Web Desk

കാസര്‍കോട്

February 02, 2020, 8:01 pm

കാസര്‍കോട് സ്വദേശിയെ കര്‍ണാടകയില്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി

Janayugom Online

കര്‍ണാടക നെലോഗി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും ജനുവരി 31 ന് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തി. കാസര്‍കോട് കീഴൂര്‍ ചെമ്പരിക്ക സ്വദേശി തസ്ലീം എന്ന മൂത്തസ്ലീമിനെ (38)യാണ് ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.

തട്ടിക്കൊണ്ടുപോയ സംഘത്തെ ബണ്ട്വാളില്‍ വെച്ച് പൊലീസ് പിന്തുടരുന്നതിനിടെ കാറില്‍ വെച്ച് തസ്ലീമിനെ കൊലപ്പെടുത്തി സംഘം കടന്നുകളയുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ തസ്ലീമിന് ഏറെ ശത്രുക്കളുണ്ടായിരുന്നു. ദുബൈയില്‍ റോയുടെയും ദുബൈ പൊലീസിന്റെയും ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചുവന്നിരുന്ന തസ്ലീമിനെ നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയും ഡല്‍ഹിയിലെ ഒരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പിന്നീട് യുവാവിനെ വിട്ടയക്കുകയായിരുന്നു. ഇതിനു ശേഷമാണ് കര്‍ണാടകയിലെ ഒരു ആര്‍എസ്എസ് നേതാവിനെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്ന പേരില്‍ പൊലീസ്  കസ്റ്റഡിയിലെടുത്തത്. ഈ കേസില്‍ നിന്നും യുവാവിനെ വിട്ടയച്ചിരുന്നു.

ഇതിനു പിന്നാലെ അഫ്ഗാന്‍ സ്വദേശിയുള്‍പെട്ട ഒരു ജ്വല്ലറി കവര്‍ച്ചാ കേസില്‍ 2019 സെപ്തംബര്‍ 16 ന് തസ്ലീമിനെ  പൊലീസ് അറസ്റ്റു ചെയ്തു. ഈ കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ് ജാമ്യം ലഭിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കാസര്‍കോട്ടേക്ക് മടങ്ങുന്നതിനിടെയാണ് ക്വട്ടേഷന്‍ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്.

സംഭവത്തില്‍ നെലോഗി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് യുവാവിനെ തട്ടിക്കൊണ്ടുപോയ അക്രമികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. രഹസ്യ താവളം വളഞ്ഞ പൊലീസിനെ കണ്ട് ഗുണ്ടാസംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിന്നാലെ പിന്തുടരുന്നതിനിടെ യുവാവിനെ കാറില്‍ വെച്ച് കൊലപ്പെടുത്തി അക്രമി സംഘം രക്ഷപ്പെട്ടുവെന്നാണ് കര്‍ണാടക പൊലീസ് പറയുന്നത്.

Eng­lish Sum­ma­ry: kid­nap­ping And mur­der­ing Young man in Karnataka

YOU MAY ALSO LIKE THIS VIDEO