സുനില്‍ കെ കുമാരന്‍

നെടുങ്കണ്ടം

February 24, 2021, 8:05 pm

കുട്ടികളുടെ പ്രിയപ്പെട്ട ആശുപത്രി കുഴിത്തൊളുവിലുണ്ട്

Janayugom Online

കുഴിത്തൊളു കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തി അവിടെ വരച്ച മനോഹര ചിത്രങ്ങള്‍ കാണാനാണ് കുട്ടികള്‍ക്ക് ഏറെ ഇഷ്ടം. അതിനാല്‍ ചികിത്സക്കായി ഇവിടെ എത്തുവാന്‍ കുഞ്ഞുകുട്ടികള്‍ക്ക് യാതൊരു മടിയും ഇല്ല.   ശിശുക്കാള്‍ക്കായുള്ള പ്രത്യേക മുറി ചിത്രരചന കൊണ്ട് നിറച്ചത് ആശുപത്രിയിലെ ഡോക്ടറിന്റെ നേത്യത്വത്തിലുള്ള സംഘമാണ്. കുട്ടികളെ കുത്തിവെയ്ക്കുവാനുള്ള മുറിയിലാണ് ഇത്തരത്തില്‍ മനോഹരമായ ചിത്രങ്ങള്‍ കൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നത്. ഇവിടെ എത്തുന്ന കുട്ടികള്‍ക്ക് കളിക്കാനുള്ള പ്രത്യേക സൗകര്യവും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ആശുപത്രി അധികൃതര്‍.

പ്രാഥമിക ആരോഗ്യകേന്ദ്രമായിരുന്ന കുഴിത്തൊളുവിനെ കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് കുട്ടികളെ ചികിത്സിക്കുന്നതിനുള്ള പ്രത്യേക മുറി സജ്ജീകരിച്ചത്. കുട്ടികള്‍ക്കുള്ള പ്രത്യേക മുറി  അത്യാകര്‍ഷകമായ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നത് ഈ ആശുപത്രിയിലെ ജിവനക്കാരും അവരുടെ കുടുംബാംഗങ്ങളും.ചേര്‍ന്നാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനിത പി. സൈമണ്‍ പറയുന്നു.   ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യന്‍ അനുഷ, ഡോക്ടര്‍മാരുടേയും ഓഫീസ് സ്റ്റാഫ്, ആശപ്രവര്‍ത്തകര്‍ എന്നിവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രങ്ങള്‍ വരച്ച് ചേര്‍ത്തത്. മത്സ്യകന്യക, മത്സ്യങ്ങള്‍, അമ്മയും കുഞ്ഞും, ലുട്ടാപ്പി, വിവിധ ഗ്രാഫുകള്‍, കാര്‍ട്ടൂണിലൂടെ കുട്ടികള്‍ക്ക് രൂപങ്ങളുടെ ജീവസ്സുറ്റ ചിത്രങ്ങളാണ് ഇവിടെ വരച്ചിരിക്കുന്നത്.  ഇതോടെ കുത്തിവെയ്ക്കുവാന്‍ എത്തുന്ന കുട്ടികള്‍ക്ക് ചിത്രങ്ങള്‍ കാണാനല്ലാതെ കരയാന്‍ സമയം കിട്ടാറില്ലെന്ന് ഇവിടെ എത്തുന്ന മാതാപിതാക്കള്‍ പറയുന്നു.

Eng­lish sum­ma­ry: kids favourite hospital