October 7, 2022 Friday

Related news

October 6, 2022
October 6, 2022
October 6, 2022
October 4, 2022
October 3, 2022
October 2, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022

കിഫ്ബിയുടെ ചിറകിലേറി…

Janayugom Webdesk
ഇടുക്കി
September 22, 2020 5:03 pm

പിന്നോക്ക ജില്ലയെന്ന പതിറ്റാണ്ടുകളായിട്ടുള്ള പേരുദോഷം മാറ്റി കഴിഞ്ഞ നാലര വർഷമായിവികസന കുതിപ്പിലാണ് ഇടുക്കി ജില്ല. എൽ ഡി എഫ് സർക്കാർ അധികാരത്തിലേറിയ 2016 ലെ ബജറ്റിൽ പ്രഖ്യാപിച്ച കിഫ്ബി പദ്ധതികളാണ് ജില്ലയുടെ മുഖഛായ തന്നെ മാറ്റുന്ന വിപ്ലവകരമായ വികസന മുന്നേറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. ജില്ലയിൽ 3226 കോടി രൂപയുടെ വികസനമാണ് കിഫ്ബി പദ്ധതിയിലൂടെ നടപ്പാക്കികൊണ്ടിരിക്കുന്നത്. ലോറേഞ്ച് , ഹൈറേഞ്ച് വ്യത്യാസമില്ലാതെ നടപ്പിലാക്കുന്ന വികസന പദ്ധതികൾ ജില്ലയുടെ മുഖഛായ തന്നെ മാറ്റിയെന്ന് രാഷ്ട്രീയ എതിരാളികൾ പോലും സമ്മതിച്ച് തരുന്ന കാര്യമാണ്.

വികസനത്തിൽ രാഷ്ട്രീയം പാടില്ലെന്ന ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയത്തിൽ ഊന്നിക്കൊണ്ടുള്ളവികസന പ്രവര‍്ത്തനങ്ങളാണ് എല്ലാ നിയോജകമണ്ഡലങ്ങളിലും നടന്നു കൊണ്ടിരിക്കുന്നത്. ജില്ലയുടെ റോഡ് വികസനത്തിന് കിഫ്ബി പദ്ധതികള‍് ഏറെ ഗുണകരമായിരിക്കുകയാണ്. ഹൈറേഞ്ച് മേഖലയിൽ നിരവധി റോഡുകളാണ് കിഫ്ബി പദ്ധതിയിലൂടെ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ജില്ലയുടെ വികസനത്തിൽ കുതിച്ചു ചാട്ടം വരുത്തുന്ന മലയോര ഹൈവേയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട പദ്ധതി. ദേവികുളം, ഉടുമ്പൻചോല, ഇടുക്കി, പീരുമേട് താലൂക്കുകളെ ബന്ധിപ്പിച്ചുള്ള മലയോര ഹൈവേയ്ക്ക് 1500 കോടി രൂപയാണ് വിവിധ ഘട്ടങ്ങളിലായി അനുവദിച്ചിരിക്കുന്നത്. കോതമംഗലം, ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി, പീരുമേട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന മലയോര ഹൈവേ ഇടുക്കിയുടെ സമഗ്ര പുരോഗതിക്കുള്ള വലിയ മാറ്റങ്ങള്‍ക്ക് ഇടനല്‍കും.

