കേരളത്തിന്റെ മുഖഛായ മാറ്റുന്ന സംരംഭമാണ് കിഫ്ബി. 50,000 കോടിയുടെ പശ്ചാത്തല വികസനത്തിനായുള്ള പദ്ധതികളാണ് ഇതിന്റെ കീഴില്‍ വരുന്നത്. ആകാശകുസുമമെന്നായിരുന്നു കിഫ്ബിയെ പ്രതിപക്ഷം വിശേഷിപ്പിച്ചത്. സാധാരണക്കാര്‍ക്കും അതിശയോക്തി തോന്നാതിരുന്നില്ല. എന്നാല്‍ പദ്ധതികള്‍ ഓരോന്നായി തുടങ്ങിക്കഴിഞ്ഞപ്പോള്‍ വലിയ പലിശക്ക് വായ്പയെടുത്ത് കേരളത്തെ കടക്കെണിയിലാക്കുന്നു എന്നായി വിമര്‍ശനം. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് എന്നതിന്റെ ചുരുക്കെഴുത്താണ് കിഫ്ബി. പശ്ചാത്തല വികസനത്തിന് വേണ്ടിയുള്ള സംരംഭമാണിത്. നിയമസഭ പാസാക്കിയ നിയമ പരിരക്ഷയുള്ള ഒരു കമ്പനി. വികസനത്തിനായി ബജറ്റ് വിഹിതത്തിന് പുറത്തുനിന്ന് പണം കണ്ടെത്താനുള്ള അന്വേഷണങ്ങളാണ് കിഫ്ബിയിലേക്കെത്തിയത്. 2015ല്‍ ഇതിനെ സംബന്ധിച്ച് പഠിക്കാനായി എസ്ബിഐയുടെ മാര്‍ക്കറ്റിംഗ് ടീമിനെ അന്നത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. അവരാണ് സര്‍ക്കാരിനോട് നേരിട്ട് വായ്പയെടുക്കാതെ ഫണ്ട് സ്വരൂപിക്കാനായി ഇങ്ങനെയൊരു സംവിധാനത്തെപ്പറ്റി വിശദമായി റിപ്പോര്‍ട്ട് തയാറാക്കിയത്. 2006ല്‍ വി എസ് ഭരണകാലത്ത് ധനകാര്യ മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് ചില സൂചനകള്‍ ബജറ്റില്‍ നല്‍കിയിരുന്നെങ്കിലും ഇതിന്റെ മൂര്‍ത്തമായ രൂപം എസ്ബിഐയുടെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടാണ് 2016ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പൊടി തട്ടിയെടുത്തത്.
കണ്ണൂര്‍ വിമാനത്താവളം, മെട്രോ പദ്ധതി, വല്ലാര്‍പാടം തുടങ്ങിയവയൊക്കെ പ്രത്യേകം കമ്പനി രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കാന്‍ ഫണ്ട് സ്വരൂപിച്ചത്. ഇതാണ് കിഫ്ബിയിലേക്ക് നയിച്ചത്. കമ്പനി രൂപീകരിച്ച് ഇങ്ങനെ പണം സ്വരൂപിക്കുമ്പോഴുണ്ടാകുന്ന ഗുണം വായ്പയെടുക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ ഒന്നും ഇതിനില്ല എന്നതാണ്. വായ്പ തരുന്നവരുടെ നിയന്ത്രണങ്ങളും ഇതിനുണ്ടാവില്ല. ഓരോ പദ്ധതിക്കും പ്രത്യേകം പ്രത്യേകം കമ്പനി രൂപീകരിക്കുകയും ഫണ്ടിന് വേണ്ടി ശ്രമം നടത്തുകയും വേണം. ഒരു സംസ്ഥാനത്തെ സംബന്ധിച്ച് ഇങ്ങനെ ഓരോ പദ്ധതിക്കും ചെയ്യേണ്ടിവരുന്നത് വളരെ ബുദ്ധിമുട്ട് പിടിച്ചതും ശ്രമകരവുമാണ്. എല്ലാ പദ്ധതികള്‍ക്കുമായി ഒരു കമ്പനി രൂപീകരിച്ചാല്‍ ഈ പ്രയാസങ്ങള്‍ മറികടക്കാന്‍ കഴിയും. ഇതാണ് കിഫ്ബി രൂപീകരണത്തിലേക്ക് എത്തിയത്. കിഫ്ബിയുടെ നിലവിലെ നീക്കിയിരിപ്പ് മൂലധനം 1600 കോടിയാണ്. നിയമസഭ പാസാക്കിയ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഓരോ വര്‍ഷവും പെട്രോളിയത്തില്‍ നിന്നുള്ള സെസും മോട്ടോര്‍ വാഹന നികുതിയുടെ നിശ്ചിത വിഹിതവും കിഫ്ബിക്ക് ലഭിക്കും. 2020–21 മുതല്‍ ഇത് 50 ശതമാനം വരെ വരും. ഭാവിയില്‍ ഉണ്ടാകുന്ന ഈ വരുമാനം ചൂണ്ടിക്കാട്ടിയാണ് കിഫ്ബി വായ്പ എടുക്കുന്നത്. *പട്ടിക ഒന്നില്‍ 2030–31 വരെ ഓരോ വര്‍ഷവും കിഫ്ബിക്ക് കിട്ടാവുന്ന തുകയുടെ കണക്ക് വ്യക്തമാക്കിയിട്ടുണ്ട്. 16 ശതമാനംവച്ച് പ്രതിവര്‍ഷം വര്‍ധിക്കുമെന്ന അനുമാനത്തില്‍ കിഫ്ബിക്ക് ലഭിക്കുന്ന വാര്‍ഷിക വരുമാനത്തിന്റെ കണക്കാണിത്. 2030–31 ആകുമ്പോള്‍ വാര്‍ഷിക തുകയുടെ വരുമാനം 15,117 കോടി രൂപയായി ഉയരും. അതുവരെ ലഭിച്ച എല്ലാ വാര്‍ഷിക തുകകളും കൂട്ടിയാല്‍ കിഫ്ബിക്ക് 2030–31ല്‍ 94,881 കോടി രൂപയായിരിക്കും ലഭിക്കുന്നത്.
ഈ വരുമാനം ചൂണ്ടിക്കാണിച്ചാണ് ആകെ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് വേണ്ടിവരുന്ന 50,000 കോടി രൂപ കിഫ്ബി വായ്പ എടുക്കുന്നത്. സര്‍ക്കാര്‍ ഗ്യാരന്റിയുള്ള പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ ധാരാളമായി മുന്നോട്ട് വരും. നിക്ഷേപകര്‍ ആരൊക്കെയാണെന്ന് നോക്കാം. സഹകരണ ബാങ്കുകളുടെ മിച്ചം പണം കിഫ്ബി നിക്ഷേപിക്കുന്നതിന് തടസമില്ല. ട്രഷറി സേവിങ് ബാങ്കിലെ നിക്ഷേപ വര്‍ധനവ് കിഫ്ബിയില്‍ ബോണ്ടില്‍ അതവര്‍ക്ക് ലാഭകരമായിത്തന്നെ നിക്ഷേപിക്കാം. ഇതുപോലെ കെഎസ്എഫ്ഇ പ്രഖ്യാപിച്ചിട്ടുള്ള പ്രവാസി ചിട്ടിയിലെ ഫ്രീഫ്ളോട്ട് ഫണ്ട് കിഫ്ബിയില്‍ നിക്ഷേപിക്കാവുന്നതാണ്. നബാര്‍ഡും നിഡയും വാണിജ്യ ബാങ്കുകളും കിഫ്ബിക്ക് വായ്പ നല്കാന് ഇപ്പോള്‍ത്തന്നെ മുന്നോട്ടുവന്നിട്ടുണ്ട്. കിഫ്ബിക്ക് പണം കിട്ടുക എന്നത് ഒരു ആകാശ കുസുമമാണെന്നുള്ള വാദഗതി ശുദ്ധ അസംബന്ധമാണ്. വിദേശ കമ്പോളത്തില്‍ നിന്നുപോലും കുറഞ്ഞ പലിശക്ക് പണം ബോണ്ടുകളായി നിക്ഷേപിക്കാന്‍ ഒരുപാട് പേര് തയാറായിരിക്കുന്നു. കോടീശ്വരന്മാര്, കോര്‍പ്പറേറ്റുകള്‍, മ്യൂച്ച്വല്‍ ഫണ്ടുകള്‍, ബാങ്കുകള്‍ തുടങ്ങിയവരുടെ പക്കല്‍ വൻതോതിൽ പണമാണ് മിച്ചമായി