വൈക്കത്തിന്റെ മുഖച്ഛായ മാറ്റി കിഫ്ബി

Web Desk
Posted on September 23, 2020, 1:14 pm

വൈക്കത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് കിഫ്ബിയുടെ സംഭാവനകൾ നിരവധിയാണ്. വൈക്കത്തിന്റെ മുഖച്ഛായ മാറ്റി വൈക്കം വെച്ചൂർ റോഡ് വികസനവും, താലൂക്ക് ആശുപത്രി കെട്ടിടം പുനർ നിർമ്മാണവും മണ്ഡലത്തിലെ വിവിധ സ്കൂളുകളുടെ നവീകരണവും നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇത് കൂതെ അക്കരപ്പാടം പാലം, മൂലേക്കടവ് പാലം എന്നിവയുടെ പുനർ നിർമ്മാണം എന്നിവയ്ക്കായി കിഫ്ബി പണം അനുവദിച്ചിട്ടുണ്ട്. അക്കരപ്പാടം പാലത്തിന് 15.4 കോടിയും മൂലേക്കടവ് പാലത്തിന് 25 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ അന്തിമ രൂപരേഖ കിഫ്ബിക്ക് സമർപ്പിച്ചുകഴിഞ്ഞു.

ചെമ്പ് വാലയിൽ പാലത്തിന് 15 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. എന്നാൽ പാലം പുനർ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കൽ നടപടിക്കായി കൂടി പണം അനുവദിക്കണമെന്ന അപേക്ഷ കിഫ്ബിയുടെ പരിഗണനയിലാണ്. ഇത്തിപ്പുഴ, മുറിഞ്ഞപുഴ, പൂത്തോട്ട സ്പിൽവേ കം ബ്രിഡ്ജുകൾക്കായി 50 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർത്തിയായിരുന്നു. സോയിൽ ടെസ്റ്റും പൂർത്തിയാക്കിയ പദ്ധതികളുടെ രൂപരേഖ പുരോഗമിക്കുകയാണ്. കൂടാതെ വൈക്കത്ത് കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപ്പറേഷൻ നിർമിക്കുന്ന മൾട്ടിപ്ലക്സ് സിനിമ തിയ്യറ്റർ സമുച്ചയത്തിനുള്ള പരിഗണനയും കിഫ്ബിക്ക് മുന്നിലുണ്ട്. ഇതിനിടെ പദ്ധതികൾ നടപ്പാക്കാനായി രൂപീകരിച്ച കിഫ്ബിയുടെ സ്പെഷ്യൽ തഹസിൽദാർ ഓഫീസ് (എൽ. എ) വൈക്കത്ത് അനുവദിച്ചിരുന്നു.