വിവിധ ജില്ലകളിലെ പ്രദേശങ്ങളായ വെറ്റിലപ്പാറ, അടിവാരം, ചെട്ടിനട, കോട്ടപ്പടി, ചേലാട്, ഊഞ്ഞാപ്പാറ, നാടുകാണി, നേര്യമംഗലം ആറാം മൈല്‍, എളംപാശേരി, ഇരുട്ടുകാനം, കുഞ്ചിത്തണ്ണി, രാജാക്കാട്, കുത്തുങ്കല്‍, തിങ്കള്‍ക്കാട്, മൈലാടുംപാറ, നെടുങ്കണ്ടം, പുളിയന്മല, കട്ടപ്പന, ഏലപ്പാറ, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി, പത്തനാപുരം, പുനലൂര്‍, പെരിങ്ങമല, വെള്ളറട, കാരക്കോണം വഴി പാറശാലയില്‍ എത്തുന്നതാണ് മലയോര ഹൈവേ. സംസ്ഥാനത്തിന്റെ നഗരകേന്ദ്രീകൃത സമതല പ്രദേശങ്ങളിലൂടെ എല്ലാ വികസനങ്ങളും എത്തിച്ചേരുമ്പോഴും മലയോര മേഖല ഒറ്റപ്പെട്ടുപോകുന്ന സാഹചര്യത്തിലാണ് ഹൈവേയുടെ ആശയം രൂപപ്പെട്ടത്. ആരോഗ്യ രംഗത്തും വൻ മുന്നേറ്റമാണ് കിഫ്ബി പദ്ധതികളിലൂടെ ഉണ്ടായിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിൽക്കുന്ന ജില്ലയ്ക്ക് പ്രത്യേക പരിഗണന തന്നെയാണ് കിഫ്ബി പദ്ധതികളിലൂടെ ലഭിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം ക്ലസ്റ്ററിൽപ്പെടുത്തി ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി വകുപ്പിന്റെ കീഴിൽ ദേവികളം മണ്ഡലത്തിൽ മാത്രമായി 32 കോടി രൂപയുടെ വികസനമാണ് ലക്ഷ്യമിടുന്നത്. തോട്ടം തൊഴിലാളികൾ ഏറെ ആശ്രയിക്കുന്ന ചിത്തിരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വികസനത്തിനായി പ്രത്യേക പരിഗണന തന്നെയാണഅ നൽകിയിരിക്കുന്നത്. സംസ്ഥാന വൈദ്യുതി ബോർഡിന്റെ സഹായത്തോടെ കിഫ്ബി വഴി 55 കോടി രൂപയുടെ വികസന പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. വൈദ്യുതി മേഖലയിലും വൻ കുതിച്ചുചാട്ടമാണ് ഈ കാലയളവിൽ ഉണ്ടായിരിക്കുന്നത്. കൊച്ചി ലൈൻസിന്റെ ഭാഗമായി ട്രാൻഗ്രിഡ് ഭാഗമായി 63750000000 രൂപയുടെ വികസനമാണ് ജില്ലയിൽ നടക്കുന്നത്. തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന ലോക ടൂറിസം ഭൂപടത്തിൽ ഇടംതേടി മൂന്നാറിന്റെ വികസന കുതിപ്പിനും കിഫ്ബി പദ്ധതികൾ ഉപകാരപ്പെടുന്നു. 350000000 രൂപ മുടക്കിയുള്ള മൂന്നാർ ഫ്ളൈഓവർ പദ്ധതിയാണ് ഇതിൽപ്രധാനപ്പെട്ടത്. കുടിവെള്ള പദ്ധതിക്കും അർഹിച്ച പ്രാധാന്യമാണ് കിഫ്ബി പദ്ധതിയിലൂടെ ലഭിച്ചിരിക്കുന്നത്. 35 കോടി രൂപ മുടക്കി നിർമാണം പൂർത്തിയാക്കിയ തൊടുപുഴ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു കഴിഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്തും വൻ കുതിപ്പിനുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്.

സർക്കാർ സ്കൂളുകളുടെ നവീകരണത്തിനും പുതിയെ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും നിരവധി പദ്ധതികളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഹൈറേഞ്ച് മേഖലയിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന രാജാക്കാട്, കുമളി, വണ്ടിപ്പെരിയാർ സർക്കാർ സ്കൂളുകളുടെ പുതിയ കെട്ടിടങ്ങളുടെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തി. 50 കോടി രൂപ ചെലവഴിച്ച് കെ പി തോമസ് മാഷ് മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം നെടുങ്കണ്ടം പച്ചടിയില്‍ പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി. രാമക്കല്‍മെട്ട്-കമ്പംമെട്ട്-വണ്ണപ്പുറം റോഡിന്റെ ആദ്യഘട്ടത്തിന് കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചിരിക്കുന്നത്. 73.20 കോടി രൂപയുടെ അനുമതിയാണ് ജില്ലയുടെ ഹൈറേഞ്ചിനെയും ലോറേഞ്ചിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയായുടെ ആദ്യഘട്ട നിര്‍മ്മാണത്തിന് ലഭിച്ചിരിക്കുന്നത്.