ഉണ്ടാകുക. ഇത് പലിശ ലഭിക്കുന്ന, എന്നാല്‍ പെട്ടെന്ന് വീണ്ടും പണമായി മാറ്റാവുന്ന ബോണ്ടുകളില്‍ നിക്ഷേപിക്കാനാണ് ഇവർക്ക് താല്പര്യം. ഷെയറുകള്‍ പോലെ ഇങ്ങനെ ബോണ്ടുകള്‍ വില്‍ക്കാനും വാങ്ങാനും ഒരു കമ്പോളം തന്നെയുണ്ട്. ഇവിടെ മറിയുന്ന ഭീമമായ തുകയുടെ ഒരു ഭാഗം പശ്ചാത്തല സൗകര്യ നിര്‍മിതിക്ക് വേണ്ടി നമുക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ നേട്ടമായിരിക്കും.
ഇതിനുള്ള ശ്രമം റിസര്‍വ് ബാങ്കും സെബിയും വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്. ബോണ്ട് മാര്‍ക്കറ്റിലെ നിക്ഷേപകരുടെ സ്വഭാവവും താല്പര്യവും വായ്പയുടെ ലക്ഷ്യവും കണക്കിലെടുത്ത് പ്രത്യേകം നിക്ഷേപ പദ്ധതികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടിയുള്ള ആള്‍ടര്‍നേറ്റ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ ഇത്തരത്തില്‍പ്പെട്ടതാണ്. കിഫ്ബി ഉപയോഗപ്പെടുത്തുന്നത് ഇത്തരം ബോണ്ട് ഷെയറുകളാണ്. മസാല എന്ന് പേരുള്ളതുകൊണ്ട് ഇതില്‍ ദുരൂഹതകളുണ്ടോയെന്ന് ചിലര്‍ സംശയിക്കും. ലണ്ടന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യുന്ന ഒരുതരം ബോണ്ടുകളാണിത്. സാധാരണ ഗതിയില്‍ വിദേശത്ത് നിന്ന് കടമെടുക്കുന്ന പണമെല്ലാം തിരിച്ച് നല്‍കേണ്ടത് വിദേശ കറന്‍സിയിലാണ്. മസാല ബോണ്ടുകളില്‍ നിക്ഷേപിക്കപ്പെടുന്ന പണം തിരിച്ച് നല്‍കേണ്ടത് ഇന്ത്യന്‍ രൂപയിലാണ് എന്നതാണ് വസ്തുത. നിരന്തരമുണ്ടാവുന്ന വിനിമയ മൂല്യനിരക്ക് ഇടിവിന്റെ ബാധ്യതാ വര്‍ധനവ് ബാധകമല്ലെന്നതാണ് ബോണ്ടുകളിലൂടെ നിക്ഷേപിക്കപ്പെടുന്ന പണത്തിന്റെ ഏറ്റവും അനുക്രമമായ സവിശേഷത. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കിഫ്ബി ബോണ്ടുകള്‍ ചില കമ്പനികള്‍ വാങ്ങിയിട്ടുണ്ട്. എഡിബി (ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക്) പോലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും അവര്‍ ഉന്നയിക്കുന്ന കടുത്ത വ്യവസ്ഥയ്ക്ക് വിധേയമായി സംസ്ഥാനം വായ്പ എടുത്തിട്ടുള്ളത് ഇത്തരുണത്തില്‍ ഓര്‍ക്കാം. സംസ്ഥാന താല്പര്യങ്ങള്ക്ക് വിരുദ്ധമായിരുന്നു പല വായ്പാ കരാറുകളും. കിഫ്ബിയുടെ 50,000 കോടി വരുന്ന പദ്ധതി ചെലവുകള്‍ക്ക് സമാഹരിക്കുന്ന പണം 2030–31ല്‍ പലിശയടക്കം ആകെ തിരിച്ചടയ്ക്കേണ്ടി വരുന്നത് ഏകദേശം 94119 കോടി രൂപയായിരിക്കും.
