Web Desk

കാസര്‍കോട്‌

September 22, 2020, 3:21 pm

കിഫ്ബി ഒരുക്കുന്നത് വന്‍ പദ്ധതികള്‍; കിഫ്ബിയിലൂടെ മുഖച്ഛായ മാറ്റി കാസര്‍കോട് ജില്ല

Janayugom Online

വികസന പാതയില്‍ പുതിയ കാല്‍വെപ്പുകളുമായി മുന്നോട്ടു കുതിക്കുന്ന കാസര്‍കോട് ജില്ലയ്ക്ക് വേണ്ടി കിഫ്ബി സമ്മാനിച്ചത് വന്‍വികസന പദ്ധതികള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റോഡുകള്‍, സ്റ്റേഡിയം, മേല്‍ പാലങ്ങള്‍, കെട്ടിടങ്ങള്‍, മലയോര ഹൈവേ, തീരദേശ റോഡുകള്‍, റെയില്‍വേ ഓവര്‍ ബ്രിഡ്ജ് തുടങ്ങി നിരവധി പദ്ധതികളാണ് കിഫ്ബി പദ്ധതിയിലൂടെ ജില്ലയില്‍ യാഥാര്‍ത്ഥ്യമാവുക. അംഗീകാരം നല്‍കിയതും പരിഗണനയില്‍ ഇരിക്കുന്നതുമായി 2500 ഓളം കോടി രൂപയുടെ പദ്ധതികളാണ് കാസര്‍കോടിന്റെ മുഖച്ഛായ മാറ്റാന്‍ കിഫ്ബി വകിയിരുത്തിയിരിക്കുന്നത്. 

കാഞ്ഞങ്ങാട് മണ്ഡലത്തില്‍ അംഗീകാരം ലഭിച്ച 35 പദ്ധതികളും പരിഗണനയിലിരിക്കുന്ന മൂന്ന് പദ്ധതികളുമാണുള്ളത്. 864 കോടി രൂപയുടെ പ്രവര്‍ത്തനം കിഫ്ബിയുടേതായി മണ്ഡലത്തില്‍ നടന്നുവരുന്നു. 130. 70 കോടിരൂപ പരിഗണനയിലുള്ള പദ്ധതികള്‍ക്കായി പ്രതീക്ഷിക്കുന്ന ചിലവാണ്. കാഞ്ഞങ്ങാട് ഫ്ളൈ ഓവര്‍ 400കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 60 കോടിയുടെ ഭരണാനുമതിയാണ് ഇതുവരെയായി ലഭിച്ചിരിക്കുന്നത്. മണ്ഡലത്തിന്റെ മുഖഛായ മാറ്റി മലയോര ഹൈവേയും, തീരദേശ ഹൈവേയും യാഥാര്‍ത്ഥ്യമായി വരുന്നു. കുശാല്‍ നഗര്‍ മേല്‍പാലത്തിന്റെ വിശദപഠന റിപ്പോര്‍ട്ടും പൂര്‍ത്തിയായി കഴിഞ്ഞു. പൊതു വിദ്യാഭ്യാസ മേഖലയിലാണ് വലിയ മുന്നേറ്റം. അഞ്ച് കോടി രൂപയില്‍ ജി എച്ച് എസ് എസ് കക്കാട്ട് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. മൂന്ന് കോടി രൂപചിലവില്‍ 6 സ്കൂളുകളുടെയും ഒരു കോടി രൂപയില്‍ 12 സ്കൂളുകളുടെയും നവീകരണം നടക്കുന്നു. കൂടാതെ വെള്ളച്ചാലില്‍ എസ്സി എസ്. ടി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഹോസ്റ്റല്‍ കെട്ടിടവും പുരോഗമിക്കുന്നു. 