ഗതാഗതക്കുരുക്കിന് ഗുഡ്ബൈ

ഇടുങ്ങിയ റോഡുകളും ഗതാഗതക്കുരുക്കും വീര്‍പ്പുമുട്ടിക്കുന്ന തെക്കിന്റെ കശ്മീരായ മൂന്നാറില്‍ മേൽപ്പാലം (ഫ്ളൈ ഓവര്‍) വരുന്നു. കിഫ്ബിയിലൂടെ അനുവദിച്ച 45 കോടി രൂപ ഉപയോഗിച്ചാണ് ഫ്ളൈ ഓവര്‍ നിര്‍മിക്കുക. ഇതിനായുളള​ സാധ്യതാ പഠനം പൂര്‍ത്തിയാക്കി. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൂബീസ് സോഫ്റ്റ് ടെക് എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ മൂന്നാറിലെത്തി ഫ്ളൈ ഓവര്‍ കടന്നു പോകുന്ന സ്ഥലത്തിന്റെ അലൈന്‍മെന്റ്, തൂണുകള്‍ സ്ഥാപിക്കാനുള്ള പൈലിംഗ് നടത്തേണ്ട മണ്ണിന്റെ ഘടന പരിശോധിച്ചിരുന്നു. നിര്‍മാണത്തിന്റെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് സര്‍വേ നടത്താന്‍ സ്വകാര്യ കമ്പനിയെ നിയോഗിച്ചത്. സര്‍വേ റിപ്പോര്‍ട്ടു ലഭിച്ച ശേഷം ടെന്‍ഡര്‍ ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഇപ്പോള്‍ അധികൃതര്‍ ലക്ഷ്യമിടുന്നത്. 600 മീറ്റര്‍ നീളത്തില്‍ ദേശീയപാത 85‑ല്‍ ഉള്‍പ്പെടുന്ന പഴയ മൂന്നാര്‍ ബൈപാസ് പാലത്തില്‍ നിന്നാരംഭിച്ച് മാട്ടുപ്പെട്ടി റോഡിലെത്തിയശേഷം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്തുകൂടി ഉദുമല്‍പേട്ട റോഡിലെത്തുന്ന തരത്തിലാണ് നിര്‍ദിഷ്ട ഫ്ളൈ ഓവര്‍ നിര്‍മിക്കുക. ഫ്ളൈ ഓവര്‍ പൂര്‍ത്തിയാകുന്നതോടെ മാട്ടുപ്പെട്ടി, മറയൂര്‍, രാജമല തുടങ്ങി വിവിധ സ്ഥലങ്ങളിലേക്കു പോകുന്നവര്‍ക്കു ടൗണില്‍ പ്രവേശിക്കാതെ തന്നെ വിവിധ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ കടന്നു പോകാനാവും. ഇടുങ്ങിയ റോഡുകളും പാര്‍ക്കിങ് സൗകര്യത്തിന്റെ അഭാവവും വീര്‍പ്പുമുട്ടിക്കുന്ന മൂന്നാറില്‍ സഞ്ചാരികള്‍ക്കു ഗതാഗതക്കുരുക്കുമൂലം മണിക്കൂറുകളോളം വാഹനത്തില്‍ തന്നെ കഴിയേണ്ടി വരാറുമുണ്ട്.

