Site iconSite icon Janayugom Online

സാമ്പാറും തോരനും അവിയലുമൊക്കെ ഇനി ഈസിയായി തയാറാക്കാം; കറിക്കൂട്ടുമായി കാട്ടാക്കടയുടെ കെഐഡിസി

CurryCurry

കാട്ടാക്കട മണ്ഡലത്തിൽ ഐ ബി സതീഷ് എംഎൽഎയുടെ നേതൃത്വത്തിൽ ആരംഭിച്ച സംരഭകത്വ വികസന പരിപാടിയായ കാട്ടാൽ ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് കൗൺസലിന്റെ(കെഐഡിസി) വ്യത്യസ്തതയാർന്ന ഒരു ആശയത്തിനാണ് സെക്രട്ടേറിയേറ്റ് പരിസരത്തെ ജനങ്ങൾ സാക്ഷിയായത്. പാചകത്തിനാവശ്യമായ പച്ചക്കറികൾ വിവിധ കറികൾക്ക് ആവശ്യമായ തരത്തിൽ അരിഞ്ഞ് പായ്‌ക്കറ്റുകളിലാക്കി വിപണനം ചെയ്യുന്ന ആശയമാണ് അവതരിപ്പിച്ചത്.

ഉദ്യോഗസ്ഥരായ വീട്ടമ്മമാർക്ക് ഏറെ സഹായകരമാകുന്നതാണ് ഈ സംരംഭമെന്ന് ആദ്യ വില്പന നടത്തിക്കൊണ്ട് ഐ ബി സതീഷ് എംഎൽഎ അഭിപ്രായപ്പെട്ടു. കെഐഡിസിയുടെ നേതൃത്വത്തില്‍ തന്നെ മണ്ഡലത്തിലെ കർഷകർ വിളയിക്കുന്ന വിഷരഹിത പച്ചക്കറികളാണ് ഇത്തരത്തിൽ കറികള്‍ക്കനുയോജ്യമായ തരത്തില്‍ കഷ്ണങ്ങളായി അരിഞ്ഞ് പായ്‌ക്കറ്റിലാക്കി വില്‍ക്കുന്നത്. “കറികൂട്ട്“എന്ന പേരിൽ ആരംഭിച്ച ഈ സംരംഭത്തിന് തുടക്കത്തിൽ തന്നെ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ ദിനം തന്നെ അൻപതിലധികം പായ്‌ക്കറ്റ് ഉല്പന്നങ്ങളാണ് കുറഞ്ഞ സമയത്തിനുള്ളിൽ വിറ്റുപോയത്.

കെഐഡിസിയുടെ പിന്തുണയോടെ കേരള യൂണിവേഴ്സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥിനികളാണ് പഠനത്തോടൊപ്പം തൊഴില്‍ എന്ന കാമ്പയിനിങ് ഉയര്‍ത്തി ഈ സംരംഭം ആരംഭിച്ചത്. വിവിധതരം അച്ചാറുകള്‍, സമ്പാര്‍, അവിയല്‍, തീയല്‍ കഷ്ണങ്ങള്‍, തോരന്‍, തേങ്ങ ചിരകിയത്, തേങ്ങ വറുത്തത് എന്നിവ മിതമായ നിരക്കില്‍ ഇവിടെ നിന്നും ലഭിക്കുമെന്ന് ഐ ബി സതീഷ് എംഎൽഎ അറിയിച്ചു.

Eng­lish Sum­ma­ry: KIDC of Kat­taka­da with cur­ry recipe

You may like this video also

Exit mobile version