Saturday
23 Feb 2019

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിലച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ്

By: Web Desk | Friday 10 August 2018 9:19 PM IST


kkd med clg

കെ കെ ജയേഷ്

കോഴിക്കോട്: സംസ്ഥാനത്ത് വൃക്കരോഗികള്‍ വര്‍ധിച്ചുവരുമ്പോഴും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ ആശുപത്രിയില്‍ പൂര്‍ണ്ണമായും നിലച്ച അവസ്ഥ. 2017- 18 വര്‍ഷത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ഒരു വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ പോലും നടന്നിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളെജില്‍ രണ്ട് ശസ്ത്രക്രിയകള്‍ മാത്രമാണ് ഇക്കാലയളവില്‍ നടന്നിട്ടുള്ളത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ശസ്ത്രക്രിയകള്‍ നിലച്ച മട്ടിലാണുള്ളതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് വകുപ്പ് മേധാവി ഡോ: എം ശ്രീലത പറഞ്ഞു.
നിരവധി വര്‍ഷങ്ങളായി എല്ലാ ചൊവ്വാഴ്ചയും ഒരാള്‍ക്ക് വീതം വൃക്ക മാറ്റിവെച്ച കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലാണ് ഈ അവസ്ഥയുള്ളത്. 1986 ലാണ് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ആദ്യത്തെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്. കേരളത്തിലെ മെഡിക്കല്‍ കോളെജുകളുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഡോ; തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടന്നത്. കുറച്ചുകാലം നിലച്ചെങ്കിലും പിന്നീട് 98 മുതല്‍ ഇവിടെ ശസ്ത്രക്രിയകള്‍ പുനരാരംഭിച്ചു. 2002 മുതല്‍ ആഴ്ചയില്‍ ഒന്നു വീതം ശസ്ത്രക്രിയകള്‍ നടന്ന സ്ഥാനത്താണ് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഒരു ശസ്ത്രക്രിയ പോലും നടക്കാത്ത അവസ്ഥയുണ്ടായിട്ടുള്ളത്. കേരളത്തിലെ മറ്റ് ആശുപത്രിയിലും സമാനമായ സ്ഥിതി തന്നെയാണുള്ളത്.
2015 ല്‍ 205 ശസ്ത്രക്രിയകളും 2016 ല്‍ 117 ശസ്ത്രക്രിയകളും നടന്നിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ടാണ് തികച്ചും പ്രതികൂലമായ സാഹചര്യം ഉടലെടുത്തത്. അവയവദാനത്തെക്കുറിച്ച് ഉയരുന്ന തെറ്റായ പ്രചരണങ്ങളും നിയമത്തിലെ ചില വ്യവസ്ഥകളും സ്വകാര്യ ആശുപത്രികള്‍ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങളും നടപടികളിലെ സുതാര്യമില്ലായ്മയുമെല്ലാം അവയവദാനത്തില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്ന സ്ഥിതിയുണ്ട്. അവയവദാന വ്യവസ്ഥകളിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഒരു വ്യക്തി നല്‍കിയ പരാതി സുപ്രീം കോടതിയുടെ പരിധിയിലാണുള്ളത്. വൃക്ക വാണിഭം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം മരണശേഷം വൃക്കമാറ്റിവെക്കുന്നതാണെങ്കിലും ഇക്കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ എന്തോ വിമുഖത നിലനില്‍ക്കുകയാണെന്ന് ഡോ: ശ്രീലത പറയുന്നു. അവയവം മാറ്റിവെക്കുന്നത് എന്തോ മോശപ്പെട്ട കാര്യമാണെന്ന ചിന്തയാണ് പലര്‍ക്കുമുള്ളത്. വൃക്ക വാണിഭത്തെക്കുറിച്ചുള്ള വാര്‍ത്തകളും അവരെ ഇക്കാര്യത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. കൃത്യമായ ബോധവത്ക്കരണം ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.
അവയവദാനത്തിനും മറ്റ് രജിസ്‌ട്രേഷനുകള്‍ക്കുമായി 35 ഓളം ആശുപത്രികള്‍ക്കാണ് അധികാരമുള്ളത്. പല ജില്ലകളിലും ഇത്തരം ആശുപത്രികളില്ലെന്നതും യാഥാര്‍ഥ്യമാണ്. കണക്കുകള്‍ പ്രകാരം 2012 മുതല്‍ 17 വരെ 715 വൃക്കകളാണ് മാറ്റിവെച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ മൃതസഞ്ജീവനി കണക്ക് പ്രകാരം 2014 മുതല്‍ 2017 വരെ മസ്തിഷ്‌ക മരണം സംഭവിച്ച ദാതാക്കളുടെ 462 വൃക്കകളാണ് ദാനം ചെയ്തത്. 2016 ല്‍ 113 വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടന്നപ്പോള്‍ 2017 തുടക്കത്തില്‍ ഇത് കുത്തനെ കുറഞ്ഞു. പിന്നീട് ശസ്ത്രക്രിയകള്‍ നിലച്ച അവസ്ഥയാണുള്ളത്. നിരവധി പേരാണ് അവയവദാനത്തിന് അംഗീകൃത ആശുപത്രികളില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. ഇതില്‍ രണ്ടായിരത്തിനടുത്ത് പേര്‍ വൃക്ക രോഗികളാണ്. നിരവധി പേര്‍ മൃതസഞ്ജീവനി പദ്ധതിയിലും കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മസ്തിഷ്‌കമരണം സംഭവിച്ചവരുടെ വൃക്കകളാണ് മൃതസഞ്ജീവനി വഴി ലഭ്യാക്കുന്നത്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഇതിലും എത്രയോ പേര്‍ ഉണ്ടാവുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്.
സംസ്ഥാനത്ത് ദിവസേന ശരാശരി ഏഴ് പേരെങ്കിലും വൃക്ക രോഗികളാണ് മാറുന്നെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ടര ലക്ഷത്തോളം വൃക്ക രോഗികളാണ് സംസ്ഥാനത്തുള്ളത്. പ്രമേഹവും രക്തസമ്മര്‍ദ്ദവുമാണ് വൃക്ക രോഗങ്ങളുടെ പ്രധാന കാരണം. വേദനാ സംഹാരികളുടെ അമിത ഉപയോഗവും വ്യാജ മരുന്നുകളുടെ ഉപയോഗവുമെല്ലാം വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമാകുന്നു. ഭൂരിഭാഗം വൃക്കരോഗികളും വൈകിമാത്രം ചികിത്സ തേടുന്നത് മരണ നിരക്ക് വര്‍ധിപ്പിക്കുന്നു. പ്രമേഹ രോഗികളും സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് വൃക്ക രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്.

Related News