മുഖം മിനുക്കി പീരുമേട്

കിഫ്ബി പദ്ധതിവന്നതോടെ വികസന കുതിപ്പിലാണ് പീരുമേട് നിയോജകമണ്ഡലം. മലയോര ഹൈവേ ഉൾപ്പെടെ നിരവധി പദ്ധതികളാണ് മണ്ഡലത്തിൽ കഴിഞ്ഞ നാലര വർഷമായി കിഫ്ബി പദ്ധതിയിലൂടെ നടന്നു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്നിരുന്ന മണ്ഡലത്തിലെ രണ്ട് സർക്കാർ സ്കൂളുകൾ ഹൈടെക്കായി ഉയർത്തുന്നതിന്റെ ഭാഗമായി പുതിയകെട്ടിടങ്ങളുടെ നിർമാണം പദ്ധതിയിൽ ഉൾപ്പെടുത്തി അവസാന ഘട്ടത്തിലാണ്. ആയിലത്തിലധികം കുട്ടികള‍് പഠിക്കുന്ന കുമളി ഗവ.ഹൈസ്കൂളിന്റെ കെട്ടിട നിർമാണം അവസാന ഘട്ടത്തിലാണ്. മൂന്നു കോടി രൂപ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിട നിർമാണം നടത്തുന്നത്.

അഞ്ച് കോടി രൂപ ചെലവഴിച്ച് വണ്ടിപ്പെരിയാർ ഗവ.ഹയർ സെക്കൻഡറിസ്കൂളിന്റെ നിർമാണ പ്രവര‍്ത്തനം അവസാന ഘട്ടത്തിലാണ്. 80 കോടി രൂപചെലവഴിച്ച് മലയോര ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്ന കുട്ടിക്കാനം- ചപ്പാത്ത് റോഡിന്റെ നിർമാണത്തിന്റെ സർവേ നടപടികൾ പൂർത്തിയായി. ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമാണം ഉടൻ ആരംഭിക്കും. രണ്ടാം ഘട്ടമായി ചപ്പാത്ത് പുളിയൻമല റോഡിന്റെ നിർമാണത്തിന് 83.53 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

13 കിലോമീറ്റർ വരുന്ന റോഡിന്റെ നിർമാണവും ഉടൻ ആരംഭിക്കും. 22 കിലോമീറ്റർ വരുന്ന ചോറ്റുപാറ ഉളുപ്പൂണി വട്ടപ്പതാൽ മലയിൽ പുതുവൽ, വെള്ളപ്പതാൽ റോഡിന്റെ നിർമാണവും കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.120 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. പീരുമേട് കോടതി സമുച്ചയത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറായികഴിഞ്ഞു.

അയ്യപ്പൻകോവിൽ കുടിവെള്ള പദ്ധതിയിൽ 3 പഞ്ചായത്തുകളിൽ സംപൂർണ്ണ കുടിവെള്ളം ലഭിക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയുടെയും പ്രാഥമിക നടപടികൾ ആരംഭിച്ചു. മണ്ഡ‍ലത്തിൽ വരുന്ന ടൂറിസം കേന്ദ്രങ്ങളായ തേക്കടി, വാഗമണ്‍, പരുന്തുംപാറ തുടങ്ങിയവയുടെ വികസനവുമായി ബന്ധപ്പെട്ടുള്ള പ്രോജക്ട് റിപ്പോർട്ടുകൾ കിഫ്ബിയിൽ സമർപ്പിച്ചിട്ടുണ്ട്. ഇ എസ് ബിജിമോൾ എംഎൽഎ പ്രത്യേക താല‍്പര്യമെടുത്താണ് മണ്ഡലത്തിലെ സമഗ്ര വികസനത്തിനായി പ്രോജക്ടുകൾ കിഫ്ബിയിൽ സമർപ്പിച്ചിരിക്കുന്നതും അംഗീകരിച്ച പദ്ധതികളുടെ പ്രവർത്തനം ധൃതഗതിയിൽ നടക്കുന്നതും.

