Site iconSite icon Janayugom Online

ഖര്‍ഗാവ് സംഘര്‍ഷം: അറസ്റ്റിലായ മുസ്‌ലിം കുട്ടികള്‍ നേരിട്ടത് കൊടിയ പീഡനങ്ങള്‍

ഖര്‍ഗാവ് സംഘര്‍ഷത്തില്‍ അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ജുവനൈല്‍ കറക്ഷന്‍ ഹോമില്‍ ശാരീരിക പീഡനങ്ങളുള്‍പ്പെടെ അനുഭവിക്കേണ്ടിവന്നുവെന്ന് പരാതി.

കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ 12 പേരെയാണ് ഖണ്ഡ്‌വയിലെ കറക്ഷണല്‍ ഹോമിലേക്ക് അയച്ചിരുന്നത്. മുസ്‌ലിം വിഭാഗക്കാരായ പതിനേഴും പതിനഞ്ചും വയസുള്ള സഹോദരങ്ങളാണ് തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന പീഡനങ്ങള്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയത്.

മര്‍ദ്ദനവും മാനസിക പീഡനവും നേരിടേണ്ടിവന്നുവെന്നും ഭക്ഷണവും വെള്ളവും നിഷേധിച്ചുവെന്നും ഇവര്‍ ആരോപിച്ചു. ഭജനഗാനങ്ങള്‍ മൊബൈലില്‍ കേള്‍പ്പിക്കുകയും അത് ഏറ്റുപാടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു, ഹിന്ദുമതവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിപ്പിച്ചു തുടങ്ങിയ പരാതികളും ഇവര്‍ ഉന്നയിച്ചു.

കലാപം, തീവയ്പ്പ്, അപായമുണ്ടാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പെരുമാറ്റം തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടികളുള്‍പ്പെടെ ഭൂരിഭാഗം പേര്‍ക്കെതിരെയും ചുമത്തിയത് കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന കുറ്റമാണെന്നും രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ട ഒരാളിന്റെ പേരുള്‍പ്പെടെ പ്രതികളുടെ പട്ടികയില്‍ ചേര്‍ത്തിരിക്കുകയാണെന്നും ഇവരുടെ അഭിഭാഷകന്‍ എം എ ഖാന്‍ പറഞ്ഞു.

മസ്ജിദിന് തീവച്ച കേസിലുള്‍പ്പെടെ മുസ്‌ലിം മതവിഭാഗത്തിലുള്ളവരെ പ്രതികളാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇരുവരുടെയും ജാമ്യാപേക്ഷ ആദ്യം ജുവനൈല്‍ കോടതി തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ ജാമ്യത്തിനായി സമീപിച്ചത്.

Eng­lish summary;Khargaon clash: Arrest­ed Mus­lim chil­dren face bru­tal torture
You may also like this video;

Exit mobile version