ഓരോ വര്‍ഷവും അടയ്ക്കേണ്ടത് പട്ടിക രണ്ടില്‍ കാണിച്ചിട്ടുണ്ട്. അപ്പോഴേക്കും കിഫ്ബിയുടെ നീക്കിയിരിപ്പ് ഫണ്ട് 94881 കോടി രൂപയായിരിക്കും. (പട്ടിക ഒന്ന് നോക്കുക). 50,000 കോടിയുടെ കടം വീട്ടാന്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തതിനപ്പുറം ഒരു രൂപപോലും അധികമായി വേണ്ടിവരില്ല. തിരിച്ചടവിന്റെ ഭാരം മുഴുവന്‍ ഭാവി സര്‍ക്കാരിന്റെ ചുമതലയിലാകും. സംസ്ഥാനം കടക്കെണിയിലാകും എന്നൊക്കെയുള്ള വാദഗതികളാകെ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണ്. ഇപ്പോൾ വായ്പയെടുത്ത് പശ്ചാത്തല സൗകര്യമൊരുക്കുന്നതില്‍ വലിയൊരു ലാഭമാണ് സംസ്ഥാനത്ത് ഉണ്ടാകുക. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ നിര്‍മ്മാണച്ചെലവുകള്‍ ഇരട്ടിയിലധികമാവും. മാത്രമല്ല അപ്പോഴത്തെ പലിശയേക്കാള്‍ കുറവായിരിക്കും നമ്മള് കൊടുക്കേണ്ടിവരിക. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ സമയബന്ധിതമായി അഞ്ച് വര്‍ഷംകൊണ്ട് പൂര്‍ത്തിയാകുമ്പോള്‍ പശ്ചാത്തല വികസനംമൂലം കേരളം അടിമുറി മാറും. ഇന്ത്യക്ക് തന്നെയിത് മാതൃകയാകും. കിഫ്ബിയുടെ നടത്തിപ്പ് വിദഗ്ധരായ ഒരു സംഘമാണ് നിയന്ത്രിക്കുന്നത്. മുന്‍ സിഎജി വിനോദ് റോയിയാണ് കിഫ്ബി ചെയര്മാന്. മറ്റംഗങ്ങളെല്ലാം വിവിധ തുറകളില്‍ പ്രാഗല്ഭ്യം തെളിയിച്ചിട്ടുള്ള ആസൂത്രണ വിദഗ്ധരും പണ്ഡിതരുമാണ്. അതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. പട്ടിക പ്രകാരം ഓരോ വര്‍ഷവും ഇങ്ങനെയെടുക്കുന്ന വായ്പയ്ക്ക് മൂന്ന് വര്‍ഷത്തെ മൊറോട്ടോറിയവും ഏഴ് വര്‍ഷം തിരിച്ചടവ് കാലാവധിയും കഴിഞ്ഞ് 2030–31 ആകുമ്പോഴേക്കും മുഴുവന്‍ വായ്പയും തിരിച്ചടച്ചിട്ടുണ്ടാകും. ഈ കണക്ക് പ്രകാരം മൊത്തം മുതലും പലിശയുമടക്കം തിരിച്ചടയ്ക്കാന്‍ 94,119 കോടി രൂപ വേണ്ടിവരും. ആ വര്‍ഷം വരെ കിഫ്ബിക്ക് ലഭിക്കുന്ന പണമാകട്ടെ 94,881 കോടി രൂപയായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.