ഗ്രാമീണ മേഖലയുടെ വികസനത്തിന് പുത്തനുണർവ്

ഇടുക്കി ജില്ലയുടെ മധ്യഭാഗത്തു കൂടി കടന്നുപോകുന്ന വണ്ണപ്പുറം– ചേലച്ചുവട്– രാമക്കൽമേട് റോഡ് നിർമാണത്തിന് കിഫ്ബിയുടെ അനുമതി. 97. 5 കിലോമീറ്റർ ദൈർഘ്യമുള്ള പാത 3 ഘട്ടങ്ങളിലായാണ് നിർമിക്കുന്നത്. 73. 20 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. വണ്ണപ്പുറത്തു നിന്ന് ആരംഭിച്ച് കഞ്ഞിക്കുഴി– ചേലച്ചുവട്– കരിമ്പൻ– മുരിക്കാശേരി– തോപ്രാംകുടി– എഴുകുംവയൽ–കല്ലാർ –തൂക്കുപാലം വഴി രാമക്കൽമേട്ടിൽ എത്തുന്ന പാതയാണ് ഇത്.

വണ്ണപ്പുറത്തെയും തമിഴ്നാടിന്റെ അതിർത്തി മേഖലയായ രാമക്കൽമേടിനെയും ബന്ധിപ്പിക്കുന്ന പാത ജില്ലയിലെ മധ്യ ഭാഗത്തെ ഗ്രാമീണ മേഖലയുടെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുന്നത് ആണ്. പുതിയ പദ്ധതി പ്രകാരം റോഡ് വീതികൂട്ടി ആധുനിക രീതിയിൽ റോഡ് നിർമിച്ചാൽ അത് ജില്ലയുടെ ഗ്രാമീണ മേഖലകളുടെ വികസനത്തിന് ആക്കം കൂട്ടും. മാത്രമല്ല തൊടുപുഴ മേഖലയിൽ നിന്ന് ഹൈറേഞ്ചിലെ പ്രധാന ടൗണുകളിലേക്ക് ഉള്ള യാത്ര എളുപ്പമാകും. ആദ്യഘട്ടത്തിൽ രാമക്കൽമേട്ടിൽ നിന്ന് ആരംഭിച്ച് 28. 1 കിലോമീറ്റർ നിർമാണം നടത്താനാണ് ലക്ഷ്യമിടുന്നത്.

7 മീറ്റർ വീതിയിൽ ടാറിങ് നടത്തി ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്താണ് റോഡ് നിർമിക്കുന്നത്. പ്രധാന കേന്ദ്രങ്ങളിൽ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും ആരംഭിക്കും. കമ്പംമെട്ട്-ശാന്തപുരം-ബാലപിള്ളസിറ്റി-ബംഗ്ലാദേശ് കോളനി-രാമക്കല്‍മേട്-തൂക്കുപാലം-കല്ലാര്‍-ചേമ്പളം-എഴുകുംവയല്‍ വരെയാണ് ആദ്യഘട്ടം. തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായി എഴുകുംവയല്‍-ശാന്തിഗ്രാം-ഇടിഞ്ഞമല-തങ്കമണി-കൊച്ചുകരിമ്പന്‍-ചുരുളി-കഞ്ഞിക്കുഴി-വെണ്‍മണി-വെള്ളക്കയം-കോട്ടപ്പാറ‑വണ്ണപ്പുറം എത്തും.

