Web Desk

തിരുവനന്തപുരം:

March 20, 2021, 4:10 am

വീണ്ടും കേന്ദ്ര ഏജൻസിയുടെ കടന്നുകയറ്റം, കിഎഫ്ബിയിൽ നിന്ന് വിശദീകരണം തേടി ആദായ നികുതി വകുപ്പ്

Janayugom Online

സംസ്ഥാനത്തിന്റെ വികസന പദ്ധതികൾക്ക് മേൽ കടന്ന് കയറാനുള്ള കേന്ദ്ര ഏജൻസികളുടെ നീക്കം തുടരുന്നു. ഇഡി ക്ക് പിന്നാലെ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡി (കിഫ്ബി)ൽനിന്ന് വിശദീകരണം തേടി ആദായനികുതി വകുപ്പാണ് രംഗത്തെത്തിയിരിക്കുന്നത്. കിഫ്ബിയുടെ നിർവഹണ ഏജൻസിയായ കൈറ്റിന് നോട്ടീസ് നൽകിയിട്ടുണ്ട്.

കരാറുകാർക്കു പണം നൽകിയതിന്റെ വിശദാംശങ്ങളും ഓരോ പദ്ധതിയുടെയും നികുതി വിവരങ്ങൾ പ്രത്യേകവും സമർപ്പിക്കണമെന്ന് തിരുവനന്തപുരം അഡീഷണൽ ഇൻകം ടാക്സ് കമ്മിഷണർ നൽകിയ നോട്ടീസിൽ പറയുന്നു. പ്രത്യേകോദ്ദ്യേശ സ്ഥാപനങ്ങൾ (എസ്പിവി) അഞ്ചുവർഷത്തിനടിയിൽ ഏറ്റെടുത്ത കിഫ്ബി പദ്ധതികൾ, ഈ സ്ഥാപനങ്ങൾ കിഫ്ബി പദ്ധതികളുടെ കരാറുകാർക്ക് പണം നൽകുന്ന രീതികൾ, അഞ്ച് വർഷത്തിനടിയിൽ എസ്പിവികൾക്കും മറ്റു കരാറുകാർക്കും കിഫ്ബി കൈമാറിയ പണം, ആദായ നികുതി ശേഖരിച്ചതിന്റെ വിശദാംശങ്ങൾ, കിഫ്ബിയുടേതല്ലാത്ത പദ്ധതികൾ ഏറ്റെടുത്തതിന്റെ വിശദാംശങ്ങൾ തുടങ്ങിയവ ലഭ്യമാക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

കിഫ്ബിയ്ക്കെതിരായ ഇഡി നീക്കം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആർബിഐയുടെയും സെബിയുടേയും അംഗീകാരത്തോടെയാണ് വിദേശ നിക്ഷേപം സ്വീകരിച്ചതെന്ന് കിഫ്ബി ഇഡിയെ അറിയിച്ചിരുന്നു. ഉയർന്ന ഉദ്യോഗസ്ഥർ മൊഴി നൽകാൻ ചെല്ലണമെന്ന ആവശ്യവും നിരസിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ നീക്കം. കിഫ്ബി പശ്ചാത്തല സൗകര്യവികസന പദ്ധതികൾ നടപ്പാക്കുന്നതെല്ലാം സർക്കാരിന്റെ എസ്പിവികളാണ്. ഇവയിലേക്കും കടന്നുകയറാനുള്ള നീക്കമാണ് കേന്ദ്ര ഏജൻസിയായ ആദായ നികുതി വകുപ്പ് നടത്തിയിരിക്കുന്നത്.

ENGLISH SUMMARY: KIIFB INCOME TAX RAID

YOU MAY ALSO LIKE THIS VIDEO