Site iconSite icon Janayugom Online

ഖാർഗെയുടെ ദളിത് മുഖം: കോൺഗ്രസിനെ വിമർശിച്ച് മായാവതി

മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ എതിരാളികളുടെ നിരയിൽ അസ്വസ്ഥത തുടങ്ങി. പ്രത്യേകിച്ച് കർണാടക, ഉത്തർപ്രദേശ് തുടങ്ങി ദളിത് വോട്ടുകൾ നിർണായകമായ സംസ്ഥാനങ്ങളിൽ. ഇത് ഭാവിയിൽ ദേശീയ തലത്തിലും സംസ്ഥാനതലത്തിലും അടുത്ത തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ നില മെച്ചപ്പെടുത്തുമെന്ന് ആ പാർട്ടിയെപ്പോലെ ദളിത് മേധാവിത്തമുള്ള മറ്റ് പാർട്ടികളും വിലയിരുത്തുന്നു.
ഖാർഗെയെ അധ്യക്ഷനാക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്‌പി) നേതാവ് മായാവതി അതൃപ്തി പ്രകടിപ്പിച്ചു. കോൺഗ്രസ് അതിന്റെ നല്ല കാലത്ത് ദളിതരെ ഒതുക്കാൻ ശ്രമിച്ചു. എന്നാൽ അതിന്റെ ദുഷ്കരമായ സമയങ്ങളിൽ ദളിതരെ പ്രോത്സാഹിപ്പിക്കുകയും പ്രതിഫലം നൽകുകയും ചെയ്യുന്നുവെന്ന് മായാവതി ട്വീറ്റ് ചെയ്തു. ഡോ. ബി ആർ അംബേദ്കറെപ്പോലുള്ളവരോട് പോലും അവജ്ഞയും അവഗണനയുമാണ് കോൺഗ്രസിന്റെ ചരിത്രം കാണിക്കുന്നതെന്നും അവർ പറഞ്ഞു.
ഖാർഗെയിലൂടെ കോൺഗ്രസിന്റെ ദളിത് കാർഡ് യുപിയിൽ മാറ്റം സൃഷ്ടിക്കുമെന്ന് മായാവതിയുടെ അസ്വസ്ഥത സൂചിപ്പിക്കുന്നു. ഫെബ്രുവരിയിൽ സംസ്ഥാനത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മായാവതിയുടെ പാർട്ടിക്ക് 12 ശതമാനം വോട്ടുകൾ ലഭിച്ചെങ്കിലും ഒരു വിധാൻസഭാ സീറ്റ് മാത്രമാണ് അവർക്ക് ജയിക്കാനായത്. കോൺഗ്രസിന് രണ്ട് സീറ്റുകൾ നേടാനായി.
ഒരുവേള 200 ലേറെ സീറ്റ് നേടി യുപിയിൽ ഭരണം നടത്തിയ പാർട്ടിയാണ് ബിഎസ്‌പി. മായാവതി മുഖ്യമന്ത്രിയുമായി. ദളിതരുടെ മുന്നേറ്റം ലക്ഷ്യമിട്ട് രൂപീകരിച്ച പാർട്ടി ഒരു വിഭാഗം ഉയർന്ന ജാതിക്കാരുടെ പിന്തുണയും നേടിയിരുന്നു. പിന്നീട് നിരവധി അഴിമതി ആരോപണങ്ങളും പാർട്ടി ചിഹ്നമായ ആനയുടെ പ്രതിമ നഗരങ്ങളിൽ സ്ഥാപിച്ചതും വിവാദമായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ ബിഎസ്‌പി പരാജയപ്പെട്ടു. അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ എസ്‍പി അധികാരത്തിലെത്തി. അടുത്ത തെരഞ്ഞെടുപ്പിൽ അഖിലേഷിനും തുടർ ഭരണം കിട്ടിയില്ല. മോഡിതരംഗത്തിൽ ബിജെപി കുതിച്ചുകയറുകയും ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കുകയും ചെയ്തു. 

Eng­lish Sum­ma­ry: Kharge’s Dalit face: Mayawati crit­i­cizes Congress

You may like this video also

Exit mobile version