തൊടുപുഴയ്ക്ക് ഇനി എല്ലാ ദിവസവും കുടിവെള്ളം

നഗരസഭയിലെ മുഴുവന്‍ പ്രദേശത്തും എല്ലാ ദിവസവും ശുദ്ധജലം ലഭിക്കുന്ന രണ്ടാം ഘട്ട പദ്ധതിയുടെ നിര്‍മാണം പൂർത്തിയായി. കിഫ്ബിയിൽ ഉള്‍പ്പെടിത്തി 34 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. നഗരസഭാ പ്രദേശത്ത് ഇപ്പോള്‍ പുഴയ്ക്ക് ഇരുവശത്തുമായി ഒന്നിടവിട്ട ദിവസങ്ങളിലാണ് വെള്ളം ലഭിച്ചിരുന്നത്. ഇതിന് പരിഹാരമായിട്ടാണ് പദ്ധതി എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയത്. നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ സുഗമമായി ശുദ്ധജല വിതരണം സാധിച്ചിരുന്നില്ല. ഇതിനും പരിഹാരമായി. പട്ടാണിക്കുന്നില്‍ 11 ലക്ഷവും ബംഗ്ലാംകുന്നില്‍ 15 ലക്ഷവും കൊന്നയ്ക്കാമലയില്‍ ആറു ലക്ഷവും ഉറവപ്പാറയില്‍ ഒരു ലക്ഷം ലിറ്ററും ശേഷിയുളള പുതിയ ടാങ്കുകളാണ് നിർമ്മിച്ചിരിക്കുന്നത്.

കാരൂപ്പാറ ടാങ്കും പദ്ധതിയുടെ ഭാഗമായി ഉപയോഗപ്പെടുത്തുന്നുണ്ട്. നിലവിലുള്ള 12 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റിനോട് ചേര്‍ന്ന് പുതതായി 15 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള മറ്റൊരു ട്രീറ്റ്മെന്റ് പ്ലാന്റ് കൂടി നിര്‍മിച്ചാണ് പദ്ധതി പൂർത്തീകരിച്ചിരിക്കുന്നത്. തൊടുപുഴയാറ്റില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്ന 125 എച്ച് പി മോട്ടോറിനു പുറമേ 380 എച്ച് പിയുടെ പുതിയ മോട്ടോര്‍ സ്ഥാപിച്ചു. അവിടെ നിന്ന് പട്ടാണിക്കുന്നിലെ ശുദ്ധീകരണ പ്ലാന്റിലേയ്ക്ക് വെള്ളം കൊണ്ടു പോകുന്ന പഴക്കം ചെന്ന 400 എം എം പൈപ്പിനു പകരം പുതിയ 600 എം എം പൈപ്പ് ലൈന്‍ സ്ഥാപിച്ചു. പുതുതായി നിര്‍മിച്ച നാല് ടാങ്കിലേയ്ക്കും കാരൂപ്പാറയിലേയ്ക്കും പട്ടാണിക്കുന്നില്‍ നിന്നും 18 കിലോമീറ്റര്‍ പമ്പിംങ് മെയിന്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടെ നിന്ന് ഓരോ പ്രദേശത്തേയ്ക്കും മാറ്റി സ്ഥാപിച്ച 66 കിലോമീറ്റര്‍ പൈപ്പുകളിലൂടെ വെള്ളം വിതരണം ചെയ്യും.

കൊന്നയ്ക്കാമല ടാങ്കില്‍ നിന്ന് കോലാനി, പാറക്കടവ് പ്രദേശങ്ങളിലേയ്ക്കും ഉറവപ്പാറ ടാങ്കില്‍ നിന്നും ഒളമറ്റം ഭാഗത്തേയ്ക്കും ബംഗ്ലാംകുന്ന് ടാങ്കില്‍ നിന്നും മുതലക്കോടം, കീരികോട്, കുമ്പംങ്കല്ല്, കാഞ്ഞിരമറ്റം മേഖലകളിലേയ്ക്കും കാരൂപ്പാറ ടാങ്കില്‍ നിന്നും പട്ടയംകവല, കാരൂപ്പാറ, പഴുക്കാകുളം ഭാഗത്തേയ്ക്കും പട്ടാണിക്കുന്നില്‍ നിന്നും നിന്നും വെങ്ങല്ലൂര്‍, ആനക്കൂട് മേഖലകളിലേയ്ക്കും കോലാനി, ചുങ്കം, മണക്കാട്, കോതായിക്കുന്ന്, തെനങ്കുന്ന്, തച്ചേട്ട് പുഴയ്ക്ക് പടിഞ്ഞാറു ഭാഗങ്ങളിലേയ്ക്കും വെള്ളം വിതരണം ചെയ്യുന്നത്.

