാപകര്‍ക്കുമെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനവും നടത്തി. കഫീല്‍ഖാന്‍ പങ്കെടുത്ത സംവാദത്തില്‍ രാജ്യദ്രോഹപരമായി ഒന്നും നടന്നിട്ടില്ലെന്ന് കാണിക്കുന്ന വീഡിയോ നവ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ച് തെറ്റിദ്ധാരണ നീക്കാനും വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുന്നുണ്ട്.
ബി ജെ പി ‑യുവമോര്‍ച്ച നടപടിക്കെതിരെ സാംസ്‌ക്കാരിക പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. യു.പിയിലെ ശിശുരോഗ വിദഗ്ദന്‍ ഡോ. കഫീല്‍ഖാന്‍ കഴിഞ്ഞ വര്‍ഷം മേയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തതിനെ രാജ്യദ്രോഹമാക്കി ചിത്രീകരിക്കുന്ന സംഘ്പരിവാര്‍ നീക്കത്തെ തിരിച്ചറിയണമെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.