Web Desk

കാസർകോട്

January 30, 2020, 7:23 pm

കിഫ്ബി മലബാറിന്റെ വികസനത്തിന് വലിയ കുതിച്ചു ചാട്ടം സമ്മാനിക്കും: ധനമന്ത്രി തോമസ് ഐസക്

Janayugom Online

കിഫ്ബിയിലൂടെ മലബാറിന്റെ വികസനത്തിന് കുതിച്ചുചാട്ടമാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് പറഞ്ഞു. കാസർകോട് സംഘടിപ്പിച്ച അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ പ്രദർശനമായ കേരളനിർമിതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിഫ്ബി പദ്ധതികൾ നടപ്പലാകുന്നതോടെ മലബാറിലെ സാമ്പത്തിക പിന്നോക്കാവസ്ഥ പഴങ്കഥയാവും. തെക്കൻ കേരളത്തിനെ അപേക്ഷിച്ച് മലബാറിലുള്ള സ്ഥലസൗകര്യം പ്രയോജനപ്പെടുത്തുന്നത് വികസനത്തിന് അത്യന്താപേക്ഷികമാണ്. കണ്ണൂർ, കാസർകോട് ജില്ലയിൽ 5000 ഏക്കർ ഭൂമി ഏറ്റെടുത്ത് വ്യവസായ പാർക്ക് നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. ഇത് യാഥാർത്ഥ്യമാവുന്നതോടെ മലബാറിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥ എന്നുള്ളത് പഴങ്കഥയാവും. അഴീക്കൽ പോർട്ട്, കണ്ണൂർ എയർപോർട്ട് എന്നിവയോടൊപ്പം ഹൈസ്പീഡ് റെയിൽവേയും ജലഗതാഗതം, വൈദ്യുതി ട്രാൻസ്ഗ്രിഡ് തുടങ്ങിയ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റും. മലബാറിലെ വൈദ്യുത ക്ഷാമത്തിന് ട്രാൻസ് ഗ്രിഡ് ടൂ പദ്ധതിയിലൂടെ പരിഹാരമാകും.

നിലവിലുള്ള 220 കെവി ലൈനിന് പകരം 440 കെവി വൈദ്യുതി പ്രസരണമുള്ള ട്രാൻസ് ഗ്രിഡ് വരുന്നതോടെ മേഖലയിലെ വോൾട്ടേജ് ക്ഷാമം, പവർകട്ട് എന്നെന്നേക്കുമായി പരിഹരിക്കുന്നതോടെ വ്യാവസായ പാർക്കിനും സഹായകമാവും. കിഫ്ബി നിക്ഷേപം സമാഹരിക്കുന്നത് ഒരു പ്രദേശത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യം വെച്ചാണ്. പാലക്കാട് കൊച്ചി ഇടനാഴിയും മലബാറിൽ വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള പ്രദേശങ്ങളായിരിക്കും കേരളത്തിന്റെ വ്യവസായ വികസനം കേന്ദ്രീകരിക്കുകയെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക മാന്ദ്യം രാജ്യത്ത് തുടർന്നു വരുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ മാന്ദ്യവിരുദ്ധ പാക്കേജാണ് കേരളത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

രാജ്യത്തെ സംസ്ഥാന സർക്കാരുകളുടെ ധനകാര്യസ്ഥാപനങ്ങിൽ ബിബി റേറ്റിങ്ങുള്ള ഏക സ്ഥാപനമായ കിഫ്ബിയിലൂടെ വിവിധ വികസന പദ്ധതികൾക്കായി സമാഹരിക്കുന്ന അമ്പതിനായിരം കോടി രൂപയും അതിന്റെ പലിശയും പതിനഞ്ച് വർഷം കൊണ്ട് തിരിച്ചടക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദ്രുതഗതിയിലുള്ള വികസനം ബജറ്റിൽ നിന്നും കണ്ടെത്താനാവാത്ത സാഹചര്യത്തിൽ പുറത്ത് നിന്നുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമുള്ള വിഭവങ്ങൾ കണ്ടെത്തി പശ്ചാത്തല സൗകര്യം വികസിപ്പിക്കേണ്ടതുണ്ട്. സാധാരണ ബജറ്റിൽ 7000 കോടി രൂപയുടെ പദ്ധതികളാണ് ആവിഷ്കരിക്കാറുള്ളത്. അതേസമയം കിഫ്ബിയിൽ അടുത്ത വർഷം 20,000 കോടി രൂപയുടെ വികസന പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കാൻ പോകുന്നത്. 2010ലെ സംസ്ഥാന സർക്കാർ 5000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചപ്പോൾ റിസർവ് ബാങ്കിന്റെ വാർഷിക റിപ്പോർട്ടിൽ സംസ്ഥാന ധനകാര്യത്തെ കുറിച്ചുള്ള പ്രത്യേക പരാമർശം നടത്തിയിരുന്നു. ഇന്ന് 50, 000 കോടിയുടെ പദ്ധതിയാണ് സർക്കാർ നടപ്പിലാക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് രാജ്യത്തെ പുതിയ മാതൃകയാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബിയിലൂടെ മലബാറിന്റെ ടൂറിസം വികസനത്തിന് പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മേഖലയുടെ സാംസ്കാരിക പൈതൃകം ബന്ധപ്പെടുത്തിയായിരിക്കും ടൂറിസ വികസന പദ്ധതികൾ നടപ്പിലാക്കുക. കോട്ടകളടക്കമുള്ള ഭൗതിക ആകർഷണങ്ങളോടൊപ്പം പ്രാചീനതയുടെ ഗോത്രവർഗ സംസ്കൃതിയും ലോകത്തിന് പരിചയപ്പെടുത്തുന്ന തരത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യും. 20 വർഷം വരെയുള്ള കേരളത്തെ മുന്നിൽ കണ്ടായിരിക്കും അയ്യായിരം ഏക്കർ ഭൂമി ഏറ്റെടുത്ത് പുതിയ വികസന പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബിയിലൂടെ വിവിധ പദ്ധതികൾ സമയബന്ധിതമായി തീർക്കും. പദ്ധതികൾക്ക് ജനകീയ മേൽനോട്ടവും മാധ്യമങ്ങളുടെ ഇടപെടലും വരുന്നതോടെ പദ്ധതികൾ ഫലപ്രദമായി നടപ്പിലാവാൻ സഹായിക്കുന്നെന്നും മന്ത്രി പറഞ്ഞു. നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന കരാറുകാർ ഈയിടെയായി ഉയർത്തിയിരുന്ന പ്രശ്നങ്ങൾക്ക് ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടാവും. സംസ്ഥാനത്തിന് ന്യായമായി ലഭിക്കേണ്ടിയിരുന്ന ഫണ്ടുകൾ കേന്ദ്രസർക്കാർ വെട്ടിക്കുറക്കുന്ന പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനത്തെ ഇത്തരത്തിൽ അവഗണിക്കുന്ന സാഹചര്യമുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.