കായിക കുതിപ്പിന് കരുത്ത് പകരുവാൻ

അന്താരാഷ്ട്ര നിലവാരത്തിലുള്ള നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലേയ്ക്ക്. 9. 5 കോടി രൂപ നിര്‍മ്മാണ ചിലവ് വരുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന് വരുന്നത്. ഇതിന്റെ ഭാഗമായി ട്രെയ്നേജിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചു. ഇനി പുല്‍തകിടി വെച്ചുപിടിപ്പിക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് നടന്ന് വരുന്നത്. 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് നിർമ്മിക്കുവാന്‍ അഞ്ച് കോടി രൂപ ചിലവ് വരും. 4. 9 കോടി രൂപ ഉപയോഗിച്ച് മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മികച്ച നിലവാരത്തിലാള്ള ഫുട്ട്ബോള്‍ കോര്‍ട്ടിന്റെ നിര്‍മ്മാണവും ഇതിനോട് അനുബന്ധിച്ച് നടക്കും. വസ്ത്രം മാറുന്നതിനുള്ള പ്രത്യേക മുറി, ആവശ്യമായ വെള്ള സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയും പവലിയന്റെ നവീകരണം, പാര്‍ക്കിംഗ് സൗകര്യം തുടങ്ങി വിവിധ നിര്‍മ്മാണങ്ങളും നടക്കും.

വി എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് നെടുങ്കണ്ടത്തിന് സ്റ്റേഡിയം അനുവദിക്കുന്നത്. നാല് കോടി രൂപ അനുവദിച്ച് പണി ആരംഭിച്ചെങ്കിലും പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ യാതൊന്നും നല്‍കിയില്ല. പിന്നീട് വന്ന പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍ഡിഎഫ് സര്‍ക്കാരാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കോഡുകൂടിയ സ്റ്റേഡിയമാക്കി മാറ്റുവാന്‍ നടപടി സ്വീകരിച്ചത്. അത്ലറ്റിക്സിനായുള്ള ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയം ആയതിനാല്‍ മികച്ച നിലവാരത്തില്‍ സ്റ്റേഡിയം പൂര്‍ത്തിയാവുന്നതോടെ ദേശീയ താരങ്ങള്‍ക്ക് വരെ ഇവിടെ പരിശീലനത്തിന് സൗകര്യം ഒരുക്കാനാവും.

ഒപ്പം കായിക മേളകള്‍ക്ക് ആതിഥ്യം വഹിയ്ക്കാനും സാധിയ്ക്കും. സ്റ്റേഡിയം പൂർത്തിയാകുന്നതോടെ പതിറ്റാണ്ടുകളായിട്ടുള്ള ഇടുക്കി ജില്ലക്കാരുടെ സ്വപ്നമാണ് പൂവണിയാൻ പോകുന്നത്. നിരവധി സംസ്ഥാന ദേശീയ അന്താരാഷ്ട്ര താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്ത ഇടുക്കിജില്ലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു സിന്തറ്റിക് ട്രാക് സ്റ്റേഡിയം ഇല്ലാത്തത് കായിക കുതിപ്പിന് തടസമായി മാറിയിരുന്നു. മറ്റ് ജില്ലകളെ ആശ്രയിച്ചാണ് കായിക താരങ്ങൾ പരിശീലനങ്ങൾ നടത്തിയിരുന്നത്. ഇതിനെല്ലാം സ്റ്റേഡിയം വരുന്നതോടെ പരിഹാരമാകുകയാണ്. മണ്ഡലം എംഎൽഎയായ എംഎം മണിയുടെ പ്രത്യേക താൽപര്യ പ്രകാരമാണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഡിയം നിർമാണം പുരോഗമിക്കുന്നത്. നെടുങ്കണ്ടം സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടെ ഇടുക്കിയുടെ കായിക കുതിപ്പിന് കൂടുതല്‍ വേഗം കൈവരിയ്ക്കുമെന്നാണ് പ്രതീക്ഷ.

Eng­lish sum­ma­ry; kiifb iduk­ki updation

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.