36.2കോടി രൂപ ചിലവില്‍ ടി എസ് സുബ്രഹ്മണ്യന്‍ തിരുമുന്‍പ് സ്മാരക കള്‍ച്ചറല്‍ കോംപ്ലക്സ് നിര്‍മ്മാണം ആരംഭിച്ചു കഴിഞ്ഞു. മലയോര ഹൈവേയുടെ ഭാഗമായ കോളിച്ചാല്‍ ചെറുപുഴ റോഡ്, കോളിച്ചാല്‍എടപ്പറമ്പ റോഡ് എന്നിവയുടെ പണി തുടങ്ങി കഴിഞ്ഞു. കാഞ്ഞിരോട് മുതല്‍ മൈലാട്ടിവരെ നടപ്പാക്കുന്ന വൈദ്യുതി പദ്ധതിയായ കോലത്ത് നാട് ലൈന്‍ പാക്കേജും പണി ആരംഭിച്ചു കഴിഞ്ഞു. വെള്ളരിക്കുണ്ട് മിനി സിവില്‍സ്റ്റേഷനും (11. 79കോടി)പണി പുരോഗമിക്കുകയാണ്. ഹോസ്ദുര്‍ഗ് പാണത്തൂര്‍ റോഡും (74. 7കോടി) ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 22 കി. മീറ്റര്‍ ദൈര്‍ഘ്യമുള്ള നീലേശ്വരംഎടത്തോട് റോഡ് 42. 10 കോടി മുടക്കി പൂര്‍ണ്ണമായും മെക്കാഡം ടാര്‍ ചെയ്യുന്നതോടെ കിഴക്കന്‍ മലയോര മേഖലകളിലേക്കുള്ള പ്രധാന റോഡുകളെല്ലാം ആധുനിക പാതകളായി മാറുന്നു. കിളിയളം പാലം ഉള്‍പ്പടെയുള്ള കിളിയളംവരഞ്ഞൂര്‍ റോഡ് 28. 17 കോടി മുടക്കി അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിച്ചു കഴിഞ്ഞു. മേക്കാട്ട് എരിക്കുളം റോഡ് എസ്റ്റിമേറ്റ് സമര്‍പ്പിച്ചു. കിഫ്ബി യുടെ അംഗീകാരം കാത്ത് കിടക്കുന്നു. 

21 കോടി രൂപ ചെലവില്‍ ഒടയംചാലില്‍ നിന്നും എടത്തോട് വരെയും വെള്ളരിക്കുണ്ട് മുതല്‍ ഭീമനടി വരെയുമുള്ള റീച്ചുകള്‍ മെക്കാഡം ടാര്‍ ചെയ്യുന്നതിനുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായി ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കുന്നു. പടന്നക്കാട് മേല്‍പ്പാലം, വെള്ളരിക്കുണ്ട് റോഡ്(86 കോടി), റാക്കോല്‍ എണ്ണപ്പാറ റോഡ്(40 കോടി), മേക്കാട്ട്എരിക്കുളം റോഡ്(15 കോടി) എന്നിവ വന്‍കിട പദ്ധതികളാണ്. കാരാക്കോട്, പുളിക്കാല്‍, ആനപ്പെട്ടി എന്നിവിടങ്ങളിലെ പാലങ്ങളുടെ നിര്‍മാണം കിഫ്ബി പദ്ധതികളില്‍ ഉള്‍പ്പെടുന്നു. വള്ളിക്കടവ് പാലം (29 കോടി), കാഞ്ഞങ്ങാട് കുശാല്‍നഗര്‍ റെയില്‍വേ മേല്‍പാലം (38 കോടി). നിര്‍മ്മാണം ആരംഭിച്ചിരിക്കുകയാണ്. ഉദുമ മണ്ഡലത്തില്‍ കിഫ്ബിയിലൂടെ നിരവധി പദ്ധതികളാണ് പുരോഗമിക്കുന്നത്. ഉദുമ മണ്ഡലത്തിലെ പ്രധാന കഫ്ബി പദ്ധതി തെക്കില്‍ ആലട്ടി റോഡാണ്. 71. 50 കോടി രൂപ ചെലവിട്ടുള്ള ചെമ്മനാട്, ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 34 കിലോമീറ്റര്‍ റോഡിന്റെ പണി 70 ശതമാനം പൂര്‍ത്തിയായി. നൂറ് പെണ്‍കുട്ടികള്‍ക്ക് താമസ സൗകര്യം ഉറപ്പാക്കുന്ന ബേഡഡുക്ക പ്രീമെട്രിക ഹോസ്റ്റലിന്റേയും കുറ്റിക്കോല്‍ ആണ്‍കുട്ടികള്‍ക്കായുള്ള പ്രീമെട്രിക്ക് ഹോസ്റ്റലിന്റേയും നിര്‍മ്മാണ പ്രവര്‍ത്തി നടന്നുവരികയാണ്. ഇത് രണ്ടും 70 ശതമാനം നിര്‍മ്മാണവും പൂര്‍ത്തിയായി. കോട്ടിക്കുളം റെയില്‍വേ മേല്‍പ്പാലത്തിനും(20കോടി) കിഫ്ബി പണം നീക്കിവെച്ചിട്ടുണ്ട്. 

റെയില്‍വേയുടെ അംഗീകാരം കിട്ടാന്‍ വൈകുന്നതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതില്‍ തടസ്സം ചൊട്ടപാലത്തിനും(15കോടി) കിഫ്ബി പണം നീക്കിവെച്ചിട്ടുണ്ട്. ബോവിക്കാനംകാനത്തൂര്‍എരിഞ്ഞിപ്പുഴ റോഡ് നവീകരണത്തിന് കിഫ്ബി 54. 20 കോടിരൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. ഉദുമ റെയില്‍വേ ഓവര്‍ ബ്രിഡ്ജ്(20കോടി)പദ്ധതിക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഉദുമ സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്. ചട്ടഞ്ചാല്‍ സബ് ട്രഷറി കെട്ടിട(ഒന്നരകോടി) നിര്‍മ്മാണം ആരംഭിച്ചു. കാസര്‍കോട് മുനിസിപ്പാലിറ്റി, ചെമ്മനാട് പഞ്ചായത്ത് കുടിവെള്ള പദ്ധതി (76 കോടി), എന്നിവയും ആരംഭിച്ചു കഴിഞ്ഞു. ഉദുമ ഗവ. കോളേജ്(7. 75 കോടി) എന്നിവ കിഫ്ബി മുഖേന ഉദുമ മണ്ഡലത്തില്‍ നടപ്പാക്കുന്നു. മണ്ഡലത്തിലെ സ്കൂളുടെ നവീകരണത്തിന് ജി. എച്ച്. എസ്. എസ്. പെരിയ(5കോടി), നാല് സ്കൂളുകള്‍ മൂന്ന് കോടി രൂപയും 19 സ്കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം നവീകരണത്തിന് അനുവദിച്ചിരിക്കുകയാണ്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 889. 62 കോടി രൂപയുടെ 18 പദ്ധതികളാണ് കിഫ്ബിയുടെ നേതൃത്വത്തില്‍നടപ്പാക്കുന്നത്. കൂടാതെ 57. 21 കോടി രൂപയുടെ രണ്ട് പദ്ധതികള്‍ കിഫ്ബിയുടെ പരിഗണനയിലുണ്ട്. 

നാലു പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെറുവത്തൂര്‍ ചീമേനി പാലാവയല്‍ ചിറ്റാരിക്കാല്‍ മുക്കട റോഡ് 98 കോടി രൂപ ചെലവിലുള്ളതാണ്. കയ്യൂര്‍ ചെമ്പ്രകാനം കരിവെള്ളൂര്‍പാലക്കുന്ന്റോഡ് (36 കോടി) പണി പൂര്‍ത്തിയായി വരുന്നു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന നീലേശ്വരം എടത്തോട് റോഡ്(43 കോടി) നിര്‍മാണം തുടങ്ങി. തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചീമേനി കാങ്കോല്‍ റോഡ്(23 കോടി) നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായി. കച്ചേരിക്കടവ് പാലവും നീലേശ്വരം രാജ റോഡ് വികസനവും (40 കോടി), രാമഞ്ചിറ പാലം(24 കോടി), നടക്കാവില്‍ ജില്ലാതല ഇന്‍ഡോര്‍ സ്റ്റേഡിയം (36 കോടി), ബീരിച്ചേരി റെയില്‍വേ മേല്‍പ്പാലം (40. 6 കോടി), നടക്കാവ് എടച്ചാക്കൈ റോഡില്‍ ഉദിനൂര്‍ റെയില്‍വേ മേല്‍പ്പാലം (38. 68 കോടി), വെള്ളാപ്പ് റെയില്‍വേ മേല്‍പ്പാലം (20 കോടി) എന്നിവ മണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രധാന പദ്ധതികളാണ്. ഭീമനടി കാലിക്കടവ് പാലം (10കോടി), പുങ്ങംചാല്‍ കില്‍ട്ടക്കയം പാലം (10 കോടി), ക്ലായിക്കോടിനെയും ചെറുവത്തൂരിനെയും ബന്ധിപ്പിക്കുന്ന രാമഞ്ചിറ പാലത്തിനും അപ്രോച്ച് റോഡിനും 16. 8 കോടിയുടെയും പദ്ധതികള്‍ നിര്‍മ്മിണംഅന്തിമഘട്ടത്തിലാണ്. മണ്ഡലത്തില്‍ 18 സ്കൂളുകളുടെ വികസനത്തിനായി 40. 6 കോടി രൂപ ചെലവിടും. പ്രവൃത്തി പുരോഗമിക്കുന്നു. പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അന്തരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള അഞ്ചു കോടി രൂപയുടെ പദ്ധതി 50 ശതമാനം പൂര്‍ത്തിയായി.

എളേരിത്തട്ട് ഇ കെ നയനാര്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ 6. 38 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കിഫ്ബി അനുമതി ലഭിച്ചത്. കയ്യൂര്‍ ഇ. കെ നയനാര്‍ മെമ്മോറിയല്‍ ഐ. ടി. ഐക്ക് 4. 23 കോടിരൂപയുടെ പ്രവര്‍ത്തനാനുമതിയായി. നിര്‍മ്മാണ പ്രവര്‍ത്തി പുരോഗമിക്കുന്ന തൃക്കരിപ്പൂര്‍ സബ് രജിസ്റ്റര്‍ ഓഫീസിന്റെ ബഹുനില കെട്ടിടത്തിന് ഒരു കോടി പത്ത് ലക്ഷം രൂപയാണ്അനുവദിച്ചത്. 36 കോടി ചിലവഴിച്ച് തൃക്കരിപ്പൂര്‍ നടക്കാവില്‍ മള്‍ട്ടി പര്‍പ്പസ് സ്റ്റേഡിയം അന്തിമഘട്ടത്തിലാണ്. കൂടാതെ പടന്ന പ്രാഥമിക ആര്യോഗ കേന്ദ്രത്തിന്റെ നവീകരണത്തിന് രണ്ട്കോടി രൂപയും, തൃക്കരിപ്പൂര്‍ സമ്പ് ട്രഷറിയുടെ നവീകരണത്തിനായി 85 ലക്ഷം രൂപയും കിഫ്ബി പദ്ധതിയില്‍ അംഗീകാരം നേടിയവയാണ്. കൂടാതെ ദേശീയ പാതയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി നടുങ്ങണ്ട വളവ് കച്ചേരി കടവ് പാലം 16. 8 കോടിയുടെയും, നീലേശ്വരം രാജാ റോഡ് വികസനത്തിന് 18 കോടി ഉള്‍പ്പെടെ 725 കോടികളുടെ വികസന പ്രവര്‍ത്തനങ്ങളാണ് കിഫ്ബി പദ്ധതിയിലൂടെ ലഭിച്ചത്. മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 162 കോടിയുടെഒരു പദ്ധതി കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അത് അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ്. കാസര്‍കോട് മണ്ഡലത്തില്‍ കിഫ്ബി അംഗീകരിച്ച 400 കോടിയിലധികം രൂപയുടെ നിരവധി പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു വരുന്നത്. 

കാസര്‍കോട് മണ്ഡലത്തില്‍ ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജ് വഴിയുള്ള കല്ലടുക്ക ചെര്‍ക്കള റോഡ്(39. 76 കോടി) പണി തുടങ്ങി. ബദിയടുക്കഏത്തടുക്ക സുള്ള്യപദവ്റോഡ് (55 കോടി)നിര്‍മ്മാണം ആരംഭിച്ചു. നെക്രംപാറ അര്‍ളടുക്ക പുണ്ടൂര്‍ നാരമ്പാടി ഏത്തടുക്ക റോഡ് (15 കോടി) പദ്ധതിയുടെ നടപടി പുരോഗമിക്കുന്നു. തളങ്കര ഗവ. മുസ്ലിം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അന്തരാരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ അഞ്ചു കോടി അനുവദിച്ചതിലും ചെര്‍ക്കള ഗവ. ഹയര്‍സെക്കന്‍ഡറി സ്�കൂളിന് മൂന്നു കോടി അനുവദിച്ചതിലും പ്രവൃത്തി പൂര്‍ത്തിയായി. അഞ്ച് സ്കൂളുകള്‍ക്ക് മൂന്ന് കോടി രൂപയും 11 സ്കൂളുകള്‍ക്ക് ഒരു കോടി രൂപ വീതവും അനുവദിച്ചു. ബദിയടുക്ക ഓടങ്കല്‍ പാലം നിര്‍മാണം(12 കോടി) കിഫ്ബി പദ്ധതിയിലുണ്ട്. കാസര്‍കോട് മുനിസിപ്പാലിറ്റി, ചെമ്മനാട് പഞ്ചായത്ത് കുടിവെള്ള പദ്ധതി(76 കോടി), കാസര്‍കോട് നഗരത്തിലെയും മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെയും ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജിന് 9. 31 കോടി രൂപ കിഫ്ബി അനുവദിച്ചു കഴിഞ്ഞു. കര്‍ണാടക അതിര്‍ത്തിയായ മഞ്ചേശ്വരം മണ്ഡലത്തില്‍ 300 കോടിയിലധികം രൂപയുടെ പദ്ധതികളാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ നടന്നുവരുന്നത്. കല്ലടുക്ക പെര്‍ള ഉക്കിനടുക്ക റോഡ്(27. 39 കോടി) നിര്‍മാണം തുടങ്ങി. 80 ശതമാനം ജോലികളും പൂര്‍ത്തിയായി. മലയോര ഹൈവേയില്‍ നന്ദാരപദവ്ചേവാര്‍ റീച്ചില്‍(54. 76 കോടി) റോഡ് പണി പൂര്‍ത്തിയായി വരുന്നു. 

ചേവാര്‍ ഇടപ്പറമ്പ് റീച്ചിന്(74. 04 കോടി) ഭരണാനുമതിയായി. ലാല്‍ബാഗ് മാസ്കുമാരി കുരുഡപദവ് റോഡ്(29 കോടി), മഞ്ചേശ്വരം ഫിഷിംഗ് ഹാര്‍ബറിന്റെ തെക്ക് ബീച്ചിന്റെ ഭാഗം സ്ഥിരപ്പെടുത്തല്‍ 13. 47 കോടി(നിര്‍മ്മാണ ജോലി പുരോഗമിക്കുന്നു), മഞ്ചേശ്വരം ആര്‍ഒബി നിര്‍മ്മാണം 40. 40കോടി(അനുവാദം നല്‍കി), ഹൊസങ്കടി ആര്‍ഒബി നിര്‍മ്മാണം 40. 64 കോടി(സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു), കുളൂര്‍ കിനാല വലിയ പാലം(15 കോടി) എന്നീ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗോവിന്ദപൈ ഗവണ്‍മെന്റ് കോളേജിന് 7. 42 കോടി രൂപ അനുവദിച്ചു. വിദ്യാഭ്യാസ രംഗത്ത് മൊഗ്രാല്‍ ഗവ. എച്ച്എസ്എസിന് അഞ്ച് കോടി രൂപയും മൂന്ന് സ്കൂളുകള്‍ക്ക് മൂന്ന് കോടി രൂപ വീതവും ഒമ്പത് സ്കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കിഫ്ബിയുടെ നേതൃത്വത്തില്‍ വിവിധ പ്രവൃത്തികള്‍ പുരോഗമിക്കുന്നത് ജില്ലയുടെ സ്വപ്ന പദ്ധതികളാണ്. പ്രവൃത്തി ആരംഭിച്ചതും നടന്നുകൊണ്ടിരിക്കുന്നതും പൂര്‍ത്തീകരിച്ചതുമായ മുഴുവന്‍ നിര്‍മിതികളും കിഫ്ബിയുടെ മേല്‍നോട്ടത്തില്‍ വിലയിരുത്തുന്നുണ്ട്. ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കെട്ടിടങ്ങളും റോഡുകളും പൊളിച്ചു നോക്കാതെ തന്നെ നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരവും കെട്ടിടത്തിന്റേയും റോഡിന്റേയും ബലവും അളന്ന് തിട്ടപ്പെടുത്തുന്ന ലാബ് വഴിയാണ് കിഫ്ബി ഗുണനിലവാരം ഉറപ്പാക്കുന്നത്. 

ENGLISH SUMMARY:KIIFB kasar­god changes a lots