വധിക്കുമെന്ന ഇസ്രയേല്‍ ഭീഷണിക്ക് പിന്നാലെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി തന്റെ പിന്‍ഗാമിയാകാന്‍ യോഗ്യതയുള്ള മൂന്ന് പുരോഹിതന്മാരുടെ പട്ടിക തയ്യാറാക്കിയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ അദ്ദേഹത്തിന്റെ മകന്‍ മോജ്തബയില്ലെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട സൈനിക കമാന്‍ഡര്‍മാര്‍ക്ക് പകരക്കാരെ നിയമിക്കാനും അദ്ദേഹം നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഇസ്രയേലോ, അമേരിക്കയോ തന്നെ വധിക്കാനുള്ള സാധ്യതയുണ്ടെന്ന് 86 കാരനായ ഖമനേയി കണക്കുകൂട്ടുന്നതായാണ് സൂചന. അങ്ങനെ സംഭവിച്ചാല്‍ അത് രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാതിരിക്കുന്നതിനും ഇസ്രയേലുമായുള്ള യുദ്ധത്തെ ബാധിക്കാതിരിക്കുന്നതിനുമാണ് ഉന്നത സൈനിക തസ്തികകളിലേക്ക് ഉള്‍പ്പെടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാനും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ആശയവിനിമയ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കാനും ഖമനേയി ഉത്തരവ് നല്‍കിയതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന വൈദിക സമിതിയായ അസംബ്ലി ഓഫ് എക്സ്പെര്‍ട്ടിനോട് വേഗത്തില്‍ നടപടികള്‍ ആരംഭിക്കാനും താന്‍ നല്‍കിയ പട്ടികയില്‍ നിന്ന് ഒരാളെ പിന്‍ഗാമിയായി തെരഞ്ഞെടുക്കാനും ഖമനേയി നിര്‍ദേശിച്ചു. ഇത് അപൂര്‍വമായ നടപടിയാണ്. മകന്‍ മോജ്തബയെ പരമോന്നത നേതാവാക്കുന്നതിനായി പരിശീലനം നല്‍കുന്നുണ്ടെന്ന് മുമ്പ് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവവികാസം. ഖമനേയിയുടെ അനന്തരാവകാശിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഇബ്രാഹിം റൈസി കഴിഞ്ഞ വർഷം ഇറാൻ പ്രസിഡന്റായിരിക്കെ ഒരു ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. സാധാരണയായി പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ക്ക് മാസങ്ങള്‍ വേണ്ടിവരും. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പരമോന്നത നേതാവിനെ പുരോഹിത സമിതി കണ്ടെത്തുക. രാജ്യം അടിയന്തരഘട്ടത്തിലൂടെ കടന്ന് പോകുന്നതിനാല്‍ കാര്യങ്ങള്‍ വേഗത്തിലാക്കാനും ആയത്തുള്ള അലി ഖമനേയി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.