ശരീരത്തിലുണ്ടാകുന്ന മാലിന്യങ്ങളെ മൂത്രത്തിലൂടെ പുറന്തള്ളി, രക്തം ശുദ്ധീകരിക്കുന്ന സങ്കീര്‍ണ്ണമായ പ്രക്രിയ ആണ് വൃക്കകള്‍ പ്രധാനമായും നിര്‍വ്വഹിക്കുന്നത്. ഇതോടൊപ്പം ശരീരത്തിലെ വെള്ളത്തിന്റെയും ധാതുലവണങ്ങളുടെയും അളവ് നിയന്ത്രിക്കുന്നതും വൃക്കകളാണ്. എല്ലുകളുടെ ആരോഗ്യത്തിനും രക്താണുക്കളുടെ അളവ് നിയന്ത്രിക്കുന്നതിനും വൃക്കകള്‍ സഹായിക്കുന്നു. വൃക്കരോഗം ആരംഭസ്ഥിതിയില്‍ തന്നെ കണ്ടെത്തി, ശരിയായ ചികിത്സ ചെയ്താല്‍ സ്ഥായിയായ വൃക്കസ്തംഭനം തടയാന്‍ സാധിക്കും.
വൃക്ക രോഗലക്ഷണങ്ങള്‍ :-
1. നീര് — ശരീരത്തിലെ അധികമുള്ള ജലം പുറന്തള്ളി ജലത്തിന്റെ അളവ് നിയന്ത്രിക്കുന്നത് വൃക്കകളാണ്. ആയതിനാല്‍ വൃക്കരോഗികളില്‍ മുഖം, കൈകാലുകള്‍, വയറ്, ശ്വാസകോശം എന്നിവിടങ്ങളില്‍ വെള്ളം കെട്ടി ദേഹമാസകലം നീര്, വയറു വീര്‍പ്പ്, ശ്വാസതടസ്സം എന്നിവ ഉണ്ടാകാം.
2. മൂത്രത്തിലെ വ്യതിയാനങ്ങള്‍ — മൂത്രത്തിലെ അമിതമായ പത, രക്തനിറം എന്നിവ വൃക്ക രോഗലക്ഷണങ്ങളാണ്. രാത്രി സമയങ്ങളില്‍ അമിതമായി മൂത്രം പോകുന്നതും വൃക്കകളുടെ പ്രവര്‍ത്തനക്ഷമത കുറവിന്റെ ലക്ഷണമാണ്.
3. ശരീരവേദന — വൃക്കരോഗികളില്‍ കാല്‍സ്യം, ഫോസ്ഫറസ്, യൂറിക് ആസിഡ്, വിറ്റാമിന്‍ ഡി എന്നിവയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ എല്ല്, മാംസപേശി, സന്ധികള്‍ എന്നിവിടങ്ങളില്‍ വേദനയ്ക്ക് കാരണമാകാം. എല്ലുകളുടെ ബലക്കുറവും ഒടിവിനുള്ള സാധ്യതയും വൃക്കരോഗികളില്‍ കൂടുതലാണ
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കൂടാതെ അമിത രക്തസമ്മര്‍ദ്ദം, രക്തക്കുറവ്, അമിതമായ ക്ഷീണം, ഓര്‍മ്മക്കുറവ്, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദില്‍, ചൊറിച്ചില്‍ എന്നിവയും വൃക്കരോഗബാധിതരില്‍ ഉണ്ടാകാം.
ആരംഭ രോഗാവസ്ഥയില്‍ കാര്യമായ ലക്ഷണങ്ങള്‍ പ്രകടമല്ലാത്തതിനാല്‍ പകുതിയിലധികം രോഗികളിലും രോഗനിര്‍ണ്ണയം സ്ഥായിയായ വൃക്കപരാജയം സംഭവിച്ചതിനു ശേഷം ആണ് നടക്കുക. അതിനാല്‍ തന്നെ, വൃക്കരോഗ സാധ്യത കൂടുതലുള്ള പ്രമേഹരോഗികള്‍, അമിത രക്തസമ്മര്‍ദ്ദമുള്ളവര്‍, പാരമ്പര്യമായ വൃക്കരോഗമുള്ളവര്‍, അമിതവണ്ണം, പുകവലി, മദ്യപാനികള്‍ തുടങ്ങിയവര്‍, ജന്മനാ മൂത്രനാളിക്ക് വൈകല്യമുള്ളവര്‍, വേദനസംഹാരി തുടരെ ഉപയോഗിക്കുന്നവര്‍, മൂത്ര പരിശോധനയും രക്ത ടെസ്റ്റുകളും നടത്തി (രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ തന്നെ) രോഗം ആരംഭാവസ്ഥയില്‍ തന്നെ കണ്ടുപിടിച്ച് ചികിത്സ തേടേണ്ടതാണ്.
രോഗനിര്‍ണ്ണയം എങ്ങനെ?
ലളിതമായ മൂത്രപരിശോധനയിലൂടെയും രക്തടെസ്റ്റിലൂടെയും (ബ്ലഡ് യൂറിയ, ക്രിയാറ്റിനിന്‍) വൃക്കരോഗം നിര്‍ണ്ണയിക്കാം. ചില അവസരങ്ങളില്‍ അള്‍ട്രാസൗണ്ട് സ്‌കാന്‍, കിഡ്‌നി ബയോപ്‌സി എന്നിവയും വേണ്ടി വന്നേക്കാം.
ചികിത്സാരീതികള്‍ :-
എഴുപത് ശതമാനം വൃക്കരോഗങ്ങളും ജീവിതശൈലി അസുഖങ്ങളുടെ ഭാഗമാണ്. ആയതിനാല്‍ ശരിയായ ഭക്ഷണക്രമം, ജീവിതചര്യകള്‍, മരുന്നുകള്‍ എന്നിവയിലൂടെ വൃക്കരോഗം നിയന്ത്രിക്കാം. വൃക്കവീക്കം (glomerulonephritis) മൂലമുണ്ടാകുന്ന വൃക്കസ്തംഭനം, കിഡ്‌നി ബയോപ്‌സി മുതലായ ടെസ്റ്റുകളിലൂടെ ആരംഭാവസ്ഥയില്‍ തന്നെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായി ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതാണ്. സ്ഥായിയായ വൃക്കസ്തംഭനം സംഭവിച്ചാല്‍ ഡയാലിസിസ്, കിഡ്‌നി ട്രാന്‍സ്പ്ലാന്റ് തുടങ്ങിയവയിലൂടെ സാധാരണ ജീവിതം നയിക്കാവുന്നതാണ്.
ENGLISH SUMMARY:Kidney disease can now be detected at